വിമാന യാത്രികർക്ക് സൂപ്പർസോണിക് വേഗതയിൽ യാത്രയൊരുക്കാൻ തയ്യാറെടുക്കുകയാണ് അമേരിക്കൻ വിമാന കമ്പനിയായ യുണൈറ്റഡ് എയർലൈൻസ്. കോവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിലായ വിമാന കമ്പനികൾക്ക് ആവേശം പകരുന്നതാണ് യുണൈറ്റഡ് എയർലൈൻസിന്റെ പുതിയ നീക്കം.
ഇതിനായി ബൂം സൂപ്പർസോണിക് എന്ന കമ്പനിയിൽ നിന്നും 15 ജെറ്റ് വിമാനങ്ങൾ വാങ്ങാനുള്ള ധാരണാപത്രം യുണൈറ്റഡ് എയർലൈൻസ് ഒപ്പിട്ടു. ഇവയുടെ സുരക്ഷയും, ഇന്ധന ക്ഷമതയും, പ്രകൃതി സൗഹൃദവും ഉറപ്പാക്കിയ ശേഷം സ്റ്റാർട്ടപ്പ് കമ്പനിയായ ബൂം സൂപ്പർസോണികിൽ നിന്നും 35 വിമാനങ്ങൾ അധികമായി വാങ്ങാനും യുണൈറ്റഡ് എയർലൈൻസിന് പദ്ധതിയുണ്ട്. ഈ കരാറിനായി ചെലവും നിബന്ധനകളും വെളിപ്പെടുത്താൻ യുണൈറ്റഡ് എയർലൈൻസ് തയ്യാറായിട്ടില്ല. എന്നാൽ വിമാനത്തിന്റെ വില 200 മില്യൻ ഡോളർ ആണെന്നും ഇത് 3 ബില്ല്യൻ ഡോളറിന്റെ ഇടപാടായി മാറുമെന്നും ബൂം അധികൃതർ അറിയിച്ചു.
രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച പിന്നീട് വിസ്മൃതിയിലായ സൂപ്പർ സോണിക് വിമാനങ്ങൾ 2029 ഓടെ വീണ്ടും ആകാശ പഥങ്ങളിൽ എത്തിക്കാനാണ് ഇരു കമ്പനികളും പദ്ധതിയിടുന്നത്.
Also Read- World Environment Day 2021| കോവിഡ് മഹാമാരി പ്രകൃതിയെ എങ്ങനെയെല്ലാം ബാധിച്ചു?
കോൺകോഡ് വിമാനത്തിൽ ബ്രിട്ടീഷ് എയർവെയ്സ്, എയർ ഫ്രാൻസ് എന്നിവയാണ് ഇതിനു മുൻപായി സൂപ്പർ സോണിക് വിമാന യാത്രാ സർവീസുകൾ ഒരുക്കിയിരുന്നത്. ഈ ആഡംബര യാത്ര 1976ൽ ആരംഭിച്ചെങ്കിലും 2003 ആയതോടെ അവസാന സൂപ്പർ സോണിക് വിമാനത്തിന്റെയും സർവീസ് അവസാനിച്ചു. 2003ൽ എയർ ഫ്രാൻസിന്റെ സൂപ്പർസോണിക് വിമാനമായ കോൺകോഡ് പാരീസിൽ നിന്നും പറന്നുയർന്ന ഉടനെ തകർന്ന് വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന നാല് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. കോൺകോഡ് നിർത്തലാക്കി 18 വർഷത്തിന് ശേഷമാണ് ഇത്തരമൊരു പുതിയ സൂപ്പർ സോണിക് വിമാനം പുറത്തിറക്കുന്നതിന് നടപടിയുണ്ടാവുന്നതെന്ന പ്രത്യേകതയുമുണ്ട്.
കോൺകോഡിൽ നിന്നും വ്യത്യസ്തമായി പരിസ്ഥിതിക്ക് കാര്യമായ ക്ഷതമേൽപ്പിക്കാതെ, ഇന്ധന ക്ഷമതയോട് കൂടിയ വിമാനങ്ങൾ നിർമിക്കാനാണ് ബൂം സൂപ്പർസോണിക് പദ്ധതിയിടുന്നത്. ഇവർക്ക് പുറമെ നിരവധി കമ്പനികൾ സൂപ്പർസോണിക് ജെറ്റ് വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ശ്രമത്തിലാണ്.
ഡെൻവർ ആസ്ഥാനമായ സൂപ്പർസോണികിന്റെ വിമാനത്തിന് ഓവർച്വർ എന്നാണ് പേരിട്ടിരിക്കുന്നത്. ശബ്ദത്തേക്കാൾ 1.7 മടങ്ങ് വേഗതയിൽ അതായത് മണിക്കൂറിൽ 1300 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന വിമാനങ്ങളാണ് നിർമിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇത് കോൺകോഡ് വിമാനത്തെക്കാൾ വേഗത കുറവാണെങ്കിലും നിലവിലുള്ള എയർലൈനുകളേക്കാൾ വേഗത കൂടിയതാണ്. നിലവിലെ എയർലൈനുകളിൽ മണിക്കൂറിൽ 500 മൈൽ മാത്രമാണ് പരമാവധി വേഗത.
സൂപ്പർസോണിക് വിമാനങ്ങൾ വരുന്നതോടെ ലണ്ടനിൽനിന്നും ന്യൂയോർക്കിലേക്കുള്ള യാത്ര മൂന്നര മണിക്കൂറായി ചുരുങ്ങും. സാൻഫ്രാൻസിസ്കോയിൽ നിന്നും ടോക്യോയിലേക്കുള്ള യാത്ര ആറ് മണിക്കൂറായി ചുരുങ്ങുമെന്നും യുണൈറ്റഡ് എയർലൈൻസ് പറയുന്നു. ഓവർച്വർ വിമാനത്തിന്റെ പരീക്ഷണ പറക്കൽ ഈ പതിറ്റാണ്ടിന്റെ പകുതിയോടെ നടത്തിയ ശേഷം 2029ൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത് ബൂം സൂപ്പർസോണിക് ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flights, United Airline