YouTube Stars| അതിർത്തി തർക്കമില്ലാത്ത രുചിവൈവിധ്യം; മലയാളികൾക്കും പരിചിതയായ ചൈനക്കാരി
- Published by:Naseeba TC
- news18-malayalam
Last Updated:
സനൂജ് സുശീലൻ
"ഈ ചൈനക്കാരി എന്തൊരു സ്മാർട്ടാണല്ലേ? ഒരു നിമിഷം പോലുംവെറുതെയിരിക്കില്ല. എന്തെങ്കിലുമൊക്കെ പണികൾ ചെയ്തുകൊണ്ടിരിക്കും" ഒരിക്കൽ ഈ വീഡിയോ കണ്ടുകൊണ്ടിരിക്കെ അറിയാതെ ഭാര്യയോട് പറഞ്ഞു പോയതാണ്. ഉടൻ വരുന്നു അടുക്കളയിൽ നിന്ന് ഭാര്യയുടെ മറുപടി. "ഇവിടെ ഒരു ഇന്ത്യക്കാരി രാവിലെ മുതൽ പണിയെടുത്തുകൊണ്ടിരിക്കുന്നത് കാണാൻ പാടില്ലല്ലേ ? ചൈനക്കാരികളുടെ പാചകം മാത്രമേ കണ്ണിൽ കയറുള്ളോ?" എന്ന്. എന്തായാലും Dianxi Xiaoge എന്ന ഈ യൂട്യൂബ് ചാനൽ ഞങ്ങൾ രണ്ടുപേരുടെയും ഇഷ്ട ചാനലാണ്. നിങ്ങളിൽ പലരും ചിലപ്പോൾ ഇത് സ്ഥിരമായി കാണുന്നവരാവും. അറിയാത്തവർക്കായി അല്പം വിശദീകരിക്കാം
ചാനലിന്റെ പേര് Dianxi Xiaoge എന്നാണെങ്കിലും Dong Meihua എന്ന ചൈനീസ് യുവതിയാണ് ഈ ചാനലിന്റെ എല്ലാമെല്ലാം. കൗതുകകരമായ കഥയാണ് ഈ ചാനലിന്റേത്. യുനാൻ പ്രവിശ്യയുടെ പടിഞ്ഞാറുള്ള Dianxi എന്ന കൊച്ചു ഗ്രാമത്തിലാണ് ഡോങ് ജനിച്ചത്. ചാനലൊക്കെ തുടങ്ങുന്നതിനു വളരെ മുമ്പ് ചൈനീസ് പോലീസ് സേനയിലാണ് ഈ പെൺകുട്ടി ജോലി ചെയ്തിരുന്നത്. നഗരത്തിൽ. അവളുടെ പ്രായമായ മാതാപിതാക്കൾ ഗ്രാമത്തിലും. അങ്ങനെയിരിക്കെയാണ് ഡോങിന്റെ പിതാവിന്റെ ആരോഗ്യ നില മോശമായത്. അവരെ സഹായിക്കാനായി നാലു വർഷം മുമ്പ് അവൾ ജോലിയുപേക്ഷിച്ച് ഗ്രാമത്തിലേക്ക് താമസം മാറി. ചെലവിനുള്ള പണം കണ്ടെത്താനായി ഒരു വരുമാന മാർഗം എന്ന നിലയ്ക്കാണ് കുക്കറി വീഡിയോകൾ തുടങ്ങാൻ ഡോങ് ആലോചിക്കുന്നത്.
