നിങ്ങള്‍ പതിവായി വിമാന യാത്ര (Flight) ചെയ്യുന്ന ആളാണെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ (IndiGo Airline) യാത്ര ചെയ്തിട്ടുണ്ടാകും. അവരുടെ കുറഞ്ഞ ചിലവിലുള്ള കുറ്റമറ്റ സേവനങ്ങള്‍ നിങ്ങൾ സ്വീകരിച്ചിട്ടുണ്ടാകും.
എന്നാൽ, നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ സര്‍വീസായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഏകദേശം 17 വര്‍ഷത്തെ പാരമ്പര്യത്തെക്കുറിച്ചും ആ പാരമ്പര്യം തങ്ങളുടെ ഇതുവരെയുള്ള യാത്രയിലുടനീളം നിലനിര്‍ത്താന്‍ ശ്രമിച്ച കമ്പനിയുടെ പരിശ്രമങ്ങളെക്കുറിച്ചും നിങ്ങൾക്ക് അറിയാമോ?.
2021 ഒക്ടോബറിലെ കണക്കനുസരിച്ച് 53.5% ആഭ്യന്തര വിപണി വിഹിതമുള്ള ഇന്‍ഡിഗോ യാത്രക്കാരുടെ നിരക്കിലും, മൊത്തം വിമാനങ്ങളുടെ എണ്ണത്തിലും ഇന്ത്യയിലെ (India) ഏറ്റവും വലിയ എയര്‍ലൈനാണ്. ഇന്‍ഡിഗോയെക്കുറിച്ച് വിശദമായി അറിയാം:
ഇൻഡിഗോയുടെ തുടക്കം
ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസിന്റെ രാഹുല്‍ ഭാട്ടിയയും അമേരിക്കന്‍ വ്യവസായിയും എന്‍ആര്‍ഐ-യുമായ രാകേഷ് ഗാങ്ങ്വാലും ചേര്‍ന്ന് 2006ല്‍ സ്ഥാപിച്ച സ്വകാര്യ കമ്പനിയാണ് ഇന്‍ഡിഗോ. ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമാക്കി 2005ല്‍ രൂപീകൃതമാവുകയും 2006 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത ഇന്‍ഡിഗോ എയര്‍ലൈന്‍സ്, തങ്ങളുടെ വ്യത്യസ്തവും വെറിട്ടതുമായ സേവനങ്ങളിലൂടെ മറ്റ് വിമാനക്കമ്പനികളേക്കാള്‍ തുടക്കം മുതല്‍ എപ്പോഴും മുന്നിട്ട് നിന്നിരുന്നു.
സേവനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വലിയ അളവിൽ വിമാനത്തിന് ഓര്‍ഡര്‍ നല്‍കിയ എയര്‍ലൈനാണ് ഇൻഡിഗോ. എന്നാൽ ഇന്ത്യന്‍ എയര്‍ലൈന്‍സ് (ഇപ്പോള്‍ എയര്‍ ഇന്ത്യയുടെ ഭാഗം), കിംഗ്ഫിഷര്‍ (Kingfisher), ജെറ്റ് എയര്‍വേയ്സ് (Jet Airways) തുടങ്ങിയ ഫുള്‍ സര്‍വീസ് കാരിയറുകള്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ 2005ല്‍ ഇന്‍ഡിഗോ 100 A320-200 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നൽകാൻ ധൈര്യപ്പെട്ടു. ഇത് ഈ എയര്‍ലൈന്‍ കമ്പനിയുടെ ആദ്യത്തെ ധീരമായ ചുവടുവയ്പ്പായിരുന്നു. ഇതിന് 6 ബില്യണ്‍ ഡോളറിലധികം ചെലവായി. ഒരു സ്റ്റാര്‍ട്ടപ്പിനെ സംബന്ധിച്ചടത്തോളം വളരെ വലിയ നിക്ഷേപമായിരുന്നു ഇത്.
