ആസ്താ ഖന്ന; ഇന്ത്യയിലെ ആദ്യ 'ഇന്റിമേറ്റ് കോര്‍ഡിനേറ്റർ'; ഈ ജോലിയ്ക്ക് #metoo ബന്ധമെന്ത്?
- Published by:Naseeba TC
- news18-malayalam
Last Updated:
ബോണി ബന്ധോപാദ്ധ്യായ്
നാം കാണുന്നതിനപ്പുറം സിനിമ എന്ന കലാ പ്രസ്ഥാനത്തിന്റെ അണിയറകളില്‍ കേട്ടാല്‍ ആശ്ചര്യം തോന്നുന്ന പലതും സംഭവിക്കുന്നു എന്നതാണ് വസ്തുത. നായകനും, നായികയും, സംവിധായകരും, മറ്റു ചില അഭിനേതാക്കളും കുറച്ചു സാങ്കേതിക വിദഗ്ദരും സിനിമയുടെ മായിക പ്രഭാവലയത്തില്‍ പൊതുജന ശ്രദ്ധയും അംഗീകാരവും ആവോളം നുണയുമ്പോള്‍, അവിടേക്കൊന്നും എത്തി നോക്കാന്‍ പോലും ഭാഗ്യം സിദ്ധിക്കാക്കാത്ത നൂറായിരം “സിനിമാ പ്രവര്‍ത്തകര്‍” വേറെയുമുണ്ടെന്നത് അധികമാരും ഓര്‍ക്കാന്‍ സാധ്യതയില്ലാത്തൊരു കാര്യമാണ്.
സിനിമയുടെ വിജയത്തിനായി ആഹോരാത്രം പ്രയത്‌നിക്കുന്നവരാണ് ഇത്തരത്തില്‍ തഴയപ്പെടുന്നത് എന്നതാണ് മറ്റൊരു അസ്വസ്ഥതയുളവാക്കുന്ന വസ്തുത. ന്യൂസ്18 സീരീസായ ഓഫ്-സ്‌ക്രീന്‍ സ്റ്റാര്‍ എത്തുന്നത്, ഇത്തരത്തില്‍ പുറംതള്ളപ്പെട്ടതും തഴയപ്പെട്ടതുമായ, അണിയറയ്ക്കു പിന്നിലെ, സിനിമയുടെ ജീവനാഡികളോടുന്ന, അറിയപ്പെടാത്ത താരങ്ങളുമായാണ്.
ഹോളിവുഡ് താരമായ ഷാരോണ്‍ സ്‌റ്റോണ്‍ അടുത്തയിടെയാണ്, 1992 ചലചിത്രമായ 'ബേസിക് ഇന്‍സ്റ്റിങ്കിന്റ്' ലെ നഗ്ന രംഗങ്ങളിലേക്ക് താന്‍ അബദ്ധത്തില്‍ ചെന്നു ചാടുകയായിരുന്നു എന്ന് തുറന്നു പറഞ്ഞത്. ബോളിവുഡ് ചലചിത്രമായ 'ദയാവാന്‍' നെ കുറിച്ച് അഭിനേത്രിയായ മാധുരി ദീക്ഷിത്ത്, വര്‍ഷങ്ങള്‍ക്ക് ശേഷം പറഞ്ഞത്, ചിത്രത്തിലെ, വിനോദ് ഖന്നയുമായുള്ള ചുംബന രംഗത്തിൽ തനിക്ക് കുറ്റബോധമുണ്ട് എന്നാണ്. “അസര്‍” എന്ന ചിത്രത്തിലെ “ചുംബന” രംഗങ്ങളിലും ഗാഢരംഗങ്ങളിലും അഭിനയിക്കുമ്പോള്‍ താന്‍ വളരെയധികം അസ്വസ്ഥയായിരുന്നു എന്ന് നര്‍ഗീസ് ഫഖ്രി പറയുന്നു.
advertisement
സിനിമയിലെ അഭിനേതാക്കള്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥരാകുന്ന രംഗങ്ങള്‍ ഉണ്ടാവുന്നത് മിക്കവാറും ഇത്തരത്തില്‍ അടുത്തിടപെഴകൽ ആവശ്യമായി വരുന്ന ഗാഢരംഗങ്ങളിലാണ്.