advertisement
അങ്ങനെ ഡോങ് ഒരു വീഡിയോ ബ്ലോഗ് ആരംഭിച്ചു. എങ്ങനെയാണ് നല്ലൊരു വീഡിയോ ഉണ്ടാക്കുന്നതെന്ന് സാങ്കേതികമായി ഒരറിവുമില്ല. പോരാത്തതിന് യൂട്യൂബിന് നിയന്ത്രണങ്ങൾ ഉള്ള രാജ്യവുമാണ് ചൈന. ഒരു മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് പുള്ളിക്കാരി ചെറിയ ചെറിയ വിഡിയോകൾ ഉണ്ടാക്കാൻ തുടങ്ങി. ഡോങ്ങും കുടുംബവും ചേർന്ന് നിർമിച്ച വീഡിയോകൾക്ക് ആദ്യമൊന്നും കാഴ്ചക്കാരെ കിട്ടിയില്ലെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ അവർ തട്ടിമുട്ടി ഒരു പതിനായിരം സബ്സ്ക്രൈബേഴ്‌സിനെ ഒപ്പിച്ചു.advertisement
ഉന്തിയും തള്ളിയും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ചാനലിന്റെ ജാതകം മാറിയത് യാദൃശ്ചികമായാണ്. ചൈനയിലെ ഉൾനാടൻ ഗ്രാമങ്ങളിലെ വിഭവങ്ങളാണ് അവരുടെ ചാനലിൽ സ്ഥിരമായി വന്നുകൊണ്ടിരുന്നത് എന്ന് പറഞ്ഞല്ലോ. ബർഗർ , സാൻഡ്‌വിച് തുടങ്ങിയ പാശ്ചാത്യ വിഭവങ്ങൾ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തവരാണ് അവിടത്തെ ഗ്രാമീണർ. പണ്ട് സിറ്റിയിൽ പോലീസായി ജോലി നോക്കുമ്പോൾ എവിടെ നിന്നോ ഡോങ് ഒരു ഹാംബർഗർ കഴിച്ചിരുന്നു. എന്നെങ്കിലും അച്ഛനെയും അമ്മയെയും സിറ്റിയിൽ കൊണ്ടുവന്ന് അവരെയും അത് കഴിപ്പിക്കണമെന്ന് അവൾ അന്നേ തീരുമാനിച്ചിരുന്നതാണ്. പക്ഷെ ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിൽ അത്രയും ദൂരം യാത്ര ചെയ്യാൻ കഴിയാത്ത അവർക്കായി ഹാംബർഗർ ഉണ്ടാക്കാൻ അവൾ തീരുമാനിച്ചു.
advertisement
കണ്ടതും കേട്ടതുമായ വിവരങ്ങളും സ്വന്തം ബുദ്ധിയും ഉപയോഗിച്ച് അങ്ങനെ അവളൊരു ഹാംബർഗർ ഉണ്ടാക്കി. പ്രതീക്ഷിച്ചതിനേക്കാൾ നന്നായി വന്ന അത് കുടുംബം ആസ്വദിച്ച് കഴിക്കുകയും ചെയ്തു. എന്നാൽ ഈ വീഡിയോ അവളുടെ ചാനലിലും ഒരു വഴിത്തിരിവുണ്ടാക്കി. കേട്ടുകേൾവി മാത്രം വച്ച് അവളുണ്ടാക്കിയ ആ ഹാംബർഗറിന്റെ കഥ ചരിത്രം സൃഷ്ടിച്ചു. അത് കണ്ട് ഒറ്റമാസം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ചാനലിൽ ചേർന്നത്.
2018 -ൽ ചൈനയുടെ സെൻസറിങ് മെക്കാനിസമായ ദി ഗ്രേറ്റ് ഫയർവോളിൽ ( ഇലക്ട്രോണിക് മീഡിയയെ നിയന്ത്രിക്കാൻ ചൈന അവിടത്തെ വൻമതിൽ പോലെ തന്നെ ഒരു വലിയ സൈബർ ഭിത്തിയും പണിതു വച്ചിട്ടുണ്ട്. നിരുപദ്രവകരം എന്ന് സർക്കാരിന് തോന്നുന്ന ഉള്ളടക്കം മാത്രമേ ഈ ഫയർവോൾ കടന്നു പോവുകയുള്ളൂ ) അനുമതി കിട്ടിയതോടെ ഡോങിന്റെ ചാനൽ യൂട്യൂബിൽ തരംഗമായി മാറി. എളിയ തോതിൽ ആരംഭിച്ച ഈ ചാനലിന് ഇന്ന് അറുപതു ലക്ഷത്തോളം സബ്സ്ക്രൈബേഴ്‌സുണ്ട്. ചാനലിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന വിഡിയോകൾക്കൊക്കെ ശരാശരി നാലു മുതൽ അഞ്ചു വരെ മില്യൺ വ്യൂസ് കിട്ടുന്നുണ്ട്.
