• HOME
 • »
 • NEWS
 • »
 • life
 • »
 • 'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി

'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി

തിരുവനന്തപുരം നഗരത്തിലെ മോഡല്‍ സ്‌കൂളിലും പിന്നീട് എംജി കോളജിലുമാണ് മോഹൻലാലും നായരും പഠിച്ചത്.

കെ.ആർ നായർ മോഹൻ ലാലിനൊപ്പം

കെ.ആർ നായർ മോഹൻ ലാലിനൊപ്പം

 • Share this:
  ദുബായ്: വെള്ളിത്തിരയിൽ മിന്നും താരമായി പ്രശസ്തിയുടെ പടവുകൾ ചവിട്ടിക്കയറി അറുപതിൽ എത്തി നിൽക്കുന്ന നടന വിസ്മയം മോഹൻലാലിന് പിന്നാൾ ആശംസകൾ നേർന്ന് സഹപാഠിയായ ഒരു മാധ്യമ പ്രവർത്തകൻ. ദുബായിലെ കെ.ആര്‍.നായരാണ് മോഹൻലാലിന് ആശംസകൾ നേരുന്നത്.


  സഹപാഠിയുടെ പിന്നാളിനോടനുബന്ധിച്ച് സ്‌കൂള്‍ കാലം മുതലുള്ള ഓര്‍മകള്‍ നായര്‍ ഇന്നലെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് നായരുടെ കുറിപ്പിനു താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.  തിരുവനന്തപുരം നഗരത്തിലെ മോഡല്‍ സ്‌കൂളിലും പിന്നീട് എംജി കോളജിലുമാണ് മോഹൻലാലും നായരും പഠിച്ചത്. ഒരേ ക്ലാസിലായിരുന്നെങ്കിലും രണ്ട് ഡിവിഷനുകളിലായിരുന്നു ഇരുവരുടെയും പഠനം. എന്നാൽ ക്രിക്കറ്റ് ഗ്രൗണ്ടിലും നാടകക്കളരിയിലുമൊക്കെ ഇരുവരും ഒന്നിച്ചായിരുന്നെന്ന് നായർ ഓർത്തെടുക്കുന്നു.
  TRENDING:Happy Birthday Mohanlal | നടനവൈഭവത്തിന്റെ അറുപത് ചിത്രങ്ങൾ [PHOTOS]സ്പ്രിങ്ക്ളറിനെ ഒഴിവാക്കി; കോവിഡ് ഡേറ്റ സി-ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് സർക്കാർ [NEWS]Happy Birthday Mohanlal:Super Dialogues ‘എന്റെ റോൾ; അത് മറ്റാർക്കും പറ്റില്ല, അതെല്ലാവർക്കും അറിയാം’ [VIDEO]
  ''കാരവന്‍ എന്നായിരുന്നു അന്ന് ഞാന്‍ ക്യാപ്റ്റനായ ക്രിക്കറ്റ് ടീമിന്റെ പേര്. ലാലുവും സംവിധായകന്‍ പ്രിയദര്‍ശനും പൂജപ്പുര ക്രിക്കറ്റ് ക്ലബിലെ അംഗങ്ങളും. സൗഹൃദവലയത്തില്‍പ്പെട്ട നടന്‍ മണിയന്‍പിള്ള രാജു, നന്ദു, ഗായകരായ എം.ജി.ശ്രീകുമാര്‍, ജി.വേണുഗോപാല്‍, നിര്‍മാതാവ് സുരേഷ് കുമാര്‍, ബിസിസി അംഗമായ എസ്.കെ.നായര്‍, കേരളാ സെലിബ്രിറ്റി ക്രിക്കറ്റ് ടീം മാനേജറായ ചന്ദ്രസേനന്‍ തുടങ്ങിയവരെല്ലാം തന്നെ ക്രിക്കറ്റ് പ്രേമികളായിരുന്നു. എന്നാല്‍, ലാലുവിന് ക്രിക്കറ്റിനേക്കാളും അഭിനിവേശം നാടകത്തോടും. പ്രിയദര്‍ശനാണെങ്കില്‍ ക്രിക്കറ്റില്‍ മുഴുകിയും നടന്നു. ഒരിക്കല്‍ കളിക്കുമ്പോള്‍ ഹനീഫ എന്ന സുഹൃത്ത് എറിഞ്ഞ പന്ത് കൊണ്ടാണ് പ്രിയന്റെ ഒരു കണ്ണിന് തകരാറ് പറ്റിയത്. 1975ല്‍ ഞങ്ങള്‍ എസ്എസ്എല്‍സി കഴിഞ്ഞു. ക്രിക്കറ്റിനോടൊപ്പം എല്ലാവര്‍ക്കും നാടകത്തോടും ഇഷ്ടമായിരുന്നു''- നായർ പറയുന്നു.

  എം.ജി കോളജിൽ നായര്‍ ബിഎ ഇക്കണോമിക്‌സും മോഹന്‍ലാല്‍ ബികോമുമായിരുന്നു പഠിച്ചത്. മോഹൻലാൽ സിനിമയിലേക്ക് ചേക്കേറിയ കാലത്ത് പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ നായർ ജേർണലിസ്റ്റാകാൻ മുംബെയിലേക്ക് വണ്ടികയറി.

