ആരോഗ്യമുള്ള ഹൃദയമാണ് ആരോഗ്യമുള്ള ശരീരത്തിന്റെ അടിസ്ഥാനം. ഭക്ഷണക്രമവും ജീവിതരീതിയും ആണ് മനുഷ്യൻറെ ആരോഗ്യത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. ശരിയായ ഭക്ഷണക്രമം പാലിക്കുന്നത് ഹൃദയത്തെ ഒരു പരിധിവരെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. നാം കഴിക്കുന്നതിനെക്കുറിച്ച് സ്വയം ബോധവാന്മാരായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പഞ്ചസാരയും ഉപ്പും അടങ്ങിയിട്ടില്ലാത്ത ലഘുഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തന്നെ ഹൃദയത്തെ ദീർഘകാലം ആരോഗ്യകരമായി നിലനിർത്താൻ സാധിക്കും. ഇത്തരത്തിൽ ഹൃദയാരോഗ്യത്തിനായി നിങ്ങൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
റെഡ് മീറ്റ്
ആരോഗ്യകരമായ ഹൃദയം നിലനിർത്തുന്നതിന് റെഡ് മീറ്റ് കഴിക്കുന്നത് ദോഷകരമാണ്. റെഡ് മീറ്റിൽ ധാരാളം പ്രോട്ടീനും ഇരുമ്പും സൂക്ഷ്മ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ധാതുക്കളായ സിങ്കും സെലിനിയവും ഇവയിൽ ധാരാളമായുണ്ട്. ഇത്ര പോഷക സമൃദ്ധമാണെങ്കിലും റെഡ്മീറ്റിന്റെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ ആരോഗ്യത്തിനു ദോഷകരമായി ബാധിച്ചേക്കാം. കൊളസ്ട്രോളിന്റെ അളവ് കൂടാൻ റെഡ് മീറ്റ് കാരണമാകുന്നു.
സോഡ
സോഡ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇതുമൂലം ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളുടെ ഭിത്തിയിൽ സമ്മർദ്ദം വർദ്ധിപ്പിക്കും. സോഡയും മറ്റ് കാർബണേറ്റഡ് പാനീയങ്ങളും രക്തധമനികൾ അടഞ്ഞു പോകാൻ കാരണമാകുന്നു. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
കേക്കുകളും കുക്കീസും
പഞ്ചസാര അടങ്ങിയിരിക്കുന്ന കേക്കുകൾ, കുക്കിസ് എന്നിവ പോലുള്ള ലഘുഭക്ഷണങ്ങൾ ഉണ്ടാക്കാൻ ധാരാളം മൈദയും പഞ്ചസാരയും കൊഴുപ്പും ഉപയോഗിക്കുന്നുണ്ട്. ഇത് കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മൈദ അടങ്ങിയ ഭക്ഷണങ്ങൾക്ക് പകരം, ഗോതമ്പിൽ നിന്നുണ്ടാക്കുന്ന ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
Also Read- കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ തീർച്ചയായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
സംസ്കരിച്ച മാംസം
സംസ്കരിച്ച ഇറച്ചി ഉൽപന്നങ്ങളായ ഹോട്ട് ഡോഗ്, ബ്ലാക്ക് പുഡ്ഡിംഗ്, സോസേജുകൾ, സലാമി തുടങ്ങിയവ മാംസത്തിന്റെ അനാരോഗ്യകരമായ പാചക രീതികളിൽപെടുന്ന ഒന്നാണ്. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിനും രക്തചംക്രമണ സംവിധാനത്തിനും തടസമാകുന്ന രീതിയിൽ ശരീരത്തിലെ കൊഴുപ്പിൻെ്റ അളവ് വർദ്ധിപ്പിക്കുന്നു.
വൈറ്റ് റൈസ്, ബ്രെഡ്, പാസ്ത
പാസ്ത, വൈറ്റ് ബ്രെഡ് തുടങ്ങിയവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെളുത്ത മാവിൽ വൈറ്റമിനുകൾ, ആരോഗ്യകരമായ നാരുകൾ, ധാതുലവണങ്ങൾ എന്നിവ വളരെ കുറവാണ്. സംസ്കരിച്ച ഗോതമ്പ് ഒരിക്കൽ കഴിച്ചാൽ വളരെ വേഗത്തിൽ പഞ്ചസാരയായി മാറുകയും കൊഴുപ്പിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഇത് പ്രമേഹത്തിന് കാരണമായേക്കാം.
പിസ്സ
പിസ്സയിൽ ധാരാളം ചീസ്, സോഡിയം, കലോറി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇത് ഹൃദയത്തെ അപകടത്തിലാക്കുന്നു. നിങ്ങൾക്ക് പിസ്സയോട് അത്രയധികം താത്പര്യമുണ്ടെങ്കിൽ കുറഞ്ഞ അളവിൽ ചീസ്, സോസേജ് എന്നിവ അടങ്ങിയ പിസ്സ തിരഞ്ഞെടുക്കുക.
പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭക്ഷണ സാധനങ്ങൾ കൂടാതെ വെണ്ണ, ഫ്രഞ്ച് ഫ്രൈ, കൊഴുപ്പ് നിറഞ്ഞ തൈര്, മദ്യം, വറുത്ത ചിക്കൻ, ഐസ്ക്രീം, ടിന്നിലടച്ച സൂപ്പ്, ചിപ്സ് മുതലായവയും ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. ആരോഗ്യകരമായ ഭക്ഷണമാണ് ആരോഗ്യകരമായ ഹൃദയത്തിന്റെ അടിസ്ഥാനമെന്ന് എല്ലായ്പ്പോഴും ഓർക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Food, Health, Health news, Health Tips, Heart, Pizza, Red meat