മെലിഞ്ഞ, നീലക്കണ്ണുള്ള എയർഹോസ്റ്റസുമാർക്കു മാത്രം ചാർട്ടേർഡ് വിമാനത്തിൽ അവസരം; യുണൈറ്റഡ് എയർലൈൻസിനെതിരെ കേസ്
- Published by:Sarika KP
- news18-malayalam
Last Updated:
വെളുത്ത, ചെറുപ്പക്കാരായ, മെലിഞ്ഞ, നീലക്കണ്ണുള്ള എയർഹോസ്റ്റസുമാരെ ചാർട്ടേർഡ് വിമാനങ്ങളിലേക്ക് തിരഞ്ഞെടുക്കാനാണ് കമ്പനിയുടെ നിർദേശം
ചാർട്ടേർഡ് വിമാനങ്ങളിലേക്കുള്ള എയർഹോസ്റ്റസുമാരെ തിരഞ്ഞെടുക്കാൻ വിവേചനപരമായ വ്യവസ്ഥകൾ മുന്നോട്ടു വെച്ച അമേരിക്കൻ വിമാനക്കമ്പനിക്കെതിരെ കേസ്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് എയർലൈൻസിലെ ജീവനക്കാരാണ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രൊഫഷണൽ, കൊളീജിയറ്റ് സ്പോർട്സ് ടീമുകൾക്കുള്ള ചാർട്ടേർഡ് ഫ്ലൈറ്റിൽ മേൽപറഞ്ഞ സവിശേഷതകളുള്ള എയർ ഹോസ്റ്റസുമാരെ വേണമെന്നാണ് കമ്പനി നിർദേശിച്ചതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. യുണൈറ്റഡ് എയർലൈൻസിലെ ജീവനക്കായ ഡോൺ ടോഡ്, ഡാർബി ക്വസാദ എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.
വെളുത്ത, ചെറുപ്പക്കാരായ, മെലിഞ്ഞ, നീലക്കണ്ണുള്ള എയർഹോസ്റ്റസുമാരെ ചാർട്ടേർഡ് വിമാനങ്ങളിലേക്ക് തിരഞ്ഞെടുക്കാനാണ് കമ്പനിയുടെ നിർദേശമെന്നും ഇക്കാരണത്താൽ, ലോസ് ഏഞ്ചൽസ് ഡോഡ്ജേഴ്സ് ബേസ്ബോൾ ടീമിന്റെ ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ ജോലി ചെയ്യാൻ തങ്ങളെ തിരഞ്ഞെടുത്തില്ലെന്നും 50 കാരിയായ ഡോൺ ടോഡും 44 കാരിയായ ഡാർബി ക്യൂസാഡയും പരാതിയിൽ ആരോപിച്ചു. തങ്ങളെ അവഗണിക്കുകയാണെന്നും ചെറുപ്പക്കാരും മെലിഞ്ഞവരും നീലക്കണ്ണുകളുള്ളവരുമായ സഹപ്രവർത്തകർക്ക് അനുകൂലമായ സമീപനമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്നും പരാതിക്കാർ പറയുന്നു. ഇരുവരും കറുത്ത വർഗക്കാരാണ്.
advertisement
യുണൈറ്റഡ് എയർലൈൻസിൽ തങ്ങൾക്ക് 15 വർഷത്തിലേറെ പ്രവൃത്തി പരിചയമുണ്ടെന്നും ഇരുവരും പറഞ്ഞു. ഈ അവഗണനക്കും വിവേചനത്തിനും നഷ്ടപരിഹാരം വേണമെന്നും പരാതിയിൽ പറയുന്നു. നിരവധി വർഷമായി ഇവർ ഡോഡ്ജേഴ്‌സിന്റെ ചാർട്ടേർഡ് ഫ്ലൈറ്റുകൾക്കായുള്ള കമ്പനിയുടെ സ്റ്റാഫിംഗ് പ്രോഗ്രാമിൽ പങ്കെടുക്കാൻ ശ്രമിക്കുകയാണ്. ഫ്ലൈറ്റ് സമയം കൂടുതലായതിനാലും അധിക ആനുകൂല്യങ്ങളും ഉള്ളതിനാലും ഈ അവസരം ലഭിക്കുന്നവർക്ക് സ്റ്റാൻഡേർഡ് അസൈൻമെന്റുകളിൽ കിട്ടുന്നതിനേക്കാൾ മൂന്ന് മടങ്ങ് വരെ പ്രതിഫലം ലഭിക്കും.
കഴിഞ്ഞ വർഷം ഇരുവരെയും ഈ ചാർട്ടേർഡ് ഫ്ളൈറ്റ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്തിരുന്നു. എന്നാൽ താമസിയാതെ വെള്ളക്കാരായ ഫ്ലൈറ്റ് അറ്റൻഡന്റുമാരെ പ്രോഗ്രാമിൽ കൂടുതലായി ഉൾപ്പെടുത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ടോഡിന് അസൈൻമെന്റുകൾ കുറവായിരുന്നു, ക്യൂസാഡയെ പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ടോഡിനെ ‘വിമാനത്തിലെ വേലക്കാരി’ എന്ന് വിളിച്ച് ഉദ്യോഗസ്ഥർ അധിക്ഷേപിച്ചതായും മീറ്റിംഗുകളിലും ഡ്യൂട്ടി സമയത്തും കളിയാക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 03, 2023 4:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
മെലിഞ്ഞ, നീലക്കണ്ണുള്ള എയർഹോസ്റ്റസുമാർക്കു മാത്രം ചാർട്ടേർഡ് വിമാനത്തിൽ അവസരം; യുണൈറ്റഡ് എയർലൈൻസിനെതിരെ കേസ്