ഉള്ളിയും വെളുത്തുള്ളിയും കഴിക്കാന്‍ ഭാര്യ തയ്യാറായില്ല; 22 വര്‍ഷത്തെ ദാമ്പത്യം അവസാനിച്ചു
- Published by:meera_57
- news18-malayalam
Last Updated:
2002-ലാണ് ദമ്പതികളുടെ വിവാഹം. മരുമകൾക്ക് ഭര്‍ത്താവിന്റെ അമ്മ ഉള്ളിയും വെളുത്തുള്ളിയും ചേര്‍ക്കാത്ത പ്രത്യേക വിഭവങ്ങള്‍ തുടക്കത്തില്‍ പാകം ചെയ്തു നൽകിയിരുന്നു
ഭാര്യ ഉള്ളിയും വെളുത്തുള്ളിയും കഴിക്കാന്‍ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 22 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിച്ചു. ഗുജറാത്തിലാണ് സംഭവം. അടുക്കളത്തര്‍ക്കം രൂക്ഷമായി കോടതിയില്‍ എത്തുകയായിരുന്നു എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിക്കാനുള്ള കുടുംബക്കോടതിയുടെ തീരുമാനം ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. സ്വാമിനാരായണ സമ്പ്രദായത്തിലെ വിശ്വാസം അനുസരിച്ചുള്ളതായിരുന്നു ഭാര്യയുടെ ഭക്ഷണക്രമം. ഇത് പ്രകാരം ഉള്ളി, വെളുത്തുള്ളി തുടങ്ങിയ ചേരുവകള്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാറാണ് പതിവ്.
2002-ലാണ് ദമ്പതികളുടെ വിവാഹം. മരുമകൾക്ക് ഭര്‍ത്താവിന്റെ അമ്മ ഉള്ളിയും വെളുത്തുള്ളിയും ചേര്‍ക്കാത്ത പ്രത്യേക വിഭവങ്ങള്‍ തുടക്കത്തില്‍ പാകം ചെയ്തു നൽകിയിരുന്നു. മറ്റുള്ളവര്‍ പതിവുപോലെ ആഹാരം കഴിക്കും. ഒരു അഡ്ജസ്റ്റ്‌മെന്റായി തുടങ്ങിയത് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറി. ചെറിയ ഒരു പ്രശ്‌നം ദമ്പതികള്‍ക്കിടയിലെ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമായതായി കോടതി ചൂണ്ടിക്കാട്ടി. പരസ്പരം പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകാതെ വന്നതോടെ വിവാഹബന്ധം തകർന്നു.
advertisement
മതവിശ്വാസവും ഉള്ളിയും വെളുത്തുള്ളിയും കഴിക്കുന്നതും ദമ്പതികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കിയതായി കോടതി പറഞ്ഞുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വിവാഹമോചനത്തെ ഭാര്യ ചോദ്യം ചെയ്തിട്ടില്ല. പകരം കുടുംബ കോടതിയില്‍ ജഡ്ജി അനുവദിച്ച ജീവനാംശത്തെ കുറിച്ചുള്ള ആശങ്കയാണ് അവര്‍ പങ്കുവെച്ചിട്ടുള്ളതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
സംഭവത്തില്‍ പരാതിയുമായി ഭര്‍ത്താവ് അഹമ്മദാബാദിലെ മഹിള പോലീസ് സ്‌റ്റേഷനില്‍ സമീപിച്ചിരുന്നു. ഭാര്യ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി അദ്ദേഹം ആരോപിച്ചു. തുടര്‍ച്ചയായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവില്‍ 2007-ല്‍ ഭാര്യ കുട്ടിയുമായി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങി. 2013-ല്‍ ഭര്‍ത്താവ് വിവാഹമോചന കേസ് നല്‍കി. 2024 മേയില്‍ അഹമ്മദാബാദ് കുടുംബ കോടതി ദമ്പതികള്‍ക്ക് വിവാഹ മോചനം അനുവദിച്ചു.
advertisement
കുടുംബ കോടതി ഉത്തരവുണ്ടായിട്ടും 18 മാസമായി ജീവനാംശം ലഭിച്ചിട്ടില്ലെന്ന് സ്ത്രീ ഗുജറാത്ത് ഹൈക്കോടതിയില്‍ പറഞ്ഞു. 13.02 ലക്ഷം രൂപയാണ് കുടിശ്ശികയുള്ളതെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇടക്കാല ജീവനാംശമായി 2.72 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും കോടതിയെ അറിയിച്ചു.
സ്വാമിനാരായണന്‍ ഡയറ്റ്
സാത്വിക ഭക്ഷണങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ലാക്ടോ-വെജിറ്റേറിയന്‍ ഭക്ഷണക്രമമാണ് സ്വാമിനാരായണന്‍ ഡയറ്റ്. മദ്യം, ഉത്തേജകങ്ങള്‍, കനത്തതോ വറുത്തതോ ആയ വിഭവങ്ങള്‍ എന്നിവ കഴിക്കാന്‍ പാടുള്ളതല്ല. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും പാലുത്പന്നങ്ങളും മാത്രമാണ് ഇത് പ്രകാരം കഴിക്കാനാകുക. മാംസം, മത്സ്യം, മുട്ട എന്നിവ ഒഴിവാക്കണം. വെളുത്തുള്ളി, ഉള്ളി തുടങ്ങിയവയും ആത്മീയ വ്യക്തതയ്ക്ക് അനുയോജ്യമല്ലാത്തതിനാല്‍ ഒഴിവാക്കുന്നു. നെയ്യ്, പരിപ്പ്, വിത്തുകള്‍, പ്രകൃതിദത്ത മധുരപലഹാരങ്ങള്‍ എന്നിവ അനുവദനീയമായ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 11, 2025 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഉള്ളിയും വെളുത്തുള്ളിയും കഴിക്കാന്‍ ഭാര്യ തയ്യാറായില്ല; 22 വര്‍ഷത്തെ ദാമ്പത്യം അവസാനിച്ചു








