ഊണിന് 12 രൂപ; പറ്റുബുക്കിൽ യച്ചൂരിയും എംഎ ബേബിയും:'മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് ഭക്ഷണം' വിളമ്പുന്ന AKG ഭവൻ കാൻ്റീൻ
- Published by:Anuraj GR
- news18-malayalam
Last Updated:
എകെജി ഭവൻ്റെ താഴത്തെ നിലയിലുള്ള കാൻ്റീനിൽ കാലം മുന്നോട്ടു നീങ്ങാൻ മടിച്ച് നിൽക്കുന്നു. കാൻ്റീനിൽ ഒന്നു കയറി വിലവിവരപ്പട്ടിക പരിശോധിച്ചാൽ, പതിറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിച്ചതായി തോന്നും
ഡൽഹിയിലെ ഭായ് വീർ സിംഗ് മാർഗ്ഗിലെ വഴി നീളെ ഗുൽമോഹർ, ശതൂഷ്, ബോധി, വേപ്പ്, അശോകം എന്നിങ്ങനെ ധാരാളം മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നുണ്ട്. ആ വഴി കടന്നെത്തിയാൽ, സിപിഎം ആസ്ഥാനമായ എകെജി ഭവനാണ്. എകെജി ഭവൻ്റെ താഴത്തെ നിലയിലുള്ള കാൻ്റീനിൽ കാലം മുന്നോട്ടു നീങ്ങാൻ മടിച്ച് നിൽക്കുന്നു. കാൻ്റീനിൽ ഒന്നു കയറി വിലവിവരപ്പട്ടിക പരിശോധിച്ചാൽ, പതിറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിച്ചതായി തോന്നും.
ചപ്പാത്തിയും പച്ചക്കറികളും പരിപ്പു കറിയും ചോറും അടങ്ങുന്ന ഒരു പ്ലേറ്റ് ഭക്ഷണത്തിന് മുതിർന്ന സിപിഎം നേതാക്കൾ നൽകേണ്ട വില വെറും പന്ത്രണ്ടു രൂപയാണ്. മുഴുവൻ സമയക്കാർ എന്ന് വിശേഷിപ്പിക്കുന്ന പാർട്ടിയുടെ മുന്നണിപ്പോരാളികളായ മുതിർന്ന പ്രവർത്തകർക്ക് നൽകുന്ന ഈ അതിരറ്റ ഇളവുകൾ മാത്രമല്ല പാർട്ടി ആസ്ഥാനത്തെ കാൻ്റീനിൻ്റെ പ്രത്യേകത. മുതിർന്ന നേതാക്കളും സാധാരണക്കാരായ പാർട്ടി പ്രവർത്തകരും സന്ദർശകരുമെല്ലാം ഒന്നിച്ചിരുന്നാണ് ഇവിടെ ഭക്ഷണം കഴിക്കുക. കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിൻ്റെ നേർക്കാഴ്ച.
advertisement
സിപിഎം ജനറൽ സെക്രട്ടറി സീതാരാം യെച്ചൂരിയും ഇവിടുത്തെ പതിവുകാരനാണ്. ‘ഞങ്ങൾ പാർട്ടിയുടെ മുഴുവൻ സമയക്കാരായി പാർട്ടി ആസ്ഥാനത്ത് പ്രവർത്തിച്ചു തുടങ്ങിയതു മുതൽ ഞാനിവിടെ പതിവുകാരനാണ്. 1986ൽ പാർട്ടിയിൽ അംഗമായതു മുതൽക്കേ ഉള്ള ഒരു ശീലമാണിത്. ഇപ്പോൾ നാൽപ്പതു വർഷത്തോളമാകുന്നു. പാർട്ടി മെസ്സിൽ നിന്നു തന്നെയാണ് അന്നും ഇന്നും ഉച്ചഭക്ഷണം പതിവ്.’ യെച്ചൂരി പറയുന്നു.
