ശാസ്ത്രലോകത്ത് നിന്നും ഒരു സന്തോഷവാർത്ത. ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള പരീക്ഷണങ്ങൾ ഫലം കാണുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഡെങ്കി പരത്തുന്ന കൊതുകളുടെ, രോഗം പരത്താനുള്ള ശേഷി കുറയ്ക്കുന്ന അദ്ഭുത ബാക്ടീരിയകളുടെ പരീക്ഷണമാണ് വിജയകരമാണെന്ന് തെളിഞ്ഞത്. ഇതുവഴി രോഗബാധ 77 ശതമാനം കുറയ്ക്കാനാകുമെന്നാണ് കണ്ടെത്തൽ. ഇന്തോനേഷ്യയിലെ യോഗ്യകാർത നഗരത്തിലാണ് പരീക്ഷണം നടന്നത്. ഡെങ്കി പരത്തുന്ന വൈറസിനെ ഉന്മൂലനം ചെയ്യാനാകുമെന്ന പ്രതീക്ഷയ്ക്ക് പുതുജീവൻ നൽകിയിരിക്കുകയാണ് ഈ പരീക്ഷണം.
ലോകമെമ്പാടും റിപ്പോർട്ട് ചെയ്യുന്ന വൈറസുകളെ നശിപ്പിക്കാൻ ഇത് ഫലപ്രദമായ മാർഗമാണെന്ന് വേൾഡ് മൊസ്ക്യുറ്റോ പ്രോഗ്രാം അംഗങ്ങൾ പറയുന്നത്. ഏതാണ്ട് 50 വർഷം മുൻപ് കുറച്ചുപേർ മാത്രമേ ഡെങ്കിപ്പനിയെ കുറിച്ച് കേട്ടിരുന്നുള്ളൂ. എന്നാൽ പിന്നീട് മഹാമാരിയായി ലോകത്തിന്റെ പല ഭാഗങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യുകയായിരുന്നു. 197ൽ 9 രാജ്യങ്ങളിൽ മാത്രമാണ് ഡെങ്കി ബാധ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ന് പ്രതിവർഷം 400 ദശലക്ഷം പേർക്കാണ് രോഗം ബാധിക്കുന്നത്. അസ്ഥി തകർക്കുന്ന പനി എന്നാണ് ഡെങ്കിബാധ അറിയപ്പെടുന്നത്. ഈ രോഗം ബാധിച്ചാൽ എല്ലുകൾക്കും പേശികൾക്കും കടുത്ത വേദനയുണ്ടാകുമെന്നതിനാലാണിത്.
വൊൾബാച്ചിയ ബാക്ടീരിയ
വൊൾബാച്ചിയ ബാക്ടീരിയ ബാധിച്ച കൊതുകുകളെയാണ് ഡെങ്കിയെ തുരത്താനുള്ള പരീക്ഷണത്തിന് ഉപയോഗിച്ചത്. പ്രകൃതിയിലെ അദ്ഭുതം എന്നാണ് ഇവയെ ഗവേഷകരിലൊരാളായ ഡോ. കാറ്റി ആൻഡേഴ്സ് വിശേഷിപ്പിക്കുന്നത്. വൊൾബാച്ചിയ ബാക്ടീരിയ കൊതുകുകളെ ദോഷകരമായി ബാധിക്കില്ല. എന്നാൽ ഡെങ്കി രോഗാണു ശരീരത്തിൽ പടരുന്നത് ഈ ബാക്ടീരിയകൾ തടയും. ഡെങ്കി വൈറസ് വ്യാപിക്കുന്നതും ഈ ബാക്ടീരിയകൾ തടയും. അതിനാൽ തന്നെ ഡെങ്കി രോഗാണുവുള്ള കൊതുക് ഒരാളെ കടിച്ചാലും രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറയുന്നു.
