ചന്ദ്രനെ ചുറ്റിവരുന്ന സ്വകാര്യ ദൗത്യമായ സ്പേസ് എക്സ് യാത്രാ സംഘത്തില്‍ തന്നോടൊപ്പം പങ്കെടുക്കുന്നതിനായി എട്ട് പേരെ തെരഞ്ഞെടുത്തതായി ജാപ്പനീസ് ശതകോടിശ്വരന് യുസാകു മെയ്സാവ അറിയിച്ചു. അടുത്ത വര്‍ഷത്തോടെയാകും ചാന്ദ്രദൗത്യത്തിനായി ഈ സംഘം പുറപ്പെടുക.
സംഘത്തില്‍ കലാകാരന്മാര്, വിനോദമേഖലയില്‍ നിന്നുള്ളവര്‍, സംഗീതജ്ഞര്‍, കായിക താരങ്ങള്‍ എന്നിങ്ങനെ നിരവധി പേരുണ്ടാകും എന്നാണ് സൂചന. അമേരിക്കന്‍ ഡിജെ സ്റ്റീവ് ഓക്കിയും കൊറിയന്‍ റാപ്പര്‍ ടോപ്പും തെരഞ്ഞെടുക്കപ്പെട്ടവരില്‍ പെടുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2018ല്‍ ഡിയര്‍ മൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം മെയ്സാവ പ്രഖ്യാപിച്ചിരുന്നു. ചന്ദ്രന് ചുറ്റും പ്രദക്ഷിണം വെയ്ക്കാന്‍ ഒരു കൂട്ടം കലാകാരന്മാരെ തന്റെ കൂടെ കൊണ്ടുപോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.
Also read-ബഹിരാകാശം സ്വപ്നം കാണുന്നവരെ സ്പേസ് ഇന്‍സ്റ്റിറ്റ്യൂട്ട് വിളിക്കുന്നു
എല്ലാ മേഖലയില്‍ നിന്നുമുള്ള പ്രശസ്തരായ വ്യക്തികളെ യാത്രയില്‍ പങ്കെടുപ്പിക്കാനാണ് സ്പേസ് എക്സ് ദൗത്യം ലക്ഷ്യമിടുന്നത്. വ്യാഴാഴ്ചയോടെയാണ് യാത്രയില്‍ പങ്കെടുക്കുന്ന ആളുകളുടെ വിവരം പുറത്ത് വിട്ടത്. യൂട്യൂബര്‍ ടിം ടോഡ്, ഐറിഷ് ഫോട്ടോഗ്രാഫര്‍ റൈനാന്‍ ആദം, അമേരിക്കന്‍ ഡോക്യുമെന്ററി ഫിലിം മേക്കര്‍ ബ്രണ്ടന്‍ ഹാള്‍, യുകെ ഫോട്ടോഗ്രാഫര്‍ കരീം ഇലിയ, ചെക്ക് ഡാന്‍സര്‍ യെമി ആഡ് എന്നിവരാണ് ദൗത്യത്തില്‍ പങ്കുചേരുന്ന മറ്റ് പ്രധാനികള്‍.
ഇന്ത്യയെ പ്രതിനിധീകരിച്ച് സ്പേസ് ദൗത്യത്തിനായി എത്തുന്നത് ടെലിവിഷന്‍ അഭിനേതാവായ ദേവ് ജോഷിയാണ്.സോണി സാബിന്റെ ബാല്‍ വീര്‍, ബാല്‍ വീര്‍ റിട്ടേണ്‍സ് എന്നീ ചിത്രങ്ങളിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ വ്യക്തിയാണ് ദേവ് ജോഷി. ഗുജറാത്ത് സ്വദേശിയാണ് ഇദ്ദേഹം. മൂന്ന് വയസ്സുമുതല്‍ നിരവധി ടെലിവിഷന്‍ ചിത്രങ്ങളിലും ടിവി ഷോകളിലും പങ്കെടുത്തുകൊണ്ടാണ് ദേവ് ജോഷി തന്റെ കരിയര്‍ ആരംഭിച്ചത്.
Also read-IIST | ബഹിരാകാശം സ്വപ്നം കാണുന്നവരെ സ്പേസ് ഇന്‍സ്റ്റിറ്റ്യൂട്ട് വിളിക്കുന്നു
‘ഞാന്‍ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്നയാളാണ്. കാരണം അത്ഭുതങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അത് ചന്ദ്രന്റെ രൂപത്തിലാണ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്,’ എന്നായിരുന്നു ദേവിന്റെ പ്രതികരണം.
ഇന്ത്യയെ പ്രതിനീധികരിച്ച് ഈ ദൗത്യത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ അദ്ഭുതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാന്ദ്രയാത്രയ്ക്കായുള്ള ഈ ദൗത്യം ഏകദേശം ആറ് ദിവസമെടുത്താണ് പൂര്‍ത്തിയാക്കുന്നത്. ചന്ദ്രനില്‍ ഇറങ്ങാതെ ചുറ്റും പ്രദക്ഷിണം വെയ്ക്കുകയാണ് ചെയ്യുന്നത്.ഈ ദൗത്യം പൂര്‍ത്തിയാകുകയാണെങ്കില്‍ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ റോക്കറ്റായിരിക്കും എന്നാണ് വിലയിരുത്തല്‍.
അന്തരീക്ഷത്തിനുള്ളില്‍ വെച്ചുള്ള റോക്കറ്റിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ പരിക്രമണം ചെയ്തുള്ള പരീക്ഷണ പറക്കല്‍ സ്പേസ് ഇതുവരെ നടത്തിയിട്ടില്ല. 2022ഓടെ അത് സംഭവിക്കുമെന്ന് സ്പേസ് എക്സ് സ്ഥാപകന്‍ കൂടിയായ ഇലോണ്‍ മസ്ക് ആവര്‍ത്തിച്ച് പറഞ്ഞിരുന്നതാണ്.
ചൊവ്വാ ദൗത്യങ്ങള്‍ മുന്നില്‍ കണ്ട് സ്പേസ് എക്സ് വികസിപ്പിക്കുന്നതാണ് മാര്‍സ് റോക്കറ്റ് സ്റ്റാര്‍ഷിപ്പ്. എന്നാല്‍ ഇവ പരീക്ഷണ വേളയില്‍ പൊട്ടിത്തെറിച്ചതും വാര്‍ത്തയായിരുന്നു. ബുധനാഴ്ച ടെക്സാസില്‍ നടന്ന പരീക്ഷണ വിക്ഷേപണത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് റോക്കറ്റ് സ്റ്റാര്‍ഷിപ്പ് തകര്‍ന്നുവീണത്. അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്പേസ് എക്സ്
വിക്ഷേപണ തറയില്‍ നിന്ന് എട്ട് മൈല്‍ ഉയരത്തില്‍ പറന്ന റോക്കറ്റ് ആസൂത്രണം ചെയ്തതുപോലെ തിരിച്ചിറങ്ങുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ പരീക്ഷണം വിജയം എന്ന തരത്തിലണ് സ്പേസ് എക്സ് പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.