പുതിയ കാലത്തിൻ്റേതായ സാങ്കേതിക വിദ്യകളൊന്നും ഇവിടെയില്ല, ഒരു 230 ലിറ്റർ സാംസങ് ഫ്രിഡ്‌ജൊഴികെ. തണുത്ത വെള്ളം ലഭിക്കുന്ന ഒരു ഡിസ്‌പെൻസർ, ഒരു ഉഷ മിക്‌സർ, ഒരു ക്ലോക്ക് – ഇത്രയുമാണ് കാൻ്റീനിൽ ആകെയുള്ളത്. നാല് കസേരകൾ വീതമുള്ള മൂന്ന് ഊണു മേശകൾ, ഒരു ഡൈനിംഗ് ബോർഡ്, ഫാനുകൾ, രണ്ട് ഗ്യാസ് അടുപ്പുകൾ, ഗ്യാസ് സിലിണ്ടറുകൾ, പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ, ട്രേകൾ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങളുമുണ്ട്.
advertisement
കാൻ്റീനിലെ ഏറ്റവും രസകരമായ കാര്യം, ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഒരു കാർഡ് ബോർഡ് കഷണമാണ്. എ4 വലുപ്പത്തിലുള്ള ധാരാളം കടലാസ്സുകൾ അതിനു മേൽ അടുക്കടുക്കായി ഒട്ടിച്ചു ചേർത്തിട്ടുമുണ്ട്. മുഴുവൻ സമയക്കാരായ ഓരോ മുതിർന്ന നേതാവും കാൻ്റീനിൽ നൽകാനുള്ള പ്രതിമാസ ബില്ലിൻ്റെ കണക്കുകളാണ് ഈ പേപ്പറുകളിൽ. യച്ചൂരി, എ വിജയരാഘവൻ, എംഎ ബേബി എന്നിവരെല്ലാം കാൻ്റീനിലെ പറ്റു ബുക്കിൽ പേരുകാരാണ്. 132 രൂപയാണ് യച്ചൂരി നൽകാനുള്ളത്. എ വിജയരാഘവൻ 24 രൂപയും എംഎ ബേബി 255 രൂപയും കാൻ്റീനിൽ അടയ്ക്കാനുണ്ട്. 1,165 രൂപ പറ്റുള്ള അശോക് ധാവ്‌ലെയാണ് ഏറ്റവും വലിയ തുക കാൻ്റീനിൽ നൽകാനുള്ളതെന്നും ഈ പേപ്പറിൽ കാണാം.
advertisement
‘ഇത് ഞങ്ങളുടെ പതിവു ജീവിതത്തിൻ്റെ ഭാഗമാണ്. ചിലപ്പോൾ മീറ്റിംഗുകളും മറ്റുമുള്ളപ്പോൾ, ധാരാളം ആളുകൾ മെസ്സിലെത്തും. അപ്പോൾ ഞങ്ങളെല്ലാവരും വരി നിന്ന്, പ്ലേറ്റുകൾ സ്വയമെടുത്ത് ഭക്ഷണം സ്വയം വിളമ്പാറാണ് പതിവ്. ചിലപ്പോൾ പാചകക്കാരൻ സഹായിക്കാറുണ്ട്. ഇവിടെ ഇങ്ങനെയാണ് പതിവ്.’ യച്ചൂരി പറയുന്നു.
മുൻ മുഖ്യമന്ത്രിയും മുൻ പാർട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ കാലം മുതൽക്കേ, എല്ലാ സഖാക്കളും വലിപ്പച്ചെറുപ്പമില്ലാതെ ഒന്നിച്ചിരുന്നാണ് കാൻ്റീനിൽ ഭക്ഷണം കഴിക്കാറുള്ളതെന്ന് എംഎ ബേബി ഓർക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് പാർട്ടി ആസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലെ 14 അശോക റോഡിലേക്ക് മാറ്റിയപ്പോൾ മുതലുള്ള ശീലമാണതെന്ന് അദ്ദേഹം പറയുന്നു.
