വീട്ടുജോലി ചെയ്യാൻ കഷ്‌ടപ്പെടുന്ന ഉമ്മയെ സഹായിക്കാൻ മകന്റെ സമ്മാനം 'ആൻഡ്രോയിഡ് പാത്തൂട്ടി'
- Published by:user_57
- news18-malayalam
Last Updated:
നല്ല കുപ്പായം ഒക്കെ കൊടുത്ത് ഉമ്മ സെറീന പാത്തൂട്ടിയെ ഒരു മൊഞ്ചത്തി ആക്കി
വീട്ടിൽ ഉമ്മയെ സഹായിക്കാൻ ഒരു റോബോട്ടിനെ നിർമ്മിച്ചു നൽകിയിരിക്കുകയാണ് കണ്ണൂരിലെ ഒരു വിദ്യാർഥി. വേങ്ങാട് സ്വദേശി മുഹമ്മദ് ഷിയാദിന്റെ വീട്ടിൽ എത്തിയാൽ ഭക്ഷണം കൊണ്ടുവരുന്നത് ആൻഡ്രോയിഡ് പാത്തൂട്ടിയാണ്. സുന്ദരിയായ പാത്തൂട്ടി ഇപ്പോൾ നാട്ടിലും ഒരു താരമാണ്.
കണ്ണൂർ വേങ്ങാട്മെട്ട കരയംതൊടിയിൽ റിച്ച് മഹലിൽ എത്തുന്നവരെ സ്വീകരിക്കുന്നതും സൽക്കരിക്കുന്നതും പാത്തൂട്ടിയാണ്. ഇ.കെ. നായനാർ സ്മാരക ഗവ. എച്ച്.എസ്.എസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥി മുഹമ്മദ് ഷിയാദ്, ഉമ്മ സറീനക്കു വേണ്ടിയാണ് ഈ റോബോട്ടിനെ നിർമ്മിച്ചത്. നല്ല കുപ്പായം ഒക്കെ കൊടുത്ത് സെറീന പാത്തൂട്ടിയെ ഒരു മൊഞ്ചത്തിയാക്കി. ഓട്ടോമാറ്റിക്കായും മാന്വലായും റോബോട്ട് പ്രവർത്തിക്കും.
ആറ് കിലോ ഭാരം വഹിച്ചുനടക്കാൻ 'പാത്തൂട്ടി'ക്ക് സാധിക്കും. റോബോട്ടിനെ നിർമ്മിക്കുന്നതിന് 10,000 രൂപയോളം ചിലവ് വന്നു. സഹപാഠി അർജുനും നിർമ്മാണ പ്രവർത്തനത്തിൽ സഹായിയായി. പാപ്പിനിശ്ശേരി ഹിദായത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.കെ.അബ്ദുൾ റഹ്മാന്റെ മകനാണ് മുഹമ്മദ് ഷിയാദ്.
advertisement
ഉമ്മ സറീന അടുക്കളയിൽ ഒരു സഹായിയെ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ. എല്ലാം ഉപ്പ അബ്ദുൾ റഹ് മാന്റെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും കൊണ്ടാണെന്ന് മകൻ ഷിയാദ് പറയുന്നു. പുതുതായി നിർമ്മിച്ച റോബോട്ട് പ്രത്യേകം സജ്ജമാക്കിയ പാത്ത് തിരിച്ചറിഞ്ഞ് അതിലൂടെ സഞ്ചരിക്കുന്നതിനാലാണ് പാത്തൂട്ടി എന്ന് പേരിട്ടിരിക്കുന്നത്.
പാത്തൂട്ടി ഒരിക്കലും ഒരു വേലക്കാരിയല്ല. അവൾ നമുക്ക് ഒരു മകളെ പോലെയാണെന്ന് ഷിയാദിന്റെ ഉമ്മാമ ആയിഷ പറയുന്നു. കള്ളം പറയാനോ വഴക്കിടാനോ പരദൂഷണം പറയാനോ പാത്തൂട്ടിക്ക് നേരമില്ല. ഏൽപ്പിച്ച പണി കൃത്യമായി ചെയ്യുന്ന മൊഞ്ചത്തിക്കുട്ടിയാണ് പാത്തൂട്ടി എന്ന് സഹോദരൻ ഷിയാസ്.
advertisement
വീട്ടിലെത്തുന്ന സന്ദർശകരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടി വരികയാണ്. എല്ലാവരും പാത്തൂട്ടിയെ കാണാനുള്ള തിടുക്കത്തിലാണ്. റോബോട്ട് ഉണ്ടാക്കാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഷിയാദിന് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. "വീട്ടിലെ ഫുഡ് സപ്ലയർ റോബോട്ടാണ് പാത്തൂട്ടി. അടുക്കളയിൽ നിന്ന് ഡൈനിംഗ് ഹാളിലേക്ക് ഭക്ഷണം എത്തിക്കുകയും ഭക്ഷണശേഷമുള്ള പാത്രങ്ങളും മറ്റും തിരികെ അടുക്കളയിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന പണിയാണ് ഇപ്പോൾ പാത്തൂട്ടി ചെയ്യുന്നത്.