എന്നാൽ, ഇന്‍ഡിഗോ തങ്ങളുടെ വിമാനങ്ങള്‍ വേഗത്തില്‍ വേണമെന്നും സര്‍വ്വീസുകള്‍ അതിവേഗം വിപുലീകരിക്കണമെന്നും ആഗ്രഹിച്ചിരുന്നു. കമ്പനി ഈ രണ്ട് കാര്യങ്ങളും നടപ്പിലാക്കിയെന്ന് ഏവിയേഷന്‍ മേഖലയിലെ വാര്‍ത്തകള്‍ കൈക്കാര്യം ചെയ്യുന്ന സിമ്പിള്‍ഫ്‌ലൈയിംഗ് (SimpleFlying) റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യത്തെ എ320 വിമാനം ഇന്‍ഡിഗോ 2006 ജൂലൈയില്‍ എത്തിച്ചു. 2006 ഓഗസ്റ്റ് 4ന് ഡല്‍ഹിയില്‍ നിന്ന് ഗുവാഹത്തി വഴി ഇംഫാലിലേക്ക് സര്‍വീസ് നടത്തിയാണ് ഇന്‍ഡിഗോ തങ്ങളുടെ ഉദ്ഘാടന പറക്കല്‍ നടത്തിയത്. 2006 അവസാനമായപ്പോഴേക്കും ഇന്‍ഡിഗോയ്ക്ക് ആറ് വിമാനങ്ങള്‍ കൂടി എത്തി. തൊട്ടടുത്ത വര്‍ഷം ഒമ്പത് വിമാനങ്ങള്‍ കൂടി കമ്പനി ഏറ്റെടുത്തു.
ജനപ്രിയ വിമാനക്കമ്പനി
കുറഞ്ഞ നിരക്കും പരസ്യ പ്രചാരണവും കൊണ്ട് ഇന്‍ഡിഗോ ഇന്ത്യയില്‍ ക്രമേണ ജനപ്രിയമായ വിമാന കമ്പനിയായി മാറി. 2010 ഡിസംബറില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനും ജെറ്റ് എയര്‍വേസിനും പിന്നില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ എയര്‍ലൈനായി ഇന്‍ഡിഗോ മാറി. സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള എയര്‍ ഇന്ത്യയുടെ (Air India) സ്ഥാനം മാറ്റിസ്ഥാപിച്ചാണ് ഇൻഡിഗോ മൂന്നാം സ്ഥാനത്ത് എത്തിയത്. വളര്‍ന്നു കൊണ്ടിരുന്ന ഈ കമ്പനി ഒരു വര്‍ഷത്തിനുശേഷം വീണ്ടും വൻ തോതില്‍ വിമാനങ്ങൾക്ക് ഓര്‍ഡര്‍ നല്‍കി. നൂറ്റമ്പത് എ320നിയോസും, 30ലധികം A320സിയോസും അടങ്ങുന്ന 180 വിമാനങ്ങള്‍ക്കായിരുന്നു ഓര്‍ഡര്‍ നല്‍കിയത്.
അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം 2011 ജനുവരിയിലാണ് ഇന്‍ഡിഗോയ്ക്ക് അന്താരാഷ്ട്ര വിമാനയാത്ര സര്‍വ്വീസിനുള്ള ലൈസന്‍സ് ലഭിച്ചത്. ഇന്‍ഡിഗോയുടെ ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസ് 2011 സെപ്റ്റംബര്‍ 1ന് ന്യൂഡല്‍ഹിയിൽ നിന്ന് ദുബായിലേയ്ക്കായിരുന്നു. വര്‍ദ്ധിച്ചുവരുന്ന വിമാനയാത്ര സര്‍വ്വീസുകള്‍ക്കൊപ്പം, 2012ഓടെ കൂടുതല്‍ ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങള്‍ ചേര്‍ത്തിന് പുറമെ ഇന്‍ഡിഗോ കൂടുതല്‍ അന്താരാഷ്ട്ര ഫ്‌ലൈറ്റുകള്‍ കൂടി ആരംഭിച്ചു. അതേ വര്‍ഷം തന്നെ ഓഗസ്റ്റ് മാസത്തില്‍, ജെറ്റ് എയര്‍വേയ്സിന് കടത്തിവെട്ടി ഇന്‍ഡിഗോ ഔദ്യോഗികമായി ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായി മാറി.
