'ഏതു മതത്തിൽപെട്ടയാൾ മരിച്ചാലും പള്ളിയിൽനിന്ന് അറിയിക്കും'; ഈ ജമാഅത്ത് പള്ളിയുടെ തീരുമാനം
- Published by:Sarika KP
- news18-malayalam
Last Updated:
'ഏതു മതത്തിൽ പെട്ടയാൾ മരിച്ചാലും പള്ളിയിൽനിന്ന് അറിയിക്കും'; തട്ടുപറമ്പ് ജമാഅത്ത് പള്ളിയിൽ ഇനി മരണ അറിയിപ്പിന് മതമോ ജാതിയോ ഇല്ല
മൂവാറ്റുപുഴ: ഏതു മതത്തിൽ പെട്ടയാൾ മരിച്ചാലും അയാളുടെ പേരും വീട്ടുപേരും സംസ്കാര സ്ഥലവും സമയവുമെല്ലാം അറിയിക്കുന്ന ഒരു പളളിയുണ്ട് നമ്മുടെ കേരളത്തിൽ. ജാതിക്കോ മതത്തിനോ പ്രാധാന്യം നൽകാതെ മനുഷ്യബന്ധത്തിനു മാത്രം പ്രാധാന്യം നൽകുന്ന പേഴയ്ക്കാപ്പിളളി തട്ടുപറമ്പ് മുസ്ലീം ജമാ-അത്ത് പളളി. ഇവിടത്തെ മിനാരത്തിലെ ഉച്ചഭാഷിണികളിൽ ഇതര മതസ്ഥർ മരിച്ച വാർത്തകളും അറിയിക്കും.
മരിച്ച ആളുടെ ബന്ധുക്കളോ ഉത്തരവാദപ്പെട്ടവരോ പള്ളിയിൽ വന്ന് വിവരങ്ങൾ എഴുതി നൽകിയാൽ മതി. സലാം തണ്ടിയേക്കൽ പ്രസിഡന്റായിരുന്ന രണ്ട് മാസം മുൻപ് സ്ഥാനമൊഴിഞ്ഞ ഭരണസമിതിയാണ് എല്ലാ മതസ്ഥരുടെയും മരണ വിവരം പള്ളിയിൽ നിന്നറിയിക്കണം എന്ന ആശയത്തിന് അനുമതി നൽകിയത്.
തുടർന്ന് ജമാഅത്ത് പ്രസിഡന്റ് അബ്ദുൾ കബീർ, സെക്രട്ടറി അനസ് വാഴച്ചാലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണ സമിതി കഴിഞ്ഞ പൊതുയോഗത്തിലാണ് വിപ്ളവകരമായ തീരുമാനമെടത്തത്. പളളി ഭരണസമിതിയുടെ പുതിയ തീരുമാനത്തെ ഇരുകൈകളും നീട്ടിയാണ് വിശ്വാസികളും മറ്റ് സമുദായാംഗങ്ങളും സ്വീകരിച്ചത്. മാനവിക ഐക്യവും മാറ്റിനിർത്തലിൽനിന്നുള്ള മോചനവുമാണ് ഏറ്റവും പ്രധാനമെന്നും ലോകത്ത് എല്ലാവരുടെയും സങ്കടങ്ങൾ ഒന്നാണെന്നുമുള്ള സന്ദേശമാണിതെന്നും അബ്ദുൾ കബീർ കൂട്ടിച്ചേർത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
June 16, 2023 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
'ഏതു മതത്തിൽപെട്ടയാൾ മരിച്ചാലും പള്ളിയിൽനിന്ന് അറിയിക്കും'; ഈ ജമാഅത്ത് പള്ളിയുടെ തീരുമാനം