അതേസമയം വീട്ടിനു വെളിയിൽ മുറ്റത്തുള്ളവർക്കും ഭക്ഷണസാധനങ്ങൾ എത്തിച്ചു കൊടുക്കാനും പാത്തൂട്ടി തയ്യാറാണ്. ഡൈനിംഗ് ഹാളിലെ തീൻമേശയ്ക്ക് അരികിൽ ഇരിക്കുന്നവർ ആവശ്യപ്പെടുന്നതനുസരിച്ച് ഓരോ ഭക്ഷണപാനീയങ്ങളും എടുത്തു കൊണ്ടു നടക്കാൻ വീട്ടമ്മമാർ വളരെ പ്രയാസപ്പെടുന്നുണ്ട്. മാത്രമല്ല, ഈ സമയത്ത് അടുപ്പിലെ പാത്രങ്ങൾ തിളച്ചുമറിഞ്ഞും കരിഞ്ഞും പല അപകടങ്ങളും ഉണ്ടാകാനിടയുണ്ട്.
advertisement
ഒരു സാധാരണ കുടുംബത്തിലെ വീട്ടമ്മയായ എന്റെ മമ്മിയുടെ കഷ്ടപ്പാട് നേരിട്ട് കണ്ടപ്പോഴാണ് ഇങ്ങിനെയൊരു ആശയം എന്റെ മനസ്സിലുദിച്ചത്. ഇക്കാലത്ത് ലക്ഷങ്ങൾ മുടക്കാതെ ഇതുപോലുള്ള ഒരു റോബോട്ട് വാങ്ങിക്കാൻ നമുക്ക് സാധ്യമല്ല. എന്നാൽ വളരെ ചുരുങ്ങിയ ചെലവിൽ ഞാൻ നിർമ്മിച്ചിട്ടുള്ള ഈ യന്തിരൻ ഇനി മുതൽ സാധാരണക്കാരിൽ സാധാരണക്കാരായ വീട്ടമ്മമാരുടെ അടുക്കളയിലെ സഹായികളായിരിക്കും," ഷിയാദ് പറയുന്നു.
ഈ റോബോട്ടിനെ ഓട്ടോമാറ്റിക്കായും മാന്വലായും നിയന്ത്രിക്കാം. എന്റെ വീട്ടിലെ അടുക്കളയിൽ നിന്ന് ഡൈനിംഗ് ഹാളിലേക്ക് ഒരു കറുത്ത പാത്ത് (ബ്ലാക്ക് ലൈൻ) സജ്ജീകരിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക്ക് മോഡിൽ പ്രവർത്തിക്കുമ്പോൾ ഈ പാത്ത് സ്വയം തിരിച്ചറിഞ്ഞ് ആൻഡ്രോയിഡ് പാത്തൂട്ടി കിച്ചൺ ടു ഡൈനിംഗ് ഹാൾ പരസഹായം കൂടാതെ സഞ്ചരിക്കുന്നു. എന്നാൽ വീടിനു പുറത്ത് പാത്ത് ഇല്ലാത്ത സ്ഥലങ്ങളിൽ ഇതിനെ കൊണ്ടു പോവേണ്ടി വന്നാൽ മാന്വൽ മോഡ് ഉപയോഗപ്പെടുത്താവുന്നതാണ്.
advertisement
റോബോട്ടിന്റെ ബോഡി നിർമ്മാണത്തിന് ഒരു പ്ലാസ്റ്റിക് സ്റ്റൂൾ, ഒരു കഷണം അലൂമിനീയം ഷീറ്റ്, നാല് ടയർ, ഒരു ഫീമെയിൽ ഡമ്മി, ഒരു സേർവിംഗ് ട്രെ, തുടങ്ങിയവയാണ് ഉപയോഗിച്ചിട്ടുള്ളത്. അതേസമയം ഇതിന്റെ സാങ്കേതിക പ്രവർത്തനം നിയന്ത്രിക്കുന്നതിന് എംഐടി ആപ്പ് ഇൻവെന്റർ വഴി നിർമ്മിച്ച മൊബൈൽ ആപ്ലിക്കേഷനും അഡ്മെഗാ മൈക്രോ കൺട്രോളറും ഐ ആർ സെൻസറുകളും അൾട്രാസോണിക് സെൻസറുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്.
സ്കൂളിലെ മറ്റുകുട്ടികളുമായി ചേർന്ന് ഓട്ടോമാറ്റോൺ റോബോട്ടിക്സ് എന്ന പേരിൽ ഒരു സ്റ്റാർട്ട് അപ് തുടങ്ങാനുദ്ദേശിക്കുന്നുണ്ട് ഷിയാദ് .
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2022 8:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
വീട്ടുജോലി ചെയ്യാൻ കഷ്‌ടപ്പെടുന്ന ഉമ്മയെ സഹായിക്കാൻ മകന്റെ സമ്മാനം 'ആൻഡ്രോയിഡ് പാത്തൂട്ടി'