ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഹിന്ദുവായ ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥയ്ക്ക് അസിസ്റ്റന്‍റ് കമ്മീഷണറായി നിയമനം ലഭിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ഹസനാബ്ദൽ നഗരത്തിലെ അസിസ്റ്റന്റ് കമ്മീഷണറായാണ് ഡോ സന രാംചന്ദ് ഗുൽവാനിയെ നിയമിച്ചത്. ഇതാദ്യമായാണ് ഹസനാബ്ദൽ നഗരത്തിൽ ഒരു വനിതയെ അസിസ്റ്റന്‍റ് കമ്മീഷണറായി നിയമിക്കുന്നത്.
2020 ലെ സെൻട്രൽ സുപ്പീരിയർ സർവീസസ് (സിഎസ്എസ്) പരീക്ഷ പാസായതോടെയാണ് 27 കാരിയായ ഡോ സന രാംചന്ദ് ഗുൽവാനി പാകിസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (പിഎഎസ്) ചേർന്നത്. അറ്റോക്ക് ജില്ലയിലെ ഹസനാബ്ദാൽ നഗരത്തിന്റെ അസിസ്റ്റന്റ് കമ്മീഷണറായും അഡ്മിനിസ്ട്രേറ്ററായുമായാണ് ഡോ. സന ചുമതലയേറ്റതെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
ആദ്യ ശ്രമത്തിൽ തന്നെ സെൻട്രൽ സുപ്പീരിയർ സർവീസസ് (സിഎസ്എസ്) പരീക്ഷ പാസായാണ് സന പാക് സിവിൽ സർവീസിന്‍റെ ഭാഗമായത്. ഇന്ത്യ-പാക് വിഭജനത്തിന് ശേഷം ഇതാദ്യമായാണ് ഹിന്ദുവായ പാക് വനിത അവിടുത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്നതെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു.
Also Read- ചായ വിറ്റ് 90 ലക്ഷത്തിന്റെ ബെൻസ് വാങ്ങി; പ്രഫുൽ ബില്ലോറിന് സ്വന്തമായുള്ളത് നൂറിലധികം ചായക്കടകൾ
സിന്ധ് പ്രവിശ്യയിലെ ശിക്കാർപൂർ നഗരത്തിലാണ് അവർ വളർന്നത്, സിവിൽ സർവീസിൽ ചേരുന്നതിന് മുമ്പ് മാതാപിതാക്കളുടെ ആഗ്രഹപ്രകാരം സന എംബിബിഎസ് പഠനം പൂർത്തിയാക്കി ഡോക്ടറായിരുന്നു.
“ഞാൻ ആദ്യത്തെയാളാണോ എന്ന് എനിക്കറിയില്ല, പക്ഷേ (ഞാൻ) എന്റെ സമുദായത്തിൽ നിന്ന് മറ്റൊരു പെൺകുട്ടിയും ഈ പരീക്ഷ എഴുതിയതായി പോലും കേട്ടിട്ടില്ല,” സന രാംചന്ദ് ഗുൽവാനിപരീക്ഷ പാസായ ശേഷം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.