Health Tips | സ്തനാർബുദം: മുഴ മാത്രമല്ല വില്ലൻ; ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചെറുക്കാം
- Published by:Vishnupriya S
- news18-malayalam
Last Updated:
നേരത്തേ തിരിച്ചറിയാനും ചികിത്സിക്കാനും സാധിച്ചാൽ പൂർണമായും ഭേദമാക്കാവുന്ന ഒന്നാണ് സ്തനാർബുദം
സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിലൊന്നാണ് സ്തനാർബുദം. നേരത്തേ തിരിച്ചറിയാനും ചികിത്സിക്കാനും സാധിച്ചാൽ പൂർണമായും ഭേദമാക്കാവുന്ന ഒന്നാണ് സ്തനാർബുദം. പക്ഷേ, ഓരോ വർഷവും ലക്ഷക്കണക്കിനു സ്ത്രീകളുടെ ജീവനാണെടുക്കുന്നത്. സ്തനാർബുദത്തിൻ്റെ പ്രധാന ലക്ഷണമായി പൊതുവേ കണക്കാക്കപ്പെടുന്നത് സ്തനങ്ങളിൽ പെട്ടന്ന് പ്രത്യക്ഷപ്പെടുന്ന മുഴകളാണ്. എന്നാൽ, മുഴകൾ മാത്രമല്ല സ്തനാർബുദത്തിൻ്റെ പ്രകടമായ ലക്ഷണങ്ങൾ. മറ്റു പല രൂപത്തിലും സ്തനാർബുദം വരവറിയിക്കാം.
മുഴകൾക്കു പുറമേ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:
- മുലക്കണ്ണിൽ നിന്നും രക്തം വരിക.
- മുലക്കണ്ണുകൾ ഉൾവലിയുക, മുലക്കണ്ണുകൾക്കു ചുറ്റുമുള്ള ചർമം അടുക്കടുക്കായി അടർന്നുപോരുക.
- എറിത്തെമ അഥവാ സ്തന ചർമത്തിൽ കാണപ്പെടുന്ന ചുവപ്പു നിറം, ചുവപ്പോ നീലയോ പർപ്പിളോ കലർന്ന നിറത്തിൽ ചതവു പോലെ കാണപ്പെടുക.
- ലിംഫ് നോഡുകളെ രോഗം ബാധിക്കുന്നതിനെത്തുടർന്ന് കക്ഷത്തിലുണ്ടാകുന്ന നീർവീക്കം.
- ചർമം കട്ടിയാവുകയും ഓറഞ്ച് തൊലി പോലെയാവുകയും ചെയ്യുന്ന സ്‌കിൻ ഡിംപ്ലിംഗ്.
- സ്തനത്തിലോ മുലക്കണ്ണിൻ്റെ ഭാഗത്തോ വേദന അനുഭവപ്പെടുക.
സ്തനാർബുദത്തെ ചെറുക്കാൻ പ്രധാനമായും ചെയ്യേണ്ടത്:
- 20നും 30നും ഇടയിൽ പ്രായമുള്ളവർ: സ്വയം സ്തനപരിശോധന നടത്തുക, ബോധവൽക്കരണം നേടുക.
- 31നും 40നും ഇടയിൽ പ്രായമുള്ളവർ: ആറുമാസത്തിലൊരിക്കൽ ഓങ്കോളജിസ്റ്റിനെ സമീപിച്ച് ക്ലിനിക്കൽ പരിശോധനകൾ നടത്തുക.
- 41നും 55നും ഇടയിൽ പ്രായമുള്ളവർ: വർഷം തോറും മാമ്മോഗ്രാം ചെയ്യുക.
- 55നു മുകളിൽ പ്രായമുള്ളവർ: രണ്ടു വർഷത്തിലൊരിക്കൽ മാമ്മോഗ്രാം ചെയ്യുക
advertisement
ഓർക്കുക:
സ്തനങ്ങളിലെ മുഴകൾ പല കാരണങ്ങൾ കൊണ്ട് ഉണ്ടായേക്കാം. ഫൈബ്രോസിസ്റ്റിക് മാറ്റങ്ങൾ, അഥവാ സ്തനങ്ങളിൽ സിസ്റ്റുകളാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. ഇത് കൂടുതലായും കാണപ്പെടുന്നത് പ്രായം കുറഞ്ഞ സ്ത്രീകളിലാണ്. മുഴകളും വേദനയും ഉണ്ടായേക്കാമെങ്കിലും, ഇവ കാൻസർ വിഭാഗത്തിൽപ്പെടുന്നതല്ല. ബിആർസിഎ, പിടിഇഎൻ, ടിപി53 എന്നിങ്ങനെയുള്ള ജനിതക വ്യത്യാസങ്ങളുള്ള സ്ത്രീകളും പുരുഷന്മാരുമാണ് കാൻസർ പിടിപെടാൻ കൂടുതൽ സാധ്യതയുള്ളവർ. ചില കുടുംബങ്ങളിൽ ഒന്നിലധികം പേർ കാൻസർ ബാധിതരാകുന്നതായി കാണാം. അത്തരം കുടുംബപശ്ചാത്തലമുള്ളവർ ഒരു ഓങ്കോളജിസ്റ്റിനെയോ ജെനറ്റിസിസ്റ്റിനെയോ സമീപിച്ച് പരിശോധനകൾ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.
advertisement
രോഗം പിടിപെടാൻ ജനിതകമായ സാധ്യതകളുണ്ടോ എന്ന് രക്ത പരിശോധന നടത്തി കണ്ടെത്താവുന്നതാണ്. ആവശ്യമെങ്കിൽ മാത്രം, ഗുണഫലങ്ങളെക്കുറിച്ചും ദോഷഫലങ്ങളെക്കുറിച്ചും ചർച്ച ചെയ്ത ശേഷമാണ് ഈ രക്ത പരിശോധന നടത്തേണ്ടത്. ഹോജ്കിൻസ് ഡിസീസ് പോലുള്ള രോഗങ്ങളും എടിപിക്കൽ ഹൈപ്പർപ്ലേഷ്യ, ലോബുലാർ കാർസിനോമ പോലുള്ള അവസ്ഥകളും പരിശോധിച്ച് സ്ഥിരീകരിക്കാനായി നേരത്തേ റേഡിയേഷൻ ചെയ്തിട്ടുള്ളവർക്ക് സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കൂട്ടത്തിൽപ്പെടുന്നവർ പതിവായി പരിശോധനകൾ ചെയ്തിരിക്കണം. മിക്ക സ്ത്രീകൾക്കും സ്തനങ്ങളിൽ മുഴകൾ പോലെ ചിലതുള്ളതായി തോന്നാം.
advertisement
ആർത്തവസമയത്തോ, കുട്ടികളുണ്ടാകുമ്പോഴോ, ശരീരഭാരത്തിൽ വ്യത്യാസം വരുമ്പോഴോ പ്രായം കൂടുമ്പോഴോ എന്നിങ്ങനെ പലപ്പോഴും ഇത്തരം മുഴകൾ പ്രത്യക്ഷപ്പെടാം. അവയൊന്നും അപകടകാരികളല്ല. ഇന്ത്യയിൽ 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സ്തനാർബുദം കൂടുതലായി ബാധിക്കപ്പെടുന്നുണ്ട്. അതിനു പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. സ്തനാർബുദത്തിൻ്റെ വർദ്ധനവിന് ഐവിഎഫ് ചികിത്സയും ഹോർമോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പികളുമായുള്ള ബന്ധവും ഗവേഷകർ പരിശോധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, സ്വയം ബോധ്യമുള്ളവരായിരിക്കുകയും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
advertisement
സ്തനാർബുദം റിപ്പോർട്ട് ചെയ്യപ്പെടുന്നവരിൽ 1% പുരുഷന്മാരാണ്. അതുകൊണ്ടുതന്നെ, സ്തനാർബുദം സ്ത്രീകേന്ദ്രീകൃതമായ രോഗമാണെന്ന് അനുമാനിക്കുന്നത് തെറ്റാണ്. സ്തനാർബുദത്തിന് ഏത് സാഹചര്യത്തിലും ചികിത്സയുണ്ട്. മിക്ക സാഹചര്യങ്ങളിലും സ്തനാർബുദം പൂർണമായി ചികിത്സിച്ചു ഭേദമാക്കാനും കഴിയും. അസാധാരണമായ ചികിത്സാരീതികളെക്കുറിച്ച് അന്വേഷിച്ചും പരീക്ഷിച്ചും സമയം കളയരുത്. നേരത്തേ തിരിച്ചറിഞ്ഞാൽ പൂർണമായും ഭേദപ്പെടുത്താവുന്ന ഒരു രോഗത്തെ, ചികിത്സ വൈകിപ്പിച്ച് ഗുരുതരമാക്കാതിരിക്കുക.
