രോഗപ്രതിരോധത്തിനായി ചിറ്റമൃത് ഉപയോഗിക്കാറുണ്ടോ? അമിതമായാൽ പച്ചമരുന്നുകളും കരളിന് ആപത്ത്
- Published by:Joys Joy
- trending desk
Last Updated:
ചിറ്റമൃതിന്റെ ഉപയോഗം സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും വിവേചനരഹിതമായ ഉപയോഗത്തിനും സ്വയം ചികിത്സയ്ക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു.
കോവിഡ് കാലത്ത് രോഗപ്രതിരോധത്തിനായി പച്ച മരുന്നുകളെയും ആയുർവേദ ഔഷധ കൂട്ടുകളെയും ആശ്രയിക്കുന്നവർ നിരവധിയാണ്. എന്നാൽ, ചിറ്റമൃത് പോലുള്ള പച്ചമരുന്നുകളുടെ അമിതോപയോഗം ആളുകളിൽ കരൾരോഗ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പച്ച മരുന്നുകൾ അമിതമായി കഴിക്കുന്നത് രോഗികളിൽ കരൾ രോഗങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ക്ലിനിക്കൽ, പരീക്ഷണങ്ങൾക്ക് ശേഷം ഹെപ്പറ്റോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത് അനുസരിച്ച് കോവിഡ് സമയത്ത് പ്രതിരോധശേഷി ലഭിക്കുന്നതിനായി കൂടുതൽ പച്ചമരുന്നുകൾ കഴിക്കുന്നത് കരൾ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകാം എന്നാണ്. 2020 സെപ്റ്റംബർ മുതൽ 2020 ഡിസംബർ വരെ കരൾരോഗ ബാധിതരായ ആറ് രോഗികളുടെ അനുഭവം രേഖപ്പെടുത്തിയാണ് ഗവേഷകർ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
advertisement
പഠനത്തിൽ കണ്ടെത്തിയ വിശദാംശങ്ങൾ:
ആദ്യ രോഗി - മഞ്ഞപ്പിത്തം ബാധിച്ച 40 വയസുള്ള പുരുഷൻ. 15 ദിവസം ഇദ്ദേഹത്തിന് മഞ്ഞപ്പിത്തം നീണ്ടു നിന്നു. ചിറ്റമൃതിന്റെ 10 മുതൽ 12 കഷണങ്ങൾ വരെ കറുവപ്പട്ടയും ഗ്രാമ്പൂവും ചേർത്ത് അര ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് രണ്ട് ദിവസത്തിലൊരിക്കൽ കുടിക്കുമായിരുന്നു. മഹാമാരി സമയത്ത് രോഗപ്രതിരോധ ശേഷിക്കായി ആളുകൾ വ്യാപമായി ഉപയോഗിച്ച് വരുന്ന ആയുർവേദ ഔഷധ ചെടിയാണ് ചിറ്റമൃത്. ടിനോസ്പോറ കോർഡിഫോളിയ എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. രോഗലക്ഷണങ്ങൾ പൂർണമായി പരിഹരിക്കുന്നതിനും കരളിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കുന്നതിനുമായി ഈ രോഗിയെ അഞ്ച് മാസം ചികിത്സിക്കേണ്ടി വന്നതായി ഗവേഷകർ പറയുന്നു.
advertisement
രണ്ടാമത്തെ രോഗി - ടൈപ്പ് - 2 ഡയബറ്റിസ് മെലിറ്റസ് ഉള്ള 54 വയസുള്ള ഒരു സ്ത്രീ ആയിരുന്നു പഠനത്തിൽ വിശകലനം ചെയ്ത രണ്ടാമത്തെ രോഗി. ഇവർക്ക് ഒരാഴ്ച നീണ്ടുനിന്ന മഞ്ഞപ്പിത്തമാണ് ഉണ്ടായത്. ഏഴ് മാസത്തോളം തുടർച്ചയായി ഇവർ ചിറ്റമൃത് ഉപയോഗിച്ചിരുന്നു. പ്രതിദിനം ഒരു കഷണം വീതം വെള്ളത്തിലിട്ട് തിളപ്പിച്ചാണ് കുടിച്ചിരുന്നത്.
advertisement
മൂന്നാമത്തെ രോഗി - 38 വയസുള്ള ഒരു പുരുഷനായിരുന്നു ഒരാഴ്ച നീണ്ടുനിന്ന മഞ്ഞപ്പിത്തം ബാധിച്ച മറ്റൊരു രോഗി. രോഗം വരുന്നതിന് ആറുമാസം മുമ്പ് ചിറ്റമൃതിന്റെ 3 മുതൽ 4 കഷണങ്ങൾ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് 15 മില്ലി വീതം പ്രതിദിനം ഇദ്ദേഹം കഴിച്ചിരുന്നു.
നാലാമത്തെ രോഗി - ടൈപ്പ് - 2 ഡയബറ്റിസ് മെലിറ്റസ് ഉള്ള 62 വയസുള്ള ഒരു സ്ത്രീ ആയിരുന്നു മറ്റൊരു രോഗി. ശാരീരിക അസ്വസ്ഥതകൾ, വിശപ്പ് കുറയൽ, മൂത്രം ഒഴിക്കുമ്പോഴുള്ള വയറുവേദന, കണ്ണുകൾ, ചർമം എന്നിവയുടെ മഞ്ഞനിറം എന്നീ രോഗലക്ഷങ്ങളാണ് ഇവർക്കുണ്ടായിരുന്നത്. ഇവരും ചിറ്റമൃത് അടങ്ങിയ സിറപ്പ് ഉപയോഗിച്ചിരുന്നു.
advertisement
അഞ്ചാമത്തെയും ആറാമത്തെയും രോഗികളും മഞ്ഞപ്പിത്തം ബാധിച്ചവരായിരുന്നു.
ആയുഷ് മന്ത്രാലയത്തിന്റെ പ്രതികരണം
ചിറ്റമൃതിന്റെ ഉപയോഗം സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും വിവേചനരഹിതമായ ഉപയോഗത്തിനും സ്വയം ചികിത്സയ്ക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ച് 500 മില്ലിഗ്രാം അല്ലെങ്കിൽ 1 - 3 ഗ്രാം ചിറ്റമൃതിന്റെ പൊടി ദിവസവും രണ്ടു തവണ ചൂടുവെള്ളത്തിൽ 15 ദിവസമോ ഒരു മാസമോ അല്ലെങ്കിൽ ആയുർവേദ വൈദ്യൻ നിർദ്ദേശിക്കുന്ന പ്രകാരമോ കഴിക്കാം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 06, 2021 12:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
രോഗപ്രതിരോധത്തിനായി ചിറ്റമൃത് ഉപയോഗിക്കാറുണ്ടോ? അമിതമായാൽ പച്ചമരുന്നുകളും കരളിന് ആപത്ത്