എന്നാല്‍ കാര്യങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുന്നു എന്നാണ്, കുറെ നാളുകളായി പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പടിഞ്ഞാറന്‍ നാടുകളില്‍, അതായത് ഹോളിവുഡിലും മറ്റും, സംവിധായകരുമായി ഒരു തുറന്ന സംഭാഷണത്തിന് സാധ്യയുള്ള സ്ഥലങ്ങളില്‍, അഭിനേതാക്കളുടെ സൗകര്യാര്‍ത്ഥം അവര്‍ ഇന്റിമസി കോഡിനേറ്ററുമാരെ നിയോഗിക്കുന്നു. ഇത് ലൈംഗിക രംഗങ്ങളും, ചുംബന രംഗങ്ങളും തുടങ്ങി അഭിനേതാക്കള്‍ സമ്മതം നല്‍കിയിട്ടില്ലാത്തതായ രംഗങ്ങളില്‍ അവരെ എത്തിക്കുന്നതില്‍ നിന്നും, അല്ലങ്കിൽ അത്തരം രംഗങ്ങളിലെ അഭിനയ സമയത്ത് വേണ്ട സംരക്ഷണം ഒരുക്കി അവരെ സംരക്ഷിക്കുന്നതിനും സഹായകമാകുന്നു.
advertisement
എന്താണ് ഇന്റിമസി കോഡിനേറ്റര്‍ എന്ന് നിങ്ങള്‍ക്ക് അറിയുമോ? ഇല്ലങ്കില്‍ ഒട്ടും വിഷമിക്കണ്ട, സഹസംവിധായികയായ ആയ ആസ്താ ഖന്നയ്ക്കും ഇത്തരത്തില്‍ ഒരു ജോലി ഉണ്ടായിരുന്നതായി പോലും അറിയില്ല. എങ്ങനെയാണ് ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത് എന്ന അവരുടെ ഗവേഷണത്തിനൊടുവിലാണ് സിനിമാ ചിത്രീകരണ സെറ്റുകളില്‍ ഇത്തരത്തില്‍ ഒരു ജോലിയുണ്ടെന്ന് തന്നെ അവര്‍ തിരിച്ചറിയുന്നത്. അതേസമയം, ഇന്ത്യന്‍ സിനിമാ ചിത്രീകരണ സെറ്റുകളില്‍ പരിശീലനം ലഭിച്ച ഇന്റിമസി കോഡിനേറ്റര്‍മാര്‍ ഇല്ലായെന്നും അവര്‍ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവിന്റെ തുടര്‍ച്ചയായാണ് അവര്‍ IPA അഥവാ ഇന്റിമസി പ്രൊഫഷണല്‍സ് അസോസിയേഷന്റെ കീഴില്‍, ഇത് സംബന്ധിച്ച കോഴ്‌സിന് ചേര്‍ന്നത്. അങ്ങനെയാണ്, അവര്‍ ഇന്ത്യയിലെ ആദ്യ സര്‍ട്ടിഫൈഡ് ഇന്റിമസി കോഡിനേറ്റര്‍ ആയത്.
advertisement
ആസ്താ ഖന്ന, ഇന്ത്യയിലെ, അര ഡസനിലധികം ഫീച്ചര്‍ സിനിമകളുടെ സഹസംവിധായികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് ഇന്റിമസി കോഡിനേറ്റര്‍ ആയി ജോലി ചെയ്യുക മാത്രമല്ല, ഈ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് ഇവര്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു.
