ന്യൂഡൽഹി: ഇന്ന് ദേശീയ ബാലികാ ദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്. ഒക്ടോബര്‍ 11 നാണ് അന്താരാഷ്ട്ര ബാലികാദിനമെങ്കിലും ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നത് ജനുവരി 24 നാണ്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ജനുവരി 24 നാണ് ചുമതലയേറ്റത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ബാലികാദിനമായി ജനുവരി 24 ന് ആചരിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ 2008 മുതലാണ് ഇത് നിലവില്‍ വന്നത്.
പെൺകുട്ടികളുടെ ഭാവിക്കായി വർഷങ്ങളായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികളുണ്ട്. അത്തരം കേന്ദ്രപദ്ധതികളെ കുറിച്ച് അറിയാം.
1. സുകന്യ സമൃദ്ധി യോജന
പത്ത് വയസ്സ് തികയാത്ത പെൺകുഞ്ഞിന്റെ പേരിൽ രക്ഷിതാവിനd സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാം. ഒരു കുഞ്ഞിന്റെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ പാടുള്ളൂ. കുറഞ്ഞ തുക 250 രൂപ. ഒരു സാമ്പത്തിക വർഷംപരമാവധി നിക്ഷേപം 1.50 ലക്ഷം രൂപ. അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 15 വർഷം പൂർത്തിയാക്കുന്നതു വരെ തുടർന്നുള്ള നിക്ഷേപം തുടരാം. 21 വർഷം പൂർത്തിയാകുമ്പോൾ അക്കൗണ്ട് കാലാവധി കഴിയും. പെൺകുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ അക്കൗണ്ട് രക്ഷിതാവിന് പ്രവർത്തിപ്പിക്കാം. അതിനുശേഷം പെൺകുട്ടിക്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കാം. നിലവിലെ പലിശനിരക്ക് 7.6%. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള തപാൽ ഓഫിസുമായി ബന്ധപ്പെടണം.കേരളത്തിൽ മാത്രമുള്ളത് 7 ലക്ഷത്തിലധികം അക്കൗണ്ടുകൾ.
2. ബാലികാ സമൃദ്ധി യോജന
ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർക്ക്. പെൺകുട്ടി ജനിച്ചയുടൻ സർക്കാർ 500 രൂപയുമായി കുഞ്ഞുങ്ങളുടെ പേരിൽ ലഘുസമ്പാദ്യ പദ്ധതി തുടങ്ങും. കുഞ്ഞുങ്ങളെ സ്‌കൂളിൽ ചേർക്കുമ്പോൾ വാർഷിക സ്‌കോളർഷിപ്പും ലഭിക്കും. 18 വയസ്സായാൽ തുക പിൻവലിക്കാം. അങ്കണവാടി വഴിയാണ് അപേക്ഷ.
Also Read- നന്ദി മോദീ നന്ദി; കോവിഡ് പ്രതിരോധത്തിനുളള പിന്തുണയ്ക്ക് WHO തലവന്റെ പ്രതികരണം
3. ഇന്ദിരാഗാന്ധി സ്കോളർഷിപ്പ്
ഏകമകൾക്ക് പി ജി കോഴ്സുകൾക്ക് പഠിക്കാൻ (2 വർഷം). 30 വയസ്സുവരെ അർഹത. പ്രതിവർഷം 36,200 രൂപയാണ് സ്കോളർഷിപ്പ്.
4. സിബിഎസ്ഇ ഉഡാൻ
ഏകമകൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പ്. 60 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായി, സിബിഎസ്ഇ 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വർഷം 6000 രൂപ ലഭിക്കും.
5. വിവേകാനന്ദ ഫെലോഷിപ്പ്
കുടുംബത്തിലെ ഒറ്റപെൺകുട്ടിക്ക്. സാമൂഹികശാസ്ത്രത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് പിഎച്ച്ഡി ചെയ്യാൻ. 5 വർഷത്തേക്കാണ് (ആദ്യ 2 വർഷം പ്രതിമാസം 25000 രൂപയും തുടർന്ന് 28000 രൂപയും) ഫെലോഷിപ്പ്. 40 വയസാണ് പ്രായപരിധി.
6. പ്രഗതി സ്കോളർഷിപ്പ്
വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബത്തിലെ ഒറ്റപെൺകുട്ടിക്ക് എഐസിടിഇ നൽകുന്നത്. എഐസിടിഇ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാംവർഷ ഡിഗ്രി–ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
7. ഇൻസെന്റീവ് സ്കീം
എസ്‍സി, എസ്‍ടി വിഭാഗത്തിലെ എട്ടാം ക്ലാസ് വിജയിച്ച പെൺകുട്ടികൾക്ക് 3000 രൂപ സർക്കാർ സ്ഥിരനിക്ഷേപമായി നൽകും. പത്താംക്ലാസ് കഴിയുമ്പോഴോ 18 വയസ്സ് പൂർത്തിയാകുമ്പോഴോ പണം പിൻവലിക്കാം. പട്ടികവിഭാഗ, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പെൺകുട്ടികൾക്കായി കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയങ്ങളും (റസിഡൻഷ്യൽ സ്കൂൾ) ഒരുക്കിയിട്ടുണ്ട്. ഈ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഇൻസെന്റീവിന് അർഹതയുണ്ട്.
Also Read- യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം:ഷഹാനയെ ആന ആക്രമിച്ചത് ടെന്റിന് പുറത്തിറങ്ങിയപ്പോൾ
8. ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ്
ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന 9 മുതൽ 12 ക്ലാസുകളുകളിലെ പെൺകുട്ടികൾക്ക് പ്രതിവർഷം 6000 രൂപവരെ അനുവദിക്കുന്ന പദ്ധതി. തൊട്ടു മുൻപത്തെ ക്ലാസിൽ 50% കുറയാതെ മാർക്കുണ്ടാവണം. കുടുംബവാർഷികവരുമാനം 2 ലക്ഷത്തിൽ കൂടരുത്.
9. ബേട്ടി ബചാവോ ബേട്ടി പഠാവോ
സ്ത്രീശാക്തീകരണം ഉറപ്പാക്കാനുള്ള പദ്ധതി. ഓരോ ജില്ലയ്ക്കും നിശ്ചിത തുക നൽകി വിദ്യാലയങ്ങൾ പെൺസൗഹൃദമാക്കുക, പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ നടപ്പാക്കും.
10. പോഷകാഹാര പദ്ധതി
സ്കൂളിലെത്താത്ത 11–14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് വർഷത്തിൽ 300 ദിവസം പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള പദ്ധതി. സംസ്ഥാന സർക്കാരുകൾ വഴിയാണ് നടപ്പാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Girls, Union government