വിജയം തുടര്‍ക്കഥയാക്കിയ വിമാനക്കമ്പനി
വിമാനക്കമ്പനികള്‍ വിജയിക്കുന്നതില്‍ പരാജയപ്പെടുകയും ഹ്രസ്വകാല സര്‍വ്വീസുകള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും (എയര്‍ മന്ത്ര, എയര്‍ പെഗാസസ് തുടങ്ങിയവ) ചെയ്തിട്ടുള്ള ഒരു രാജ്യത്ത്, ഇന്‍ഡിഗോയ്ക്ക് മികച്ച ലാഭക്ഷമത നേടി വിജയം കൈവരിക്കാന്‍ കഴിഞ്ഞു. 2009 മുതല്‍, കാരിയര്‍ ലാഭകരമായിത്തീര്‍ന്നു, അതിനുശേഷം കമ്പനി ഈ നേട്ടം നിലനിര്‍ത്തി.
Also Read-
Buying a Car | പുതിയ കാർ വാങ്ങണോ അതോ പഴയൊരെണ്ണം വാങ്ങിയാൽ മതിയോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക
വിഐപികളെ പരിപാലിക്കുകയോ വിമാനത്താവളങ്ങളില്‍ വിലകൂടിയ ലോഞ്ചുകള്‍ പരിപാലിക്കുകയോ ചെയ്യേണ്ടതില്ലാത്ത ഇക്കോണമി ക്ലാസ് മാത്രം നല്‍കുന്ന കുറഞ്ഞ നിരക്കിലുള്ള എയര്‍ലൈന്‍ എന്ന തീരുമാനവും കമ്പനിയുടെ ലാഭക്ഷമത നിലനിര്‍ത്തുന്ന ഘടകമായി മാറി. ഇൻഡിഗോയ്ക്ക് ഇന്‍-ഫ്‌ലൈറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റമോ കോംപ്ലിമെന്ററി ഭക്ഷണമോ ഇല്ല, പകരം ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ബൈ ഓണ്‍ബോര്‍ഡ് മീല്‍ പ്രോഗ്രാം മാത്രം വാഗ്ദാനം ചെയ്യുന്നു. ഇതുകൊണ്ട് തന്നെയാണ് ഇന്‍ഡിഗോയ്ക്ക് തങ്ങളുടെ യാത്രകാര്‍ക്ക് കുറഞ്ഞ ചിലവില്‍ വിമാനയാത്ര ഒരുക്കാന്‍ സാധിക്കുന്നത്.
Also Read
-Facebook Messenger | ചാറ്റ് സ്ക്രീൻഷോട്ട് മറ്റാരെങ്കിലും പകർത്തിയാൽ ഉടൻ അറിയിപ്പ്; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
2020 മാര്‍ച്ചിലെ കണക്കനുസരിച്ച് ഇന്‍ഡിഗോ, 95 ലക്ഷ്യസ്ഥാനങ്ങളിലേക്കായി (71 എണ്ണം ഇന്ത്യയിലും 24 എണ്ണം വിദേശത്തും) പ്രതിദിനം 1,500-ലധികം വിമാനയാത്ര സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. കമ്പനിയുടെ പ്രധാന കേന്ദ്രം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. കൂടാതെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ജയ്പൂര്‍, കൊച്ചി, അഹമ്മദാബാദ് തുടങ്ങിയ അധിക ഹബ്ബുകളും ഇൻഡിഗോയ്ക്കുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.