ഈ ജോലി പൊതുധാരയിലെത്തിയത് #metoo മൂവ്‌മെന്റിന് ശേഷം
“എങ്ങനെയാണ് ഹോളിവുഡിലും മറ്റും ഇന്റിമസിയ്ക്ക് ഒരു നറേറ്റിവ് ടൂള്‍ ആകാന്‍ സാധിക്കുക എന്നും എങ്ങനെയാണ് അവ ചിത്രീകരിക്കുന്നതെന്നും എന്ന് ഗവേഷണം നടത്തുകയായിരുന്നു ഞാന്‍. ഒട്ടേറെ ലേഖനങ്ങള്‍, സെക്‌സ് എഡ്യുക്കേഷന്‍, നോര്‍മല്‍ പീപ്പിള്‍ തുടങ്ങിയ ഷോകളിലെ ഇന്റിമസിയുടെ ഉപയോഗത്തെ കുറിച്ച് പരാമര്‍ശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇന്റിമസിയുടെ വളരെ നൈസര്‍ഗ്ഗികമായ ചിത്രീകരണം അവിടെയെല്ലാം കാണാന്‍ സാധിച്ചു. അങ്ങനെയാണ്, പാശ്ചാത്യര്‍ എങ്ങനെയാണ് ഇത് ഇത്ര മനോഹരമായി കൈകാര്യം ചെയ്യുന്നത് എന്ന ചിന്ത വന്നത്. അത് എന്നെ ഇന്റിമസി കോഡിനേറ്റര്‍ എന്ന തൊഴിലിലേക്ക് നയിച്ചു. ഒരു ഫിലിം സ്‌കൂളില്‍ പഠിച്ചിട്ടും എങ്ങനെയാണ് ഞാന്‍ ഇതിനെക്കുറിച്ച് അറിയാതെ പോയതെന്ന് എനിക്ക് അത്ഭുതം തോന്നി. അതിന് ശേഷം, #metoo മൂവ്‌മെന്റിന് ശേഷമാണ്, ഈ ജോലി ഉരുത്തിരിഞ്ഞതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു,” ഖന്ന പറയുന്നു.
advertisement
ആസ്താ ഖന്ന; ഇന്ത്യയിലെ ആദ്യ 'ഇന്റിമേറ്റ് കോര്‍ഡിനേറ്റർ'; ഈ ജോലിയ്ക്ക് #metoo ബന്ധമെന്ത്?
“ശരിയായി പറഞ്ഞാൽ, ഇന്ത്യയിൽ ഇന്റിമസി കോഡിനേറ്ററുടെ ചുമതലയെ കുറിച്ച് പൂര്‍ണ്ണ ബോധം ഉള്ളവര്‍ യഥാര്‍ത്ഥത്തില്‍ ഇല്ല എന്നു തന്നെ പറയാം. ഇന്റിമസി കോഡിനേറ്റര്‍ തന്നെയാണ് ഇന്റിമസി കൊറിയോഗ്രാഫറും ഇന്റിമസി കോച്ചും. ബഹുമുഖ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെടുന്നത്. അതായത്, സിനിമാ നിര്‍മ്മാണ സഹായികളായും, നിയമ–പ്രശ്‌നപരിഹാര, പ്രവര്‍ത്തനങ്ങളിലും, മാനസിക പിരിമുറുക്കത്തില്‍ നിന്ന് അഭിനേതാക്കളുടെ സംരക്ഷകരായും, വൈകാരിക ആഘാതങ്ങളില്‍ നിന്നും അവർക്ക് തുണയേകാനും ഇവര്‍ കൂടെ നില്‍ക്കുന്നു. ഒട്ടേറെ കടമ്പകളുള്ള ഒരു പരിശീലനത്തിന് ശേഷമാണ് ഒരാള്‍ ഇന്റിമസി കോഡിനേറ്റര്‍ ആകുന്നത്. കോവിഡ് മഹാമാരി ഇന്ത്യയില്‍ ആഞ്ഞടിച്ച സമയത്ത്, ഞാന്‍ എന്റെ വീട്ടിലായിരുന്നു. ഈ സമയമാണ് ഈ പരിശീലനത്തിനായി ഞാന്‍ വിനിയോഗിച്ചത്. ഇന്റിമസി കോഡിനേറ്റര്‍ പരിശീലനത്തില്‍ നിങ്ങൾ അറിയേണ്ടതും പഠിക്കേണ്ടതുമായ, പ്രധാനപ്പെട്ട വിഷയങ്ങള്‍ മനസശാസ്ത്രവും, നിയമവും, സിനിമാ നിര്‍മ്മാണവുമാണ്. ഇവ മൂന്നുമാണ് ഇന്റിമസി കോഡിനേറ്ററുടെ തൊഴിലിനെ നിര്‍ണ്ണയിക്കുന്നത്.”
