മലയാളിയായ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥ കപ്പലിൽ ലോകം ചുറ്റാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. കോഴിക്കോട് സ്വദേശിയായ ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ ആണ് ഒറ്റയ്ക്ക് കപ്പൽ യാത്ര നടത്താൻ തയ്യാറെടുക്കുന്നത്. ഇതിനായി, നാവികസേനയുടെ കപ്പലായ ഐഎൻഎസ്‌വി തരിണിയിൽ ആറ് മാസത്തിലേറെയായി ദിൽന തീവ്രപരിശീലനം നടത്തി വരികയാണ്.
ദൗത്യം പൂർത്തിയാക്കിയാൽ ലോകമെമ്പാടും ഒറ്റയ്ക്ക് കപ്പൽ യാത്ര നടത്തുന്ന ആദ്യ ഏഷ്യൻ വനിതയായിരിക്കും ദിൽനയെന്ന് ഒരു ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ”ഈ ദൗത്യം പൂർണമായും ഒറ്റക്കാണ് നടത്തുന്നത്. കപ്പലിന്റെ അറ്റകുറ്റപ്പണികൾ മുതൽ അലക്കൽ, പാചകം എന്നിവ വരെ ദിൽന ഒറ്റയ്‌ക്ക് ചെയ്യേണ്ടിവരും”, ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഈ പര്യവേഷണം 200 ദിവസത്തിലധികം നീണ്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വർഷം മുമ്പാണ് ലെഫ്റ്റനന്റ് കമാൻഡർ ദിൽന കപ്പലിൽ ജോലിക്കു കയറിയത്. കൊമേഴ്‌സ് ബിരുദധാരിയായ ദിൽന 2014ൽ നാവികസേനയിൽ ലോജിസ്റ്റിക്‌സ് ഓഫീസറായി ചേർന്നിരുന്നു. അതിനും മുൻപ് ഗോവയിലെ ഐഎൻഎസ് മണ്ഡോവിയിലെ ഓഷ്യൻ സെയിലിംഗ് നോഡിൽ ആയിരുന്നു പോസ്‌റ്റിങ്ങ്.
ഏറ്റവും പഴക്കം ചെന്ന എയർസ്റ്റേഷനുകളിലൊന്നായ കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിലാണ് ദിൽനയെ പിന്നീട് നിയമിച്ചത്. അധികം വൈകാതെ ദില്‍ന സൂപ്പർവൈസർമാരുടെ പ്രശംസ പിടിച്ചുപറ്റി. ദക്ഷിണ നേവൽ കമാൻഡിന്റെ കമാൻഡിംഗ്-ഇൻ-ചീഫും ദിൽനയുടെ പ്രകടനത്തെ അഭിനന്ദിച്ചിരുന്നു.
ഒരു ഷൂട്ടർ കൂടിയാണ് ദിൽന. ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ ദിൽന നേടിയിട്ടുണ്ട്. ലോകം ചുറ്റാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കൊച്ചി- ഗോവ ആസാദി കാ അമൃത് മഹോത്സവ് എക്സ്പെഡിഷൻ, പ്രസിഡന്റ്സ് ഫ്ലീറ്റ് റിവ്യൂ എക്സ്പെഡിഷൻ എന്നിവയും മൗറീഷ്യസ്, കേപ്ടൗൺ, റിയോ എന്നിവിടങ്ങളിൽ സമുദ്ര യാത്രകളും നടത്തിയിട്ടുണ്ട്. കടലിൽ ഇതുവരെ ദിൽന 17,000 നോട്ടിക്കൽ മൈൽ സഞ്ചരിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.