ലിക്വിഡ് ബയോപ്‌സി, മോളിക്കുലാർ ഇമേജിംഗ്, ഇമേജിംഗ് ബയോമാർക്കേഴ്‌സ് എന്നിങ്ങനെ നൂതനമായ പല രോഗനിർണയ മാർഗ്ഗങ്ങളും ഇപ്പോൾ ലഭ്യമാണ്. ഇവ ചികിത്സയെ കൂടുതൽ സൂക്ഷ്മവും ഫലപ്രദവുമാക്കാൻ സഹായിക്കും. ഹോർമോണൽ തെറാപ്പികൾ മാത്രമാണോ നൽകാൻ സാധിക്കുക, കീമോതെറാപ്പി നൽകാമോ എന്നിങ്ങനെയുള്ള തീരുമാനങ്ങളിലേക്കെത്താൻ ഓങ്കോടൈപ്പ് ഡിഎക്‌സ്, മാമ്മാപ്രിൻ്റ് എന്നിങ്ങനെ ചില ജീൻ പരിശോധനാ പരീക്ഷണങ്ങൾ ഗുണകരമാണ്. അവയവങ്ങൾ കഴിവതും സംരക്ഷിക്കുക എന്ന ആശയം പേറുന്ന കാലഘട്ടത്തിലേക്കാണ് നമ്മൾ നീങ്ങുന്നത്. അതുകൊണ്ടുതന്നെ, ഒരു ഭാഗത്ത് മാത്രം വല്ലാതെ വ്യാപിച്ച അർബുദങ്ങളുടെ കാര്യത്തിൽ മാത്രമേ സ്തനം നീക്കം ചെയ്യുക എന്ന പ്രക്രിയയിലേക്ക് കടക്കുകയുള്ളൂ.
advertisement
മിക്ക സാഹചര്യങ്ങളിലും സ്തനം നിലനിർത്താനുള്ള മാർഗ്ഗങ്ങളാണ് ഞങ്ങൾ ശുപാർശ ചെയ്യുക. ചികിത്സയ്ക്കു ശേഷവും ആരോഗ്യകരമായ ജീവിതം ജീവിക്കാനുള്ളവരാണ് രോഗബാധിതരായ സ്ത്രീകൾ. സ്തനങ്ങൾ നിലനിർത്തുന്നത് അവരിൽ പോസിറ്റീവ് ആയ ഒരു മാനസിക പ്രഭാവം ഉണ്ടാക്കും. പുതിയ മരുന്നുകളും പുതിയ ചികിത്സാരീതികളും സ്തനാർബുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. ആൻ്റിബോഡി മരുന്നുകളും ഇമ്മ്യൂണോതെറാപ്പിയും വലിയ പങ്കാണ് ഇക്കാര്യത്തിൽ വഹിക്കുന്നത്. വല്ലാതെ വ്യാപിച്ചുപോയ കാൻസറിൽപ്പോലും ഇവ ഫലം കാണുന്നുണ്ട്.
(ഡോ. നിതി കൃഷ്ണ റൈസാദ, സീനിയർ ഡയറക്ടർ, മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമാറ്റോ-ഓങ്കോളജിസ്റ്റ്, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മണ്ട് റോഡ്, ബാംഗ്ലൂർ)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 03, 2023 8:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | സ്തനാർബുദം: മുഴ മാത്രമല്ല വില്ലൻ; ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചെറുക്കാം