advertisement
‘വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായിരുന്ന കാലത്ത്, സഖാവ് സീതാറാം യച്ചൂരിയ്ക്കും മറ്റുള്ളവർക്കുമൊപ്പം ഡൽഹിയിൽ ഞാൻ പ്രവർത്തിച്ചിരുന്നു. അക്കാലത്ത് 14 അശോക റോഡിലെ പാർട്ടി ആസ്ഥാനത്തുള്ള കാൻ്റീനിൽ നിന്നുമാണ് ഞങ്ങൾ പതിവായി ഭക്ഷണം കഴിച്ചിരുന്നത്. സഖാവ് ഇഎംഎസും ജ്യോതി ബസുവുമെല്ലാം അന്നും അവിടെ ഞങ്ങൾക്കൊപ്പം വന്നിരിക്കാറുണ്ടായിരുന്നു. അവിടെ എല്ലാവരും ഒന്നിച്ചാണ് ഇരുന്നിരുന്നത്. മുഴുവൻ സമയക്കാരും വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ പ്രവർത്തകരും യുവജന പ്രസ്ഥാനത്തിൻ്റെ പ്രവർത്തകരും, അങ്ങനെ എല്ലാവരും. ഒരേ ഭക്ഷണമാണ് ഞങ്ങൾ ഒന്നിച്ച് കഴിച്ചിരുന്നത്. കഴിച്ചു കഴിഞ്ഞ് പ്ലേറ്റുകളും സ്വയം കഴുകിവയ്ക്കും. പി സുന്ദരയ്യയുടെയും ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെയും കാലം തൊട്ടേ അതങ്ങനെയാണ്. ചോറ്, പരിപ്പുകറി, തൈര്, ഉള്ളി, മുളക്, ചപ്പാത്തി ഇതെല്ലാമാണ് ഊണിനുള്ളത്. നല്ല ഭക്ഷണമാണ്. മാർക്‌സിസ്റ്റ് – ലെനിനിസ്റ്റ് ഊണാണിത്.’ ഹൗസ് കീപ്പിംഗ് ജീവനക്കാരനായ ബ്രിജ് ലാലിനൊപ്പം ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചുകൊണ്ട് എം എ ബേബി പറയുന്നു.
advertisement
പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് കാൻ്റീനിലെ മറ്റൊരു സ്ഥിരം സന്ദർശക. ‘മുൻപൊക്കെ ഇതിലും എത്രയോ അധികം ആളുകൾ കാൻ്റീനിൽ ഭക്ഷണം കഴിക്കാൻ എത്താറുണ്ടായിരുന്നു. സത്യത്തിൽ അക്കാലത്ത് ചില പാർലമെൻ്റ് അംഗങ്ങൾ പോലും ഞങ്ങളുടെ കാൻ്റീനിലാണ് ഭക്ഷണം കഴിക്കാൻ വന്നിരുന്നത്. പാർലമെൻ്റ് കാൻ്റീനിൽ പോകുന്നതിനു പകരം അവർ സഖാക്കൾക്കൊപ്പം ഇവിടെയെത്തി ഭക്ഷണം കഴിക്കുമായിരുന്നു.’ ബൃന്ദ കാരാട്ട് ഓർക്കുന്നു.
‘ഫുഡ് ഷെൽട്ടർ’ എന്നാണ് ബൃന്ദ കാരാട്ട് എകെജി ഭവൻ കാൻ്റീനിനെ വിശേഷിപ്പിക്കുന്നത്. വിഭവ സമൃദ്ധമായ സദ്യയല്ല, മറിച്ച് എല്ലാവർക്കും കഴിക്കാവുന്ന ലളിതമായ ഭക്ഷണമാണ് ഇവിടെ ലഭിക്കുക. എല്ലാവർക്കും താങ്ങാവുന്ന ഭക്ഷണമേ ഇവിടെയുള്ളൂ. പരിപ്പിനും പച്ചക്കറികൾക്കുമൊപ്പം ആഴ്ചയിൽ രണ്ടു ദിവസം മാംസാഹാരവും ലഭിക്കുമെന്ന് ബൃന്ദ കാരാട്ട് വിശദീകരിക്കുന്നു. ‘ചായയും കാപ്പിയും ഇവിടെയുണ്ട്. ഇവിടെ വരെ വന്ന സ്ഥിതിയ്ക്ക് എകെജി ഭവനിലെ ചായയോ കാപ്പിയോ എന്തായാലും കുടിച്ചേ തീരൂ എന്ന് പലരും പറയാറുണ്ട്. എകെജി ഭവനിൽ എല്ലാവർക്കും അറിയുന്ന കാര്യമാണിത്.’
