‘കഞ്ഞിവെള്ളമെങ്കിലും താടാ...’ അമ്മയുടെ ദയനീയ യാചനകേട്ടിട്ടും മനസലിയാതെ മകൻ, അച്ഛൻ മരിച്ചതും ഭക്ഷണം ലഭിക്കാതെ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ചൊവ്വാഴ്ച വൈകിട്ട് നാലോടെ ദമ്പതികളുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ആശാവർക്കർ എത്തിയപ്പോഴാണ് മുറിക്കുള്ളിൽ മലമൂത്രവിസർജനം നടത്തി അവശനിലയിൽ ഇരുവരെയും കണ്ടെത്തിയത്.
കോട്ടയം: ഭക്ഷണവും പരിചരണവും കിട്ടാതെ അവശരായ ദമ്പതികളിൽ ഭർത്താവിന് ദാരുണാന്ത്യം. വണ്ടൻപതാൽ അസംബനി തൊടിയിൽ വീട്ടിൽ പൊടിയൻ (80) ആണു മരിച്ചത്. പൊടിയനും ഭാര്യ അമ്മിണിയും (76) മകൻ റെജിക്കൊപ്പമായിരുന്നു താമസം. ഇവർക്ക് മകൻ ആഹാരം നൽകിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റാരും വീട്ടിലേക്ക് എത്താതിരിക്കാൻ മുറിയ്ക്കു മുന്നിൽ ഒരു നായയെ കെട്ടുന്നതും പതിവായിരുന്നു.
സന്നദ്ധപ്രവർത്തകരെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ‘ഇത്തിരി കഞ്ഞിവെള്ളമെങ്കിലും താടാ...’ എന്നതായിരുന്നു അമ്മിണിയുടെ ദയനീയ ആവശ്യം. കേട്ടുനിന്നവരുടെ കണ്ണുനിറഞ്ഞെങ്കിലും മകന്റെ മനസലിഞ്ഞില്ല. മാതാപിതാക്കളെ പുറത്തേക്കെടുക്കുമ്പോൾ മകൻ റെജി വീട്ടിലുണ്ടായിരുന്നെങ്കിലും മദ്യലഹരിയിലായിരുന്നു.
പഞ്ചായത്ത് അധികൃതർ ഇടപെട്ട് പൊലീസിനെ വിളിച്ചു വരുത്തിയാണ് വയോധിക ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പൊടിയൻ മരിച്ചിരുന്നു . ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയാണ് പൊടിയൻ മരിച്ചതെന്ന് സൂചനയാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാനായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചിരിക്കുകയാണ്.
advertisement
ചൊവ്വാഴ്ച വൈകിട്ട് നാലോടെ ദമ്പതികളുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ആശാവർക്കർ എത്തിയപ്പോഴാണ് മുറിക്കുള്ളിൽ മലമൂത്രവിസർജനം നടത്തി അവശനിലയിൽ ഇരുവരെയും കണ്ടെത്തിയത്. വിവരം പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും അറിയിച്ചു. അമ്മിണിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ റെജി വീട്ടിൽ നിന്ന് സ്ഥലംവിട്ടു. നാട്ടുകാരും ആരോഗ്യ പ്രവർത്തകരും നിർദേശിച്ചതനുസരിച്ച് റെജിയുടെ ഭാര്യ ജാൻസിയാണ് അമ്മിണിക്കൊപ്പം ആശുപത്രിയിലുള്ളത്. ഇവരുടെ മുറിയിൽ നിന്നും ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണം കണ്ടെത്തി.
advertisement
തൊട്ടടുത്ത മുറിയിൽ റെജിയും ജാൻസിയും താമസമുണ്ടെങ്കിലും മാതാപിതാക്കൾക്ക് ആഹാരം പോലും നൽകിയിരുന്നില്ല. ഇവർ ജോലിക്ക് പോകുമ്പോൾ സമീപവാസികളോ ബന്ധുക്കളോ ഭക്ഷണം നൽകാതിരിക്കാൻ വീടിന് മുന്നിൽ നായയെ കെട്ടിയിട്ടിരുന്നു. മദ്യപാനിയായ റെജി അയൽവാസികളെ അസഭ്യം പറയുന്നത് നിത്യസംഭവമാണ്. ആരും ഇവിടേക്ക് എത്താറില്ല.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2021 10:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
‘കഞ്ഞിവെള്ളമെങ്കിലും താടാ...’ അമ്മയുടെ ദയനീയ യാചനകേട്ടിട്ടും മനസലിയാതെ മകൻ, അച്ഛൻ മരിച്ചതും ഭക്ഷണം ലഭിക്കാതെ