advertisement
ഇന്റിമസി കോഡിനേറ്ററുടെ ആവശ്യം
“20 വര്‍ഷങ്ങക്ക് ശേഷമൊക്കെ ഒട്ടേറെ സിനിമാ-തിയേറ്റര്‍ താരങ്ങള്‍ #metoo അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു. മിക്കവരും സിനിമാ സെറ്റില്‍ എനിക്കിത്തരം ഒരു ദുരനുഭവം ഉണ്ടായി എന്നും, എന്നാല്‍ പറയാന്‍ ഒരവസരം ലഭിച്ചില്ല, എന്ന ആമുഖമായാണ് നമുക്ക് മുന്‍പില്‍ എത്തിയത്. അന്ന് ഇന്റിമസി കോഡിനേറ്റര്‍ എന്നൊരു വ്യക്തി അവിടെ ഉണ്ടായിരുന്നു എങ്കില്‍, നമ്മള്‍ ഇത്രത്തോളം ദുരനുഭവങ്ങള്‍ നേരിടേണ്ടി വരില്ലായിരുന്നു. ഇന്റിമേറ്റ് രംഗങ്ങള്‍ സിനിമയുടെ ഭാഗമായ നാള്‍ മുതല്‍ തന്നെ ഇന്റിമേറ്റ് കോഡിനേറ്റര്‍ എന്ന തെഴിലിന്റെ ആവശ്യം ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഇവരുടെ പ്രധാന ചുമതല, അല്ലങ്കില്‍, ജോലി എന്നത്, സിനിമാ നിര്‍മ്മാണത്തെ പിന്തുണയ്ക്കുക, ഷൂട്ടിങ്ങ് സുഗമമാക്കുക, അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിയമപരമായി ശരിയായ ദിശയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പു വരുത്തുക, തുടങ്ങിയവയാണ്. പിന്നീട് സംഭവിച്ചേക്കാവുന്ന നിയമ വ്യവഹാരങ്ങളെ മുന്‍നിര്‍ത്തിയാണിത്,” ഖന്ന പറയുന്നു.
advertisement
“അഭിനേതാക്കളോട് കൂറു പുലര്‍ത്തുന്നവയാണിത്. സിനിമാ ചിത്രീകരണ വേളകളില്‍ അഭിനേതാക്കളുടെ സമ്മതവും മറ്റും ആവശ്യമുള്ള അവസരങ്ങളില്‍ ഇന്റിമസി കോഡിനേറ്ററും അഭിനേതാവും തമ്മില്‍ ഒരു സൗഹാര്‍ദ്ദപരമായ അന്തരീക്ഷം അത്യന്താപേക്ഷികമാണ്. ഈ ജോലിയോട് അടുക്കാനും ഇണങ്ങാനും ഒട്ടൊരു സമയം എടുക്കുക തന്നെ ചെയ്യുമെങ്കിലും, ഇത് അഭിനേതാക്കള്‍ക്ക് ഒട്ടേറെ സഹായകമാകുന്ന തസ്തിക തന്നെയാണന്ന് അവര്‍ തിരിച്ചറിയുക തന്നെ ചെയ്യും. അതേസമയം, എനിക്ക് ഈ ജോലിയില്‍ വളരെ ആത്മവിശ്വാസം തോന്നിക്കുന്ന അനുഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്.”
ലിംഗഭേദമില്ലാത്ത തൊഴില്‍
“സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് സ്ത്രീ-പുരുഷഭേദമില്ലാതെ ലഭിക്കേണ്ടതാണ് ഇന്റിമസി പിന്തുണ. അതിനാല്‍ തന്നെ, അത്തരത്തിലൊരു വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലല്ല ഇന്റിമസി കോഡിനേറ്റര്‍മാരെ പരിശീലിപ്പിക്കുക. എന്നാല്‍, ന്നമുടെ സമൂഹത്തിന്റെ ഘടന കാരണം, സ്ത്രീകള്‍ മാത്രമാണ് ഇരകളെന്ന് പൊതുവായി ധരിച്ചു വച്ചിരിക്കുന്നു. എന്നാല്‍ എല്ലാ അവസരങ്ങളിലും അത് ശരിയാവണമെന്നില്ല. പുരുഷ അഭിനേതാക്കളോടും നിങ്ങള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിനുള്ള സമ്മതം വാങ്ങുന്നതും, അവര്‍ക്കാവശ്യമായ സംരക്ഷണം ഒരുക്കുന്നതും തുല്യപ്രാധാന്യം അര്‍ഹിക്കുന്നതാണ്. മിക്ക പുരുഷ അഭിനേതാക്കളും ഗാഢരംഗങ്ങളുടെ കാര്യം വരുമ്പോൾ തങ്ങളുടെ സ്ത്രീ അഭിനയ പങ്കാളികള്‍ക്ക് പ്രശ്‌നമില്ലങ്കില്‍ തങ്ങളും തയ്യാറാണെന്ന പക്ഷക്കാരാണ്. അവര്‍ പൊതുവെ തങ്ങളുടെ സമ്മതെത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. ഇത് മിക്കവാറും അവസരങ്ങളിലും അവർക്ക്, തങ്ങളുടെ ഈഗോയുമായി സന്ധി ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനാലാണ്. ഞാന്‍ ഭിന്നലിംഗക്കാരായ അഭിനേതാക്കള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ഇന്റിമസി കോഡിനേറ്ററെ പോലെ ഒരാള്‍ ഉണ്ടാവുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.”