  ഇക്കാലങ്ങളിലെല്ലാെ സുരേഷ് കുമാറുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം ഓർക്കുന്നു. സുരേഷ് കുമാറാണ് ലാല്‍ എന്ന നടനെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിച്ചതെന്നും നായർ പറയുന്നു.

  ദുബായിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'ഗൾഫ് ന്യൂസ്' ദിനപത്രത്തിനു വേണ്ടി നായർ മോഹൻലാലിനെ ഇന്റർവ്യൂ ചെയ്യുകയും ചെയ്തു. 'മോഹന്‍ലാല്‍ ആന്‍ഡ് ദ് മാജിക് ലാംപ്' എന്ന പരിപാടിയുടെ ഭാഗമായായിരുന്നു ആ അഭിമുഖം.


  ''അന്ന് ഞങ്ങളുടെ കാരവന്‍ ക്ലബുമായുള്ള മത്സരത്തില്‍ പൂജപ്പുര ടീമിന് വേണ്ടി ലാലു രണ്ട് കൂറ്റന്‍ സിക്‌സറടിച്ചതടക്കം പലതും ഞങ്ങളോര്‍ത്തു, ചിരിച്ചു. വര്‍ഷങ്ങളോളം ഒന്നിച്ച് പഠിച്ച ചങ്ങാതിയെ ഇന്റര്‍വ്യൂ നടത്തിയപ്പോള്‍ അത് വേറിട്ട അനുഭവമായി''- നായര്‍ പറയുന്നു:

  ''ജോലിത്തിരക്ക് കാരണം അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും എനിക്ക് കാണാന്‍ സാധിച്ചിട്ടില്ലെന്ന് ഞാൻ ലീലുവിനോട് പറഞ്ഞു. അപ്പോള്‍ പുഞ്ചിരിയോടെയാണ് ലാലു പ്രതികരിച്ചത്. ഞാന്‍ നായരോട് എന്റെ കഥ പറയാം, വേണ്ടതുപോലെ എഴുതിക്കോളൂ. 'ടിന്‍സല്‍ ടൗണ്‍സ് ഫേവേര്‍ഡ് മജിഷ്യന്‍' എന്ന പേരില്‍ ആ അഭിമുഖം അച്ചടിച്ചുവന്നു''.- നായർ പറഞ്ഞു
  ''അന്നൊരിക്കല്‍ ഞാനും സുഹൃത്തുക്കളും തിരുവനന്തപുരം തൈക്കാട് നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതുവഴി ബൈക്കിലെത്തിയ മോഹന്‍ലാല്‍ ഞങ്ങളോട് പറഞ്ഞു, താനഭിനയിച്ച മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം എംപി തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന്. ഉടന്‍ തന്നെ ഞങ്ങളെല്ലാം തിയറ്ററിലേയ്‌ക്കോടി ചിത്രം കണ്ടു. റിലീസായി രണ്ടാമത്തെ ദിവസമായിരുന്നു അത്."

  ലാൽ പല തവണ ദുബായിൽ വന്നു പോയെങ്കിലും അപ്പോഴൊന്നും വീണ്ടും ഇന്റർവ്യൂ ചെയ്യാനുള്ള അവസരമുണ്ടായില്ലെന്ന് നായർ പറയുന്നു. ''ലാലു ക്യാപ്റ്റനായ കേരളാ സെലിബ്രിറ്റി ടീമിന്റെ മത്സരം 2013ല്‍ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്നപ്പോള്‍ അതു റിപോര്‍ട്ട് ചെയ്യാനെത്തിയ ഞാൻ  ലാലുവിനെ നേരിട്ട് കാണുകയും ചെയ്തു. ഓരോ വയസ്സ് പിന്നിടുമ്പോഴും നമുക്ക് അതൊരു സംഭവമാക്കി മാറ്റാന്‍ കഴിയുന്നതാണ് മോഹന്‍ലാല്‍ ചെയ്തുകൊണ്ടിരിക്കുന്ന മാജിക്. 'ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുള്ളയാളാണ് ഞാന്‍, സത്യം പറയട്ടെ, ഞാന്‍ വര്‍ത്തമാനകാലത്താണ് ജീവിക്കുന്നത്''-ലാലു അന്ന് പറഞ്ഞ വാക്കുകള്‍ നായര്‍ ഇന്നും ഓര്‍ക്കുന്നു. അതു കൊണ്ടായിരിക്കാം, മോഹന്‍ലാല്‍ എന്ന അഭിനേതാവ് യുവ പ്രേക്ഷകരുടെ ഹൃദയത്തില്‍ പോലും നിത്യഹരിത നായകനായി കുടിയേറിയിരിക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം.

  ദുബായില്‍ കോളജ് അധ്യാപികയായ അജിതയാണ് ഭാര്യ. ഏക മകള്‍ നന്ദിത അമേരിക്കയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി വിദ്യാർഥിയാണ്.

  Published by:Aneesh Anirudhan
  First published: