തേനീച്ചകൾക്കായുള്ള ലോകത്തിലെ ആദ്യ വാക്സിന് അമേരിക്ക അംഗീകാരം നൽകി; കർഷകർക്ക് ആശ്വാസം
- Published by:Vishnupriya S
- news18-malayalam
Last Updated:
തേനീച്ചകളുടെ ലാര്‍വകളെ ആക്രമിക്കുന്ന ബാക്ടീരിയല്‍ രോഗത്തിനെതിരെ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് ഈ വാക്‌സിന്‍
ന്യൂയോര്‍ക്ക്: തേനീച്ചകള്‍ക്ക് വേണ്ടിയുള്ള ലോകത്തിലെ ആദ്യ വാക്സിന് അമേരിക്ക അംഗീകാരം നല്‍കി. തേനീച്ചകളുടെ ലാര്‍വകളെ ആക്രമിക്കുന്ന ബാക്ടീരിയല്‍ രോഗമായ അമേരിക്കന്‍ ഫൗള്‍ബ്രൂഡ് രോഗത്തിനെതിരെ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് ഈ വാക്‌സിന്‍. അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ വാക്‌സിന്‍ ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. സസ്യങ്ങളിലെ പരാഗണം നടക്കാന്‍ സഹായിക്കുന്ന പ്രധാന ജീവിവര്‍ഗ്ഗമാണ് തേനീച്ചകള്‍.
ആവാസവ്യവസ്ഥകളുടെ നിലനില്‍പ്പിന് ഇവയുടെ സാന്നിദ്ധ്യം ആവശ്യമാണ്.വാക്‌സിന്‍ തേനീച്ചകളെ സംരക്ഷിക്കുമെന്ന് അനിമല്‍ ഹെല്‍ത്ത് സിഇഒ ആനെറ്റ് ക്ലീസര്‍ പറഞ്ഞു. 2006 മുതല്‍ അമേരിക്കയില്‍ തേനീച്ചകളുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തുന്നുവെന്ന് അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ പറയുന്നു. പാരസൈറ്റുകള്‍, കീടങ്ങള്‍, മറ്റ് രോഗങ്ങള്‍ എന്നിവയും തേനീച്ചകളുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.
അതുകൂടാതെ തേനീച്ച കൂട്ടങ്ങളിലെ റാണിയെ ഉപേക്ഷിച്ച് ബാക്കിയുള്ള തേനീച്ചകള്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്ന പ്രതിഭാസവും ഇപ്പോള്‍ കണ്ടുവരുന്നുവെന്ന് അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. കോളനി കൊളാപ്‌സ് ഡിസോര്‍ഡര്‍ എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ലോകത്തിലെ മൂന്നിലൊന്ന് ഉല്‍പ്പാദനത്തിനും സഹായിക്കുന്നത് തേനീച്ചകള്‍, പക്ഷികള്‍, വവ്വാല്‍, എന്നീ പരാഗണകാരികളാണെന്ന് യുണൈറ്റഡ് നേഷന്‍സ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു.
advertisement
എന്നാല്‍ തേനീച്ചകളെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് അമേരിക്കന്‍ ഫൗള്‍ബ്രൂഡ് രോഗം. ഒരു ബാക്ടീരിയല്‍ രോഗമാണിത്. രോഗം തടയാന്‍ വേണ്ട മരുന്ന് നിലവില്‍ കണ്ടെത്തിയിട്ടില്ല. രോഗബാധിരായ തേനീച്ച കോളനികളെ തീയിട്ട് നശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ പുതിയ വാക്‌സിന്റെ കണ്ടെത്തലോടെ ഈ രോഗങ്ങള്‍ ഒരു പരിധിവരെ തടയാനാകുമെന്നാണ് കണക്കാക്കുന്നത്.
രോഗകാരിയായ ബാക്ടീരിയയുടെ നിഷ്‌ക്രിയ പതിപ്പാണ് ഈ വാക്‌സിനില്‍ അടങ്ങിയിരിക്കുന്നത്. ഇവയടങ്ങിയ റോയല്‍ ജെല്ലി മറ്റ് തേനീച്ചകളിലൂടെ ഒരു കോളനിയിലെ തേനീച്ച രാജ്ഞിയിലേക്ക് എത്തും. ആ റോയല്‍ ജെല്ലി രാജ്ഞി വിഴുങ്ങും. ഇത് തേനീച്ചയുടെ അണ്ഡാശയത്തില്‍ വാക്‌സിന്‍ രൂപപ്പെടാന്‍ സഹായിക്കുകയും ചെയ്യും. തുടര്‍ന്ന് തേനീച്ചകളുടെ ലാര്‍വകളുടെ പ്രതിരോധ ശേഷി വര്‍ധിക്കുകയും രോഗബാധ കുറയുകയും ചെയ്യും.
advertisement
തേനീച്ച വളര്‍ത്തല്‍ ഉപജീവനമാക്കിയവര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും പുതിയ വാക്‌സിന്‍ എന്നാണ് കരുതുന്നത്. മനുഷ്യര്‍, സസ്യങ്ങള്‍, മൃഗങ്ങള്‍, പരിസ്ഥിതി എന്നിവയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ തേനീച്ചകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തേനീച്ചകള്‍ ഇല്ലെങ്കിൽ, ഭക്ഷണ ദൗര്‍ലഭ്യം ഉണ്ടാകുകയും ജനസംഖ്യയുടെ വലിയൊരു ഭാഗം ആളുകള്‍ പട്ടിണി മൂലം മരണപ്പെടുകയും ചെയ്യും.
തേനീച്ചകള്‍ പരാഗണം നടത്തി ലോകമെമ്പാടുമുള്ള കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. മനുഷ്യരുടെ ഇടപെടല്‍ മൂലം തേനീച്ചകള്‍ നേരിടുന്ന ഭീഷണികളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും നമ്മുടെ ജൈവവൈവിധ്യത്തില്‍ തേനീച്ചകളുടെ പ്രാധാന്യം അംഗീകരിക്കുന്നതിനുമായി എല്ലാ വർഷവും മെയ് 20 ലോക തേനീച്ച ദിനമായാണ് ആചരിക്കുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2023 2:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
തേനീച്ചകൾക്കായുള്ള ലോകത്തിലെ ആദ്യ വാക്സിന് അമേരിക്ക അംഗീകാരം നൽകി; കർഷകർക്ക് ആശ്വാസം