അഭിനേതാവിനും സംവിധായകനുമിടയില്‍ സമനില ഉണ്ടാക്കുക
“സിനിമയുടെ ഓഡിഷന്‍ സമയത്തും ഗാഢരംഗങ്ങള്‍ ഉണ്ടാകുന്നു എങ്കില്‍ ഞാന്‍ അവിടെയും ഇടപെടല്‍ നടത്തും. അല്ലാത്ത പക്ഷം, തിരക്കഥ വായിച്ചതിന് ശേഷം, സംവിധാകനുമായി സ്ഫുടമായ ഒരു ചര്‍ച്ച നടത്തും. അതിന് ശേഷം ഓരോ അഭിനേതാവിനൊപ്പവും ഇരുന്നു, സിനിമയുടെ രംഗങ്ങളെപറ്റി ചര്‍ച്ച നടത്തും. അവയിലോരോന്നിലും അവരില്‍ നിന്ന് എത്രത്തോളം ഇന്റിമസിയാണ് ആവശ്യപ്പെടുന്നത് എന്ന് വ്യക്തമാക്കും.
അതിനോട് അവര്‍ക്ക് എത്ത്രതോളം സഹകരിക്കാനാവും എന്ന് സംസാരിച്ച് വ്യക്തത വരുത്തും. ഞങ്ങള്‍ ഒരു ബോഡി മാപ്പ് വരച്ച്, എങ്ങനെയെല്ലാമാണ് ശരീര പ്രദര്‍ശനം സിനിമ ആവശ്യപ്പെടുന്നതെന്നും അവര്‍ക്ക് എത്രത്തോളം സഹകരിക്കാനാവും എന്നതിനെ കുറിച്ചും വ്യക്തമായ ചിത്രം നേടിയെടുക്കും. ഈ സമ്മതത്തില്‍ മാറ്റം വരുത്താനും സാധിക്കും. സിനിമാ ചിത്രീകരണ വേളയില്‍, പ്രസ്തുത അഭിനേതാവിന് സമ്മതമല്ല എങ്കില്‍ എന്റെ പക്കല്‍ ഒരു പ്ലാന്‍ ബി ഉണ്ടാകും. നമുക്ക് ഒരു ബോഡി ഡബിള്‍ ഉപയോഗിക്കാം, അല്ലങ്കില്‍ പ്രസ്തുത രംഗത്തിന് അഭിനേതാക്കളുടെ സൗകര്യാര്‍ത്ഥം മാറ്റങ്ങള്‍ വരുത്താം. ഈ തൊഴില്‍ ശരിക്കും ഒരു സ്റ്റണ്ട്മാനും ഡാന്‍സ് കൊറിയോഗ്രാഫറും വിവാഹം കഴിച്ചതു പോലെയാണ്.”
ഉപകരണങ്ങള്‍
“എനിക്ക് ഒരു ടൂള്‍ബോക്‌സ് ഉണ്ട്, ഗാഢരംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ നടനും നടിയ്ക്കുമിടയില്‍ സംഭവിക്കാവുന്ന ജനനേന്ദ്രിയ സ്പര്‍ശനങ്ങള്‍ തടയുന്നതിന് ഉതകുന്ന കുഷ്യനുകളും മറ്റുമടങ്ങുന്നതാണ് അത്. ഒരു കുഷ്യനോ, പൈലേറ്റ്‌സ് ബോളോ, അല്ലങ്കില്‍ കായിക സംരക്ഷണം നല്‍കുന്ന ലിംഗ വസ്ത്രവും ഒക്കെ അതില്‍ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ ഇപ്പോള്‍ ഞാൻ സ്വന്തമായി തന്നെ ഇത്തരത്തില്‍ ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. ചിത്രീകരണ രംഗങ്ങള്‍ക്ക് അനുസൃതമായും ഓരോ വ്യക്തികള്‍ക്ക് ഇണങ്ങുന്ന വിധത്തിൽ അവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഉപകരണങ്ങളിലേക്ക് പോകുന്നതിനായിരുന്നു ഇത്. എന്റെ ടൂള്‍ കിറ്റില്‍ എപ്പോഴും, ഡിയോയും, ബ്രീത്ത് ഫ്രെഷ്‌നറും, ശരീരത്തിന്റെ നിറത്തിലുള്ള ടേപ്പുകളും, സിലിക്കണ്‍ ബ്രാകളും, സ്ട്രാപ് ലസ് പാന്റികളുംകരുതാറുണ്ട്.”
