മൂന്ന് ദിവസം കൊണ്ട് മാരകമായ നിപ വൈറസിനെ (Nipah Virus) പ്രതിരോധിക്കാന്‍ കഴിയുന്ന വാക്‌സിന്‍ (Vaccine) വികസിപ്പിച്ചെടുത്ത് ടെക്‌സസ് സർവകലാശാലയിലെ ശാസ്ത്രജ്ഞര്‍ (Scientists). നിപ ഒരു സൂനോട്ടിക് വൈറസാണ് (മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്). ഇത് ഭക്ഷണത്തിലൂടെയോ മനുഷ്യരുടെ സ്രവങ്ങളിലൂടെയോ പകരാം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ മൂന്ന് തവണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതുവരെ കേരളത്തില്‍ (Kerala) 12 വയസ്സുള്ള ഒരു ആണ്‍കുട്ടി ഉള്‍പ്പെടെ 20 ഓളം പേര്‍ നിപ ബാധ മൂലം മരിച്ചു.
കോവിഡിനെ പോലെ നിപ വൈറസില്‍ നിന്നുള്ള അണുബാധയും ശ്വാസകോശത്തെ ബാധിക്കുന്നു. എന്നാല്‍ രോഗത്തിന്റെ സ്വഭാവം തീവ്രതയേറിയതാണ്. രോഗബാധിതരിൽ മൂന്നിൽ നാല് പേരും മരണപ്പെടുന്ന സാഹചര്യമാണ് ഇത് ഉണ്ടാക്കുന്നത്. അടുത്ത മഹാമാരിക്ക് കാരണമാകാന്‍ സാധ്യതയുള്ള വൈറസുകളിലൊന്നായി ലോകാരോഗ്യ സംഘടന (WHO) നിപയെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
Also Read-
തലവേദനയുണ്ടാകാറുണ്ടോ? ഇത് മൈഗ്രേൻ ആണോയെന്ന് എങ്ങനെ തിരിച്ചറിയാം?നിപ വൈറസ് ബാധയുണ്ടാക്കുന്നതിന് ഏകദേശം മൂന്ന് മുതല്‍ ഏഴ് ദിവസം മുമ്പാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ആഫ്രിക്കന്‍ പച്ച കുരങ്ങുകള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയത്. വാക്‌സിനേഷന്‍ എടുത്ത എല്ലാ കുരങ്ങുകളും മാരകമായ രോഗത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ടുവെന്നാണ് പ്രൊസീഡിംഗ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് (പിഎന്‍എഎസ്) ജേണലില്‍ പ്രസിദ്ധീകരിച്ച ഫലങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം 67 ശതമാനം മൃഗങ്ങളും വൈറസുമായി സമ്പര്‍ക്കത്തില്‍ വരുന്നതിന് മൂന്ന് ദിവസം മുമ്പ് വാക്‌സിന്‍ എടുത്തെങ്കിലും ഭാഗികമായ സംരക്ഷണമാണ് ലഭിച്ചത്.
Also Read-
പ്രഭാതഭക്ഷണം മുടക്കുന്നത് മറവിരോഗത്തെ വിളിച്ചു വരുത്തുമെന്ന് പഠനം''വൈറസ് വ്യാപനം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഈ വാക്സിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ച സൂചനകൾ നൽകുന്നതാണ് ഈ പഠനങ്ങള്‍. വാക്സിൻ ഫലപ്രദമാകണമെങ്കിൽ നൽകേണ്ട കുറഞ്ഞ ഡോസ് നിർണയിക്കുന്നതിനും വാക്സിന്‍-ഇന്‍ഡ്യൂസ്ഡ് ഇമ്മ്യൂണ്‍ പ്രതികരണങ്ങൾ എത്ര കാലം നീണ്ടുനിൽകുമെന്ന് അറിയാനും ഭാവി പഠനങ്ങള്‍ ആവശ്യമാണ്'', സര്‍വകലാശാലയുടെ മെഡിക്കല്‍ ബ്രാഞ്ചിലെ മൈക്രോബയോളജി ആന്‍ഡ് ഇമ്മ്യൂണോളജി വിഭാഗം മേധാവി തോമസ് ഡബ്ല്യു. ഗീസ്‌ബെര്‍ട്ട് പറഞ്ഞു.
നിലവില്‍ മനുഷ്യരിൽ പരീക്ഷിക്കാൻ വാക്‌സിന് അംഗീകാരം ലഭിച്ചിട്ടില്ല. നിലവില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നിര്‍മ്മിച്ചത് ഉള്‍പ്പെടെയുള്ള എട്ട് വാക്‌സിനുകള്‍ മൃഗങ്ങളിൽ പരീക്ഷിക്കുകയാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കാത്ത വിധം വ്യതിയാനങ്ങൾ വരുത്തിയ, റാബിസിന്റെ അതേ കുടുംബത്തില്‍ നിന്നുള്ള വൈറസിനെയാണ് വാക്സിൻ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
അപൂര്‍വ്വമായാണ് നിപാ വൈറസ് പൊട്ടിപ്പുറപ്പെടുന്നത്. 1999ല്‍ മലേഷ്യയില്‍ ആദ്യമായി വൈറസ് കണ്ടെത്തിയതിന് ശേഷം ഏകദേശം 700 കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നിരുന്നാലും, ലോകാരോഗ്യ സംഘടന നിപാ വൈറസ് ബാധയെ ഒരു പൊതുജനാരോഗ്യ പ്രശ്നമായാണ് കാണുന്നത്. കാരണം ഇത് ജനങ്ങളിൽ ഗുരുതരമായ രോഗങ്ങളും മരണവും ഉണ്ടാക്കുന്നു. എബോള, ലസ്സ ഫീവര്‍, സിക്ക, ക്രിമിയന്‍-കോംഗോ ഹെമറാജിക് ഫീവര്‍, റിഫ്റ്റ് വാലി ഫീവര്‍ തുടങ്ങിയ മാരകമായ രോഗങ്ങളുടെ കൂട്ടത്തിൽ ലോകാരോഗ്യ സംഘടന നിപയെയും പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.