Rabindranath Tagore Jayanti 2021 | മഹാനായ ടാഗോറിന്റെ ചില മഹത് വചനങ്ങൾ
Last Updated:
'മരണം പ്രകാശത്തെയാകെ കെടുത്തുകയല്ല ചെയ്യുന്നത്; പ്രഭാതം വന്നെത്തിയതിനാൽ വിളക്ക് കെടുത്തുക മാത്രമാണ് ചെയ്യുന്നത്'
ഇന്ത്യയിൽ നിന്നുള്ള ആദ്യ നോബൽ സമ്മാനജേതാവായ രബീന്ദ്രനാഥ ടാഗോറിന്റെ സ്മരണ എക്കാലവും നമ്മുടെ മനസുകളിൽ നിലനിൽക്കും. കവി, തത്വചിന്തകൻ, രാജ്യസ്നേഹി, സാമൂഹ്യ ചിന്തകൻ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന ടാഗോർ ഇന്ത്യ ജന്മം നൽകിയ എക്കാലത്തെയും വലിയ വിപ്ലവകാരികളിൽ ഒരാളാണെന്ന് നിസംശയം പറയാം.
പ്രകൃതിവാദം, മാനവികത, അന്താരാഷ്ട്രവാദം, ആദർശവാദം എന്നിവയുടെ വക്താവായി അദ്ദേഹം എക്കാലവും നിലകൊണ്ടു. ഈ ആശയങ്ങൾ വിദ്യാഭ്യാസത്തിലൂടെ പകർന്നു നൽകാൻ അദ്ദേഹം ശാന്തിനികേതൻ എന്ന പേരിൽ ഒരു വിദ്യാലയവും സ്ഥാപിച്ചു. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. രബീന്ദ്രനാഥ ടാഗോറിന്റെ പ്രസിദ്ധമായ ചില വചനങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം:
' ജീവിതത്തിൽ നിന്ന് സൂര്യൻ മാഞ്ഞുപോയതുകൊണ്ട് നിങ്ങൾ കരയുകയാണെങ്കിൽ ആ കണ്ണുനീർ നക്ഷത്രങ്ങളുടെ കാഴ്ച നിങ്ങളിൽ നിന്ന് മറയ്ക്കും'
ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യത്തെക്കുറിച്ച് മാത്രമാണ് നമ്മുടെ ചിന്തയെങ്കിൽ ആ യാത്രയിലുടനീളം ഉണ്ടാകുന്ന ചെറിയ ചെറിയ സന്തോഷങ്ങൾ നമ്മൾ കണ്ടെന്ന് വരില്ല. അത്തരം മനോഭാവം വിജയത്തിന് വേണ്ടിയുള്ള അതിയായ ദാഹത്തിന് കാരണമാകും, ജീവിതമാകട്ടെ പ്രതീക്ഷയോ ആനന്ദമോ ഒക്കെ നഷ്ടപ്പെട്ട് തീർത്തും വിരസമായി മാറുകയും ചെയ്യും.
advertisement
'മേഘങ്ങൾ എന്റെ ജീവിതത്തിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. കാറ്റോ മഴയോ വഹിച്ചു കൊണ്ടല്ല, മറിച്ച് സൂര്യൻ അസ്തമിക്കാറായ എന്റെ ആകാശത്തിന് നിറം നൽകാൻ'
മനുഷ്യൻ, ജീവിതം, ദൈവം എന്നിവയെക്കുറിച്ചുള്ള തത്വചിന്ത കൂടി നിറഞ്ഞതാണ് ടാഗോറിന്റെ ചിന്തകൾ. പ്രകൃതിയുമായി തികവുറ്റ ബന്ധം നിലനിർത്തിക്കൊണ്ടുള്ള ജീവിതത്തിന്റെ വക്താവായിരുന്നു അദ്ദേഹം. മഴയുടെയും കാറ്റിന്റെയുമൊക്കെ സ്രോതസ് മാത്രമായാണ് നമ്മളിൽ പലരും മേഘങ്ങളെ കാണുന്നതെങ്കിൽ ടാഗോറിന് അതിന്റെ സൗന്ദര്യത്തെ കാണാനാകുന്നു.
advertisement
'മരണം പ്രകാശത്തെയാകെ കെടുത്തുകയല്ല ചെയ്യുന്നത്; പ്രഭാതം വന്നെത്തിയതിനാൽ വിളക്ക് കെടുത്തുക മാത്രമാണ് ചെയ്യുന്നത്'
മരണഭീതി ലോകത്തെ മനുഷ്യരെല്ലാവരും പങ്കിടുന്ന പൊതുവായ ഒരു വികാരമാണ്. നമ്മളെ നമ്മുടെ ശരീരമായി മാത്രം തിരിച്ചറിയുകയും ഈ ലൗകികമായ അസ്തിത്വം അനന്തകാലത്തേക്ക് നിലനിൽക്കണമെന്ന് നമ്മൾ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ, ടാഗോറിന്റെ ഈ വചനം മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് നമുക്ക് പുതിയൊരു ഉൾക്കാഴ്ച നൽകുന്ന ഒന്നാണ്. മരണശേഷം ജീവിതം പുതിയൊരു അനുഭവമായി കാത്തിരിക്കുന്നുണ്ടാവാം. ഒരു മഹത്തായ ലോകത്തേക്ക് മരണം വാതിൽ തുറക്കുകയാണെന്ന സങ്കൽപ്പമാണ് അദ്ദേഹം പങ്കു വെയ്ക്കുന്നത്.
advertisement
'താഴ്മയിൽ വലിയവരാണെങ്കിൽ നാം വലിയവരോട് ചേർന്നു നിൽക്കുന്നു'
അറിവ് സമുദ്രത്തോളം വലുതാണെന്നും നമ്മൾ അതിൽ നിന്നുള്ള ഒരു തുള്ളി മാത്രമേ അറിഞ്ഞിട്ടുള്ളൂ എന്നുമുള്ള ബോധ്യമാണ് ജ്ഞാനത്തിന്റെ അന്തഃസത്ത. ഈ ലോകത്തെ മഹത്തായ മനുഷ്യരെല്ലാം വിനയാന്വിതരും ലാളിത്യം ഉള്ളവരുമായിരുന്നു. അറിവുള്ള മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് അവരുടെ വിനയമാണ്. എത്രത്തോളം നേട്ടങ്ങളോ വിജയങ്ങളോ കൈവരിച്ചവരാണെങ്കിലും വിനയം ഒരു സ്വഭാവഗുണമായി വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ടാഗോർ ഇവിടെ സംസാരിക്കുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2021 11:01 AM IST