advertisement
ഉച്ചയ്ക്കും രാത്രിയ്ക്കും ലഭിക്കുന്ന ഭക്ഷണത്തിന് 12 രൂപയാണ് വില. ചായ, കാപ്പി എന്നിവയ്ക്ക് പണം നൽകേണ്ടതില്ല. രാവിലെ പത്തു മണി, ഉച്ച തിരിഞ്ഞ് മൂന്നര മണി, വൈകീട്ട് ആറു മണി എന്നിങ്ങനെ മൂന്നു നേരമാണ് കാൻ്റീനിൽ ചായയും കാപ്പിയും ലഭിക്കുക. തിങ്കളാഴ്ചകളിൽ കോഴിയിറച്ചിയും വെള്ളിയാഴ്ചകളിൽ മുട്ടക്കറിയും ഊണിനൊപ്പം ഉണ്ടാകും. അല്ലാത്ത ദിവസങ്ങളിൽ ചോറ്, ചപ്പാത്തി, പരിപ്പുകറി, തൈര് എന്നിവയാണ് പതിവ് ഊണ്. കാൻ്റീൻ നടത്തിപ്പിന് ആവശ്യമായ ഇന്ധനച്ചെലവ് പാർട്ടിയാണ് വഹിക്കുന്നത്. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ചെലവ് മാത്രമാണ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്.
ബിഹാറിലെ മുസാഫർപൂരിൽ നിന്നുള്ള രാമധർ സിംഗാണ് കഴിഞ്ഞ 11 വർഷമായി കാൻ്റീനിലെ പാചകം കൈകാര്യം ചെയ്യുന്നത്. തൻ്റെ അംഗത്വ അപേക്ഷ സിപിഎം പരിഗണിക്കുന്നതും കാത്തിരിക്കുകയാണ് രാമധർ. ‘ചുരയ്ക്ക കൊണ്ടുള്ള കറി, പരിപ്പുകറി, ചോറ്, തൈര്, ചപ്പാത്തി എന്നിവയാണ് ഇന്നത്തെ ഊണിനുള്ളത്. ഇന്നലെ ചുരയ്ക്കക്കു പകരം പാവയ്ക്കയായിരുന്നു.’ രാമധർ പറയുന്നു.
രാമധറിൻ്റെ ഭക്ഷണവും കാൻ്റീനിൽ നിന്നു തന്നെയാണ്. ഭക്ഷണത്തിൻ്റെ വില നൽകേണ്ടതില്ല എന്നു മാത്രം. കോവിഡ് ലോക്ക്ഡൗണിനു ശേഷം സന്ദർശകരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന് രാമധർ പറയുന്നു. ‘ഇന്ന് ഞാൻ 19 പേർക്ക് ഭക്ഷണമുണ്ടാക്കി. ഇന്നലെ 21 പേർക്കും. എല്ലാവരും ഒന്നിച്ചിരുന്നാണ് ഇവിടെ ഭക്ഷണം കഴിക്കുന്നത്. ഇന്നലെ ഉച്ചഭക്ഷണം കഴിക്കാൻ സഖാവ് യച്ചൂരിയുമുണ്ടായിരുന്നു. 2.30 മണിയോടെ എത്തി ഭക്ഷണം കഴിച്ചു തിരിച്ചു പോയി. ഇവിടെ വരുമ്പോഴെല്ലാം ജീവനക്കാർക്ക് ഒപ്പമാണ് അദ്ദേഹം ഭക്ഷണം കഴിക്കുക.’
1996ൽ സിപിഐഎമ്മിൽ ചേർന്നയാളാണ് ഹൗസ് കീപ്പിംഗ് ജീവനക്കാരനായ ഉദയ് വീർ ദിംഗ്ര. ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശിയായ ഉദയ് വീർ, ജോലിക്കൊപ്പം സമര മുഖങ്ങളിലും സജീവമാണ്. 25 വർഷമായി അദ്ദേഹം എകെജി ഭവനിൽ ജോലിനോക്കുന്നു. എപ്പോഴും കൈയിലൊരു ചൂലും മറ്റുമായി എകെജി ഭവൻ്റെ പല ഭാഗങ്ങളിൽ അദ്ദേഹത്തെ കാണാം. പാർട്ടി ആസ്ഥാനം വൃത്തിയായി സൂക്ഷിക്കുന്നതിൻ്റെ ചുമതല ഉദയ് വീറിനാണ്. ‘പാവങ്ങളുടെ പാർട്ടിയാണിത്. പാവപ്പെട്ട പാർട്ടി. അതുകൊണ്ടു തന്നെ, ഇവിടെ വിളമ്പുന്ന ഭക്ഷണത്തിൻ്റെ വിലയും നന്നേ കുറവാണ്. പണപ്പെരുപ്പത്തിൻ്റെ ഇക്കാലത്ത് ഈ വിലയ്ക്ക് ഇത്ര നല്ല ഭക്ഷണം വേറെവിടെയും ലഭിക്കില്ല.’ അദ്ദേഹം പറയുന്നു.
‘എല്ലാവരെയും തുല്യരായി പരിഗണിക്കുന്നു എന്നതാണ് ഈ പാർട്ടിയുടെ പ്രത്യേകത. ആരേയും തമ്മിൽ വേർതിരിച്ചു കാണുന്നില്ല. വലിപ്പച്ചെറുപ്പമില്ല. കുടുംബത്തോടൊപ്പമോ കൂട്ടുകാർക്കൊപ്പമോ ഇരുന്ന് ഭക്ഷണം കഴിക്കുന്നതു പോലെ എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുന്നു. ഈ പാർട്ടിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യവും ഇതുതന്നെ. ഇന്നലെത്തന്നെ, ഞാൻ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇവിടെ ഊണു കഴിക്കാനെത്തിയത്. ഞങ്ങൾക്കൊപ്പമിരുന്നാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്. അദ്ദേഹം കാൻ്റീനിൽ ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങളും ഇതുപോലെ ചെന്ന് ഒപ്പമിരുന്ന് കഴിക്കാറുണ്ട്.’ ഉദയ് വീർ അഭിമാനത്തോടെ പറയുന്നു.
മോദി സർക്കാരിനോടും ഉദയ് വീർ ദിംഗ്രയ്ക്ക് ചിലതു പറയാനുണ്ട്. ‘വിലക്കയറ്റം സഹിക്കാവുന്നതിലും അപ്പുറമായിട്ടുണ്ട്. 25 വർഷമായി ഞാൻ ഇവിടെ ജോലി നോക്കുന്നു. രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് ചിലതൊക്കെ അറിയാം. ബിജെപി യാഥാർത്ഥ്യം തിരിച്ചറിയാൻ ശ്രമിക്കുന്നില്ല. ഈ സാഹചര്യത്തിൻ്റെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുത്ത് പരിഹാരം കാണേണ്ടത് പ്രധാനമന്ത്രിയുടെ ചുമതലയാണ്.’
മറ്റൊരു പാർട്ടി പ്രവർത്തകനായ ഗരീബ് നാഥ് ഠാക്കൂറും എകെജി ഭവനിലെ ജീവനക്കാരനാണ്. ബിഹാറിൽ നിന്നുള്ള അദ്ദേഹം 22 വർഷമായി ഇവിടെ ജോലി നോക്കുന്നു. കാൻ്റീനിലെ ജോലികളെല്ലാം കൈകാര്യം ചെയ്യുന്നത് ഗരീബ് നാഥാണ്. എല്ലാ ദിവസവും രാവിലെ ഗരീബ് നാഥ് കാലിബാരിയിൽ നിന്നോ പഹാർഗഞ്ചിൽ നിന്നോ കാൻ്റീനിലേക്ക് ആവശ്യമായ പച്ചക്കറികളും പാലും വാങ്ങിക്കും. 250നും 350നും ഇടയിൽ മാത്രമേ ഇതിനു ചെലവു വരുന്നുള്ളൂ. ‘പ്രത്യേകമായി യാതൊന്നും വാങ്ങാറില്ല. കോവയ്ക്ക, പാവയ്ക്ക, വെണ്ടയ്ക്ക, ചക്ക, പീച്ചിങ്ങ, ഉരുളക്കിഴങ്ങ്, ഉള്ളി ഒക്കെയാണ് സാധാരണ വാങ്ങുക. ഇവിടെ 12 രൂപയ്ക്കാണ് ഭക്ഷണം കിട്ടുന്നത്. മറ്റെവിടെയും ഈ വിലയ്ക്ക് നിങ്ങൾക്ക് ഊണു കിട്ടില്ല.’ അദ്ദേഹം പറയുന്നു.
ഓരോരുത്തരുടെ പേരിലും കിച്ചൺ കമ്മറ്റി അംഗങ്ങൾ കൃത്യമായ കണക്കു സൂക്ഷിക്കുന്നുണ്ട്. കണക്കുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് എം എ ബേബി വിശദീകരിക്കുന്നതിങ്ങനെ: ‘എൻ്റെ സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത് എൻ്റെ ഭാര്യയാണ്. എല്ലാ മാസവും ഞാൻ എത്ര തവണ പാർട്ടി മെസ്സിൽ നിന്നും പ്രഭാത ഭക്ഷണവും ഉച്ചയൂണും കഴിച്ചു എന്ന് കണക്കുകൂട്ടും. എല്ലാവരും കണക്കുകൾ തീർത്ത് അടച്ചിരിക്കണമെന്ന് നിർബന്ധമാണ്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുതൽ ഇങ്ങോട്ട് എല്ലാവർക്കും അത് ബാധകമാണ്.’
മുഴുവൻ സമയക്കാർക്ക് സാമൂഹിക പ്രവർത്തനത്തിനിടയിൽ പല നല്ല ഓർമകൾ സമ്മാനിച്ചയിടം കൂടെയാണ് എകെജി ഭവൻ കാൻ്റീൻ. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും മുൻ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാളും ഇവിടെ നിന്നും ഭക്ഷണം കഴിച്ചിരുന്നത് യച്ചൂരി ഓർക്കുന്നു.
പാർട്ടി ആസ്ഥാനം 14 അശോക റോഡിൽ ആയിരുന്ന കാലത്തെ ഒരു കഥയാണ് എംഎ ബേബിയുടെ ഓർമയിലുള്ളത്. കേരളത്തിൽ നിന്നുള്ള ഒരു മന്ത്രിയും എംപിയും കാൻ്റീനിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ഇറച്ചിക്കഷണങ്ങൾക്ക് വലിപ്പം പോരാ എന്ന് ഇഎംഎസിനോട് പരാതി പറഞ്ഞുവത്രേ. ‘സഖാവേ, ഇറച്ചി കഴിച്ച കാര്യം പല്ലെങ്കിലും അറിയണ്ടേ’ എന്നായിരുന്നുവത്രേ ചോദ്യം!
ഇഎംഎസും അദ്ദേഹത്തിൻ്റെ സഹയാത്രികരും മൺമറഞ്ഞുപോയെങ്കിലും, അവർ തുടങ്ങിവച്ച ജീവിതരീതി ഇന്നും എകെജി ഭവൻ കാൻ്റീനിൽ തുടരുകയാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 02, 2023 5:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഊണിന് 12 രൂപ; പറ്റുബുക്കിൽ യച്ചൂരിയും എംഎ ബേബിയും:'മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് ഭക്ഷണം' വിളമ്പുന്ന AKG ഭവൻ കാൻ്റീൻ