ചവിട്ടിത്തേക്കാൻ നോക്കണ്ട; തൃശൂരിലെ തീയറ്റർ ഉടമ ഡോ. ഗിരിജയ്ക്കായി ഹൗസ് ഫുൾ ആയി വനിതകൾ
- Published by:Rajesh V
- news18-malayalam
Last Updated:
ഗിരിജയുടെ അവസ്ഥ വാർത്തയിലൂടെ അറിഞ്ഞ് ചേംബർ ഓഫ് കൊമേഴ്സ് വനിതാവിഭാഗമാണ് പ്രത്യേക ഷോ പ്രഖ്യാപിച്ച് പിന്തുണയുമായെത്തിയത്
തൃശൂർ: ഗിരിജാ തിയേറ്റർ ഞായറാഴ്ച സ്ത്രീകളാൽ നിറഞ്ഞു. സൈബർ ആക്രമണങ്ങള്‍ക്കിടയിൽ ജീവിതം പ്രതിസന്ധിയിലായ തിയേറ്റർ ഉടമ ഡോ. ഗിരിജയ്ക്ക് പിന്തുണയുമായാണ് സ്ത്രീ കൂട്ടായ്മ എത്തിയത്. ഞായറാഴ്ച മൂന്നു മണിയുടെ ഷോയാണ് സ്ത്രീകൾ കൂട്ടമായി എത്തി ഹൗസ് ഫുളാക്കിയത്. അത്യപൂർവമായ ഒരു ഐക്യദാർഢ്യപ്രകടനത്തിനാണ് തൃശൂർ ഞായറാഴ്ച സാക്ഷിയായത്. കാണികൾക്ക് നടുവിൽ നിന്ന് ഗിരിജ പറഞ്ഞത് ഇങ്ങനെ0 “മാസങ്ങൾക്കുശേഷം ഞാൻ സമാധാനമായി ഉറങ്ങിത്തുടങ്ങി. ശാരീരിക അസ്വസ്ഥതകൾ കുറഞ്ഞതുപോലെ”.
ഗിരിജയുടെ അവസ്ഥ വാർത്തയിലൂടെ അറിഞ്ഞ് ചേംബർ ഓഫ് കൊമേഴ്സ് വനിതാവിഭാഗമാണ് പ്രത്യേക ഷോ പ്രഖ്യാപിച്ച് പിന്തുണയുമായെത്തിയത്. ചേംബർ ഓഫ് കൊമേഴ്സ്, വൈ ഡബ്ള്യു സി എ, മഹിളാമോർച്ച എന്നീ സംഘടനകൾക്കൊപ്പം തൃശൂരിലെ സ്ത്രീക്കൂട്ടായ്മകളും ടിക്കറ്റെടുത്ത് സിനിമയ്ക്ക് കയറി. ഗിരിജ തിയേറ്റർ നിൽക്കുന്ന പ്രദേശത്തെ റോസ് ഗാർഡൻ കോളനിയിലെ കുടുംബാംഗങ്ങളും ഐക്യദാർഢ്യവുമായെത്തിയിരുന്നു.
advertisement
ഷോ തുടങ്ങുന്നതിന് മുമ്പെത്തിയ നായകൻ ഷറഫുദ്ദീൻ സിനിമയ്ക്കുശേഷം കാണികൾക്കൊപ്പം സമയം ചെലവിട്ടാണ് മടങ്ങിയത്. സ്ത്രീയെന്ന നിലയിൽ സംരംഭകയുടെ വിഷമം അറിഞ്ഞപ്പോഴാണ് പിന്തുണയുമായി എത്തിയതെന്ന് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ പറഞ്ഞു. പൊതുസമൂഹം അവർക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിക്കുന്നതായി കാണികളായ സ്ത്രീകളും പറഞ്ഞു.
Also Read- ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരിക്കേസില് ജയിലിലടച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
അതേസമയം, തന്റെ പരാതിയിൽ സൈബർ പൊലീസ് മൊഴിയെടുത്തതായി ഡോ. ഗിരിജ പറഞ്ഞു. തനിക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതിനും അക്കൗണ്ട് പൂട്ടിച്ചതിനും പിന്നിലാരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. സ്വന്തം തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ പ്രചാരണത്തിനോ ബുക്കിങ്ങിനോ വേണ്ടി ഡോ. ഗിരിജ സാമൂഹികമാധ്യമത്തിൽ ഇടുന്ന പോസ്റ്റുകളെല്ലാം അസഭ്യവർഷവും പൂട്ടിക്കലും നേരിട്ടതോടെയാണ് തിയേറ്ററിന്റെ പ്രവർത്തനം പ്രതിസന്ധിയിലായത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
July 03, 2023 9:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
ചവിട്ടിത്തേക്കാൻ നോക്കണ്ട; തൃശൂരിലെ തീയറ്റർ ഉടമ ഡോ. ഗിരിജയ്ക്കായി ഹൗസ് ഫുൾ ആയി വനിതകൾ