ന്യൂഡൽഹി: രാജ്യത്തുടനീളം ഒരു പ്രശ്‌നവുമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമ പശ്ചിമ ബംഗാളിൽ നിരോധിച്ചതിന് പിന്നിലെ യുക്തി എന്താണെന്ന് ആരാഞ്ഞ് സുപ്രീം കോടതി. “എന്തുകൊണ്ട് പശ്ചിമ ബംഗാൾ സിനിമ നിരോധിക്കണം? സമാനമായ ജനസംഖ്യാ ഘടനയുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത് പ്രദർശിപ്പിക്കുന്നുണ്ട്, ഒന്നും സംഭവിച്ചിട്ടില്ല” ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ ബെഞ്ച് നിരീക്ഷിച്ചു. ചിത്രം നിരോധിച്ചതിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസും ജസ്റ്റിസ് പി എസ് നരസിംഹയും ഉൾപ്പെട്ട ബെഞ്ച് പശ്ചിമ ബംഗാളിനും തമിഴ്‌നാടിനും നോട്ടീസ് അയച്ചു.
തമിഴ്‌നാട്ടിൽ സിനിമ നിരോധിച്ചിട്ടില്ലെങ്കിലും, ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ സിനിമ പ്രദർശിപ്പിക്കേണ്ടെന്ന് തീയേറ്റർ ഉടമകൾ തീരുമാനിച്ചു, ഇത് സിനിമ നിരോധിച്ചതിന് സമാനമാണെന്ന് നിർമാതാക്കൾ ആരോപിച്ചിരുന്നു.
പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി, ക്രമസമാധാന പ്രശ്‌നമുണ്ടായേക്കാമെന്ന് വാദിച്ചു. ഇന്‍റലിജൻസ് ഏജൻസികൾ നൽകിയ റിപ്പോർട്ട് മുൻനിർത്തിയായിരുന്നു അഭിഷേക് സിംഗ്‌വിയുടെ വാദം.
തമിഴ്‌നാട്ടിൽ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് ഏർപ്പെടുത്തിയ സുരക്ഷയെ കുറിച്ചും കോടതി ആരാഞ്ഞു. കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി.
കേരളത്തിലെ 32,000 സ്ത്രീകളെ നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിക്കുകയും അവർ ഐഎസിൽ ചേരുകയും ചെയ്തുവെന്നുമുള്ള സിനിമയിലെ ട്രെയിലറിലേത് തെറ്റായ അവകാശവാദമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
‘ദി കേരള സ്റ്റോറി’ നിരോധിച്ച ആദ്യ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. സംസ്ഥാനത്ത് ക്രമസമാധാനപാലനത്തിനായി വിദ്വേഷമോ അക്രമമോ ഉണ്ടാകാതിരിക്കാൻ സിനിമയുടെ പ്രദർശനം നിരോധിച്ചതായി തിങ്കളാഴ്ചത്തെ വിജ്ഞാപനത്തിൽ സർക്കാർ അറിയിച്ചു.
ഓരോ ദിവസവും തങ്ങൾക്ക് പണം നഷ്‌ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിർമ്മാതാക്കൾ ബംഗാളിൽ സിനിമ നിരോധിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേരളത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളെ അപമാനിക്കാനുമാണ് സിനിമ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.
Also Read- യുപിയിൽ ‘കേരള സ്റ്റോറി’ കാണാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും
വിപുൽ ഷാ നിർമ്മിച്ച ‘ദ കേരള സ്റ്റോറി’, ഒരു കൂട്ടം സ്ത്രീകളെ ഇസ്‌ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാക്കി ഐസിസ് ഭീകരസംഘം റിക്രൂട്ട് ചെയ്തതെങ്ങനെയെന്നതാണ് പ്രമേയം.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചിത്രത്തിന് തടസ്സങ്ങൾ നേരിട്ടപ്പോൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സിനിമയ്ക്ക് നികുതിയിളവ് ലഭിച്ചു.
അതേസമയം, റിലീസായി ആദ്യ ആഴ്ചയിൽ തന്നെ 81.36 കോടി രൂപ കളക്ഷൻ നേടിയ ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണ്. വെള്ളിയാഴ്ച 8.03 കോടി, ശനിയാഴ്ച 11.22 കോടി, ഞായറാഴ്ച 16.40 കോടി, തിങ്കളാഴ്ച 10.07 കോടി, ചൊവ്വാഴ്ച 11.14 കോടി, ബുധനാഴ്ച 12 കോടി, വ്യാഴാഴ്ച 12.50 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയത്. ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.