advertisement
പന്ത്രണ്ടും പതിനഞ്ചും ഇരുപതുമൊക്കെ മില്യൺ വ്യൂസ് കിട്ടിയ വിഡിയോകൾ വരെ അതിലുണ്ട് എന്നോർക്കുക. വെറുമൊരു കൺട്രി സൈഡ് യൂട്യൂബറിൽ നിന്ന് ലോക സെലിബ്രിറ്റിയായി ഡോങ് മാറിയിരിക്കുന്നു. അവൾ മാത്രമല്ല എല്ലാ അർത്ഥത്തിലും അവളെ സപ്പോർട്ട് ചെയ്യുന്ന കുടുംബവും ആ മനോഹരമായ ഗ്രാമത്തിലെ മനോഹരമായ കൊച്ചു വീടും ഇന്ന് ലോകപ്രസിദ്ധമാണ്. മിക്ക എപ്പിസോഡിലും അവൾക്കൊപ്പം പ്രത്യക്ഷപ്പെടുന്ന അവളുടെ വളർത്തു നായയ്ക്ക് വരെ ആരാധകരുണ്ട്.advertisement
സാധാരണ ഒരു മൊബൈൽ ഫോൺ ഉപയോഗിച്ച് ഷൂട്ട് ചെയ്തിരുന്നതാണ് അവളുടെ ആദ്യ വിഡിയോകൾ എന്ന് പറഞ്ഞല്ലോ. ക്യാമറ കൈകാര്യം ചെയ്തു പരിചയമുള്ള വിദഗ്ധന്മാർ ആരുമില്ലാത്ത ആ ഗ്രാമത്തിൽ നിന്ന് അവരുണ്ടാക്കിയ ആദ്യ വിഡിയോകൾ പലതും അമിതമായ പ്രകാശം കൊണ്ടും ഫോക്കസ് പ്രശ്നങ്ങൾ കൊണ്ടും വ്യക്തമായി കാണാൻ പോലും കൊള്ളാത്ത ഔട്ട്പുട്ട് ആണുണ്ടാക്കിയത്. എന്നാൽ അവളും കുടുംബവും തോൽക്കാൻ തയ്യാറല്ലായിരുന്നു. യൂട്യൂബ് വിഡിയോകൾ നോക്കിയും ഉപദേശങ്ങൾ നേടിയും പല പരീക്ഷണങ്ങൾ നടത്തിയും അവർ മികച്ച വിഡിയോകൾ ഉണ്ടാക്കാൻ സ്വയം പഠിക്കുകയായിരുന്നു. ചാനലിലെ ഓരോ വിഡിയോകളും ഷൂട്ട് ചെയ്യുന്നതിന് പിന്നിൽ പന്ത്രണ്ടും പതിനഞ്ചും മണിക്കൂർ നീളുന്ന കഠിനാദ്ധ്വാനമാണുള്ളത്. വിറകടുപ്പിലാണ് പാചകം. ഓരോ ചേരുവകൾ ചേർക്കുന്നതിനിടയിലും ഇടവേളകളുണ്ട്.
advertisement
ചിലപ്പോൾ അവസാന നിമിഷം ഉണ്ടാക്കിയ ഡിഷ് പൊളിഞ്ഞു പോവാനും ചാൻസുണ്ട്. അപ്പോൾ ആദ്യം മുതലേ വീണ്ടും ചെയ്യേണ്ടി വരും. സോണിയുടെ A7 മിറർലെസ്സ് ക്യാമറ ഉപയോഗിച്ചാണ് ഡോങ് ഇപ്പോൾ വിഡിയോകൾ ഷൂട്ട് ചെയ്യുന്നത്. കലാപരമായും സാങ്കേതികമായും മറ്റു പ്രശസ്ത യൂട്യൂബിഴ്‌സിനോട് പിടിച്ചു നിൽക്കുന്ന വിഡിയോകൾ Dianxi എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഡോങ്ങും അവളുടെ കുടുംബവും കൂടി നിർമിക്കുന്നു. ചാനൽ വളർന്നതോടെ പ്രൊഫെഷനലുകളാണ് ഇപ്പോൾ അവളുടെ വിഡിയോകൾ നിർമിക്കുന്നതെന്നും കേട്ടിട്ടുണ്ട്. ക്വാളിറ്റി കണ്ടാൽ അതിൽ അല്പം വാസ്തവമുണ്ടെന്നും തോന്നും. എന്തായാലും ഭാവിയിലെ വികസനത്തെപ്പറ്റി ഡോങിന് വൻ പദ്ധതികൾ മനസ്സിലുണ്ട്. വരും വർഷങ്ങളിൽ ഈ പേരിൽ ബ്രാൻഡ് ചെയ്യപ്പെട്ട ഭക്ഷ്യ വസ്തുക്കൾ നിങ്ങളുടെ തൊട്ടടുത്ത ഷോപ്പിൽ കണ്ടാൽ പോലും അത്ഭുതപ്പെടേണ്ടതില്ല.
