ടാറ്റയുടെ നാനോ കാര്‍ പുത്തന്‍ മാറ്റങ്ങളോട് വിപണിയിലിറക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാറിന്റെ സസ്പെന്‍ഷനിലും ടയറുകളിലും വരുത്തിയ മാറ്റങ്ങള്‍ ഉള്‍പ്പടെ നാനോ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനാണ് കമ്പനി ആലോചിക്കുന്നതെന്നാണ് വിവരം. അതേസമയം പുത്തന്‍ പദ്ധതികളെക്കുറിച്ച് കമ്പനി അധികൃതര്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ പുതിയ വാഹനങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചത്.
അതേസമയം ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തി കമ്പനി ചെയര്മാന് എന്‍ ചന്ദ്രശേഖരന് മുമ്പ് രംഗത്തെത്തിയിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയില്‍ നിന്ന് 5000 ഇലക്ട്രിക് വാഹനങ്ങളും 2022 സാമ്പത്തിക വര്‍ഷത്തില്‍ 19,500 വിറ്റഴിച്ചതായാണ് 77-ാമത് എജിഎമ്മില്‍ കമ്പനി ചെയര്‍പേഴ്സണ്‍ പറഞ്ഞത്.
Also read-പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് അറിയാം
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 50000 ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 2022 നവംബറോടെ കമ്പനി 24000ലധികം ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്. നെക്സണ്‍ ഇലക്ട്രിക് വെഹിക്കിള്‍, ടൈഗര്‍ ഇവി, ടിയാഗോ ഇവി, എക്സ്പ്രസ് ടി-ഇവി എന്നിവയാണ് ടാറ്റ മോട്ടോഴ്സിന്റെ മറ്റ് ഇലക്ട്രിക് പതിപ്പുകൾ.
അതേസമയം കമ്പനി ഇതിനകം ഇലക്ട്രിക് വെഹിക്കിള്‍ പതിപ്പുകളായ കര്‍വ്, അവിന്യയ (Curvv, Avinya) എന്നിവ പ്രദര്‍ശിപ്പിച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 മോഡലുകള്‍ കൂടി പുറത്തിറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.
Also read-ആള്‍ട്ടോ മുതല്‍ വാഗണ്‍ ആര് വരെ; ഡിസംബറില്‍ വന്‍ ഡിസ്കൗണ്ടുകളുമായി മാരുതി സുസുക്കി
2008ലാണ് ടാറ്റാ മോട്ടോഴ്സ് കമ്പനിയുടെ അഭിമാനമായ നാനോ കാര്‍ സംരംഭം പുറത്തിറക്കിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ കാറിന് വന്‍പ്രചാരം ലഭിക്കുകയും ചെയ്തു. എന്നാല്‍ 2018ഓടെ നാനോ കാറിന്റെ ഉല്‍പ്പാദനം കമ്പനി നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.
പുതിയ നാനോ ഇലക്ട്രിക് കാറിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കമ്പനി പദ്ധതികളൊരുക്കുകയാണെങ്കില് തമിഴ്നാട്ടിലെ മറൈമലൈനഗറിലെ ഫോര്‍ഡ് പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തമിഴ്നാട് സര്‍ക്കാരുമായി പുനരാരംഭിക്കേണ്ടി വരുമെന്നും വ്യവസായ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ അടുത്തിടെ, രത്തന്‍ ടാറ്റ തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായ ശന്തനു നായിഡുവിനൊപ്പം പ്രത്യേകമായി നിര്‍മ്മിച്ച ഒരു ഇലക്ട്രിക് നാനോയുടെ അടുത്ത് നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഈ കാര്‍ രത്തന്‍ ടാറ്റയ്ക്ക് വേണ്ടി നിര്‍മ്മിച്ചത് ടാറ്റ മോട്ടോഴ്സ് അല്ലെന്ന് മാത്രം. പൂനെ ആസ്ഥാനമായുള്ള ഇലക്ട്ര ഇവി എന്ന ഇലക്ട്രിക് വെഹിക്കിള്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡാണ് ഈ പ്രത്യേക നാനോ ഇവി നിര്‍മ്മിച്ചത്.
ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്ര ഇവി എന്ന കമ്പനി പ്രവര്‍ത്തിക്കുന്നത്. EV പവര്‍ട്രെയിന്‍ സൊല്യൂഷനുകളും സിസ്റ്റങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ഇലക്ട്ര ഇവി. ഏഷ്യന്‍ വിപണികള്‍ക്കായി ലക്ഷ്യമിട്ട ഇവി പവര്‍ട്രെയിന്‍ സൊല്യൂഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആഗോള ഇലക്ട്രിക് മൊബിലിറ്റി ദാതാക്കള്‍ക്കുവേണ്ടിയും ഇലക്ട്ര ഇവി പ്രവര്‍ത്തിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.