50 ലക്ഷം കൊതുകുമുട്ടകളിലാണ് വൊൾബാച്ചിയ ഇൻഫക്ട് ചെയ്തത്. അതിനുശേഷം ഇവയെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ബക്കറ്റിലെ വെള്ളത്തിൽ നിക്ഷേപിച്ചു. ഓരോ രണ്ടാഴ്ചയും പുതിയ കൊതുകുമുട്ടകളെ നിക്ഷേപിച്ചു. ഏകദേശം 9 മാസമെടുത്താണ് പരീക്ഷണം നടത്തിയത്. നഗരത്തെ 24 മേഖലകളായി തിരിച്ച്, അവയിൽ പകുതി മേഖലകളിലാണ് കൊതുകുകളെ നിക്ഷേപിച്ചത്.
Also Read-
കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അറിയാം
ഡെങ്കി കേസുകളിൽ 77 ശതമാനം കുറവുണ്ടായെന്നും രോഗബാധയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ 86 ശതമാനം കുറവുണ്ടായെന്നും ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പരീക്ഷണ ഫലത്തിൽ പറയുന്നു. ഇത് പ്രതീക്ഷിച്ചതിനെക്കാൾ മികച്ച ഫലമാണെന്ന് ഡോ. ആൻഡേഴ്സ് ബിബിസിയോട് പറഞ്ഞു.
''ഡെങ്കി രൂക്ഷമായ ലോകത്തിലെ വലിയ നഗരങ്ങളിൽ വൊൾബാച്ചിയ ബാക്ടീരിയ ഇൻഫെക്ട് ചെയ്ത കൊതുകുകളെ തുറന്നുവിടുന്നതിലടെ ഇതിനെക്കാൾ മികച്ച ഫലം ഉണ്ടാക്കാനാകും''- ഡോ ആൻഡേഴ്സ് പറഞ്ഞു. ഈ ബാക്ടീരിയ ബാധിച്ച കൊതുകുകൾ ഇടുന്ന മുട്ടയിലൂടെ വിരിയുന്ന കൊതുകുകളിലേക്കും ഈ ബാക്ടീരിയ വ്യാപിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഒരിക്കൽ ഈ ബാക്ടീരിയ ഇൻഫെക്ട് ചെയ്താൽ വളരെ നാളുകളോളം ഡെങ്കി രോഗബാധയോട് ഇവ പോരാടുമെന്ന് ചുരുക്കം. നിലവിലുള്ള ഡെങ്കി പ്രതിരോധ രീതികളെക്കാൾ ഏറെ ഫലപ്രദമാണ് പുതിയ ബാക്ടീരിയ പരീക്ഷണം.
Also Read-
Covid 19 | കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകളും; ഉത്തരവുമായി ഹൈക്കോടതി
നഗരത്തിലെ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന ഡോ. യുദിരിയ അമേലിയ പറയുന്നത് ഇങ്ങനെ-'' ഈ പരീക്ഷണത്തിന്റെ ഫലം സന്തോഷകരമാണ്. നഗരത്തിലെ മറ്റു ഭാഗങ്ങളിലേക്കും രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ രീതി പരീക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ''.
ഡെങ്കി പരത്തുന്ന ഈഡിസ് ഈജിപ്റ്റി കൊതുകുകളെ കുറിച്ചുള്ള വർഷങ്ങൾ നീണ്ട ഗവേഷണങ്ങളിലെ പുതിയ വഴിത്തിരിവാണ് ഈ പരീക്ഷണം. ഡെങ്കിപ്പനിയെ പൂർണമായും അടിച്ചമർത്താൻ വോൾബാച്ചിയ മതിയാകുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. കൊതുക് പരത്തുന്ന സിക, മഞ്ഞപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും ഈ രീതി ഉപയോഗിക്കാനുള്ള വലിയ സാധ്യതകളാണ് മുന്നിലുള്ളതെന്ന് ബോസ്റ്റൺ സർവകലാശാലയിലെ ആരോഗ്യവിഭാഗം പ്രൊഫസർ ഡേവിഡ് ഹാമർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.