ലൈംഗിക രംഗങ്ങള്‍ മാത്രമല്ല
“ലൈംഗിക രംഗങ്ങളില്‍ മാത്രമല്ല ഗാഢരംഗങ്ങളിൽ ഉള്‍പ്പെടുക. കുട്ടികളുടെ ജനനം, LGBTQIA+ തുടങ്ങിയവരുടെ കഥകള്‍ പറയുന്ന രംഗങ്ങളിലൊക്കെ ഇന്റിമസി ഉള്‍പ്പെടാറുണ്ട്. അല്ലങ്കില്‍ അച്ഛന്‍-മകള്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവരുമൊത്തുള്ള രംഗങ്ങള്‍, കൊച്ചുകുട്ടികളെ വച്ചുള്ള അമിത ശാരീരിക സ്പർശനങ്ങള്‍ ഉള്‍പ്പെടുന്നത് തുടങ്ങിയ രംഗങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി നിങ്ങളുടെ സാന്നിധ്യം അവിടെ ഉണ്ടാകണം. ഒരു ഐറ്റം സോങ് ചിത്രീകരണമാണ് എങ്കില്‍, അല്ലങ്കിൽ നടിയോട് അവര്‍ക്ക് ഉചിതം എന്ന് തോന്നാത്ത വിധത്തില്‍ വസ്ത്രം ധരിക്കണം എന്ന് അഭിപ്രായം വരുന്ന സന്ദർഭം ആണ് എങ്കിൽ, അതെല്ലാം ഇന്റിമസിയുടെ പരിധിയില്‍ വരുന്നവയാണ്. ഇന്‍റിമസിയുടെ കുട വളരെയധികം വിസ്തൃതമാണ്.”
ഇന്ത്യയിലെ ഒരേയൊരു ഇന്റിമേറ്റ് കോഡിനേറ്റര്‍ എന്ന നിലയില്‍, ആസ്തയ്ക്ക് എല്ലാ സിനിമാ സെറ്റുകളിലും എത്തിച്ചേരുക എന്നത് പ്രാവര്‍ത്തികമല്ല. അതിനാല്‍, അവര്‍ മറ്റ് ആള്‍ക്കാരെ ഈ രംഗത്തേക്ക് പരിശീലിപ്പിക്കുകയാണ്. “എനിക്ക് ഒരു ജോലി കണ്ടെത്തുക എന്നതിനേക്കാള്‍ ഒരുപാട് ഉയരത്തിലാണ് ഇന്റിമസി കോഡിനേറ്റര്‍മാര്‍ ഉണ്ടാവുക എന്ന ആവശ്യം. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന എല്ലാ ചിത്രങ്ങളുടെയും ഭാഗമാവുക എന്നത്, എനിക്ക് സാധിക്കുന്ന കാര്യമല്ല. ഇത് മറ്റൊരു മാര്‍ക്കറ്റ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
പരീശീലനം സിദ്ധിച്ച ഒരു പറ്റം വ്യക്തികളടങ്ങുന്ന മറ്റൊരു സംഘം, അവ പ്രതിനിധാനം ചെയ്യുന്ന പുതിയൊരു തൊഴില്‍ സംസ്‌കാരവും. അതിനാല്‍ തന്നെ ഇങ്ങനെ ഒരു തൊഴിൽ ഉണ്ട് എന്ന് ലോകത്തെ അറിയിക്കുക എന്നത് തന്നെ വളരെ വലിയൊരു കാര്യമാണ്,” ഖന്ന പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 24, 2021 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
ആസ്താ ഖന്ന; ഇന്ത്യയിലെ ആദ്യ 'ഇന്റിമേറ്റ് കോര്‍ഡിനേറ്റർ'; ഈ ജോലിയ്ക്ക് #metoo ബന്ധമെന്ത്?