ഇന്ത്യയും ചൈനയും തമ്മിൽ മുട്ടൻ അടിയും വഴക്കും നടക്കുന്ന ഈ സമയത്ത് ഈ ചാനലിനെ പറ്റി ഇത്രയും എഴുതിയതിന് മറ്റൊരു കാരണം കൂടിയുണ്ട്. മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഫ്രീലാൻസൻ യൂട്യൂബർമാർ ഉള്ളത് നാലോ അഞ്ചോ വിഷയങ്ങളിലാണ്. ടെക്ക് എന്ന പേരിലുള്ള മൊബൈൽ റിവ്യൂ / മാർക്കറ്റിംഗ്, ട്രാവൽ വ്‌ളോഗിംഗ്, ന്യൂസ് , വണ്ടി റിവ്യൂ / മാർക്കറ്റിങ് എന്നിവ കൂടാതെ ആൺ പെൺ വ്‌ളോഗർമാർ ഒരുപാടുള്ള പ്രധാനപ്പെട്ട മറ്റൊരു ഏരിയയാണ് പാചകം. എന്നാൽ മല്ലു കുക്കറി ചാനലുകൾ മാത്രമല്ല മറ്റു ദേശീയ ഭാഷകളിലെയും ഇത്തരം ചാനലുകൾ ഏകദേശം ഒരേ പാറ്റേണിലാണ് വിഡിയോകൾ അവതരിപ്പിക്കുന്നത്. മിക്കതും ഒരേ ചേരുവകൾ ചേർത്തുണ്ടാക്കി, പ്രധാന ഘടകം മാത്രം മാറ്റി ചെയ്യുന്ന വിഭവങ്ങൾ.
ഓരോ നൂറു കിലോമീറ്ററിലും അടിമുടി മാറുന്ന ജീവിതരീതികളുള്ള ഒരു മഹാരാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തെ ഭക്ഷണ രീതികളിലുമുള്ള ഈ വൈവിധ്യം കാണിക്കുന്ന ലോകപ്രശസ്തമായ ഒരു ചാനൽ എന്തുകൊണ്ടുണ്ടാവുന്നില്ല എന്നത് കൗതുകകരമായ ഒരു ചോദ്യമാണ്. വളരെയധികം വെറൈറ്റിയുള്ള ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് പോലും നമ്മളെക്കാൾ നന്നായി കവർ ചെയ്തിട്ടുള്ളത് വിദേശികളായ യൂടൂബേഴ്‌സാണ്.
ഈ ലോകത്ത് ചൈനീസ് മനസ്സിലാവുന്നത് നൂറ്റി മുപ്പതോളം കോടി ജനങ്ങൾക്കാണ്. അതിൽ വെറും ഒരു ശതമാനത്തിനോ മറ്റോ ആണ് ഇംഗ്ലീഷ് അറിയാവുന്നത്. അത്തരമൊരു ഭാഷയിൽ നിന്നാണ് ലോകത്തെല്ലായിടത്തും പ്രേക്ഷകരുള്ള ഈ ചാനലുണ്ടായത് എന്നത് ശ്രദ്ധിക്കുക.
മലയാളം ഒരു കടുകട്ടി ഭാഷയാണ്, മലയാളികൾക്കല്ലാതെ ലോകത്താർക്കും അത് മനസ്സിലാവില്ല, ചെറിയ ഒരു ജനവിഭാഗം മാത്രം ഉപയോഗിക്കുന്നത് കൊണ്ട് നമുക്ക് വളരാനും വലിയ സ്കോപ്പില്ല എന്നൊക്കെ ഒഴിവുകഴിവുകൾ പറയുന്നവർ പ്രത്യേകിച്ചും ഈ ചാനൽ കാണണം. ഡോങ്ങിൽ നിന്ന് നിന്ന് നിങ്ങൾക്ക് പലതും പഠിക്കാനുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 26, 2020 9:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
YouTube Stars| അതിർത്തി തർക്കമില്ലാത്ത രുചിവൈവിധ്യം; മലയാളികൾക്കും പരിചിതയായ ചൈനക്കാരി


