Bhagyamithra Kerala lottery Result | ഒരുകോടി രൂപയുടെ ഭാഗ്യം മണിയെ തേടിയെത്തിയത് കടബാധ്യതയിൽ നട്ടംതിരിയവെ
- Published by:Anuraj GR
- news18-malayalam
Last Updated:
കൂലിപ്പണിയുള്ള ദിവസങ്ങളിലെല്ലാം ലോട്ടറി എടുക്കുന്ന മണിക്ക് ഇതുവരെ പരമാവധി 5000 രൂപ വരെ സമ്മാനമടിച്ചിട്ടുണ്ട്
തൃശൂർ: കടുത്ത ദാരിദ്ര്യത്തിലും കടബാധ്യതയിലും നട്ടംതിരിയവെ നെന്മാറ സ്വദേശിയെ തേടിയെത്തിയത് ഒരു കോടി രൂപയുടെ ഭാഗ്യം. കേരള സംസ്ഥാന ലോട്ടറിയുടെ ഭാഗ്യമിത്ര ഭാഗ്യക്കുറി നറുക്കെടുപ്പിലാണ് ഒന്നാം നമ്മാനം നെന്മാറ സ്വദേശി മണിക്ക് ലഭിച്ചത്. കയറാടി പട്ടുകാട് പരേതനായ കുഞ്ചുവിന്റെ മകന്‍ മണിയാണ് ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി മാറിയത്.
നെന്മാറ എന്‍എംകെ സൂപ്പര്‍ ഏജന്‍സീസ് ലോട്ടറിക്കടയില്‍ നിന്നു ചെറുകിട വില്‍പനക്കാരന്‍ പട്ടുകാട് സ്വദേശി രാമകൃഷ്ണന്‍ വിറ്റ ബിഎം 429076 എന്ന ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. ഞായറാഴ്ച നറുക്കെടുത്ത ലോട്ടറിയുടെ ഫലം മണി പരിശോധിച്ചത് തിങ്കളാഴ്ചയായിരുന്നു.
പുല്ലുവെട്ടുന്ന കൂലിപ്പണി ചെയ്താണ് മണി കുടുംബം പുലർത്തിയിരുന്നത്. ലൈഫ് മിഷൻ പദ്ധതി പ്രകാരം സര്‍ക്കാര്‍ നല്‍കിയ മൂന്നു സെന്റിലെ വീട്ടില്‍ ആയിരുന്നു മണിയുടെ താമസം. ഹൃദ്രോഗിയായ അമ്മ കല്യാണിയുടെ ചികിത്സാച്ചെലവുകള്‍ക്കും ബാങ്കിലും മറ്റുമുള്ള കടബാധ്യത തീര്‍ക്കാനും വഴിയില്ലാതെ ദുരിതത്തില്‍ കഴിയുന്നതിനിടെയാണ് മണിക്ക് ലോട്ടറിയടിച്ചത്.
advertisement
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കോവിഡ് ലോക്ക്ഡൌണിനെ തുടർന്ന് പൗര്‍ണമി ലോട്ടറി നിര്‍ത്തലാക്കി പകരം എല്ലാമാസവും ആദ്യ ഞായറാഴ്ചകളില്‍ നറുക്കെടുക്കുന്ന ഭാഗ്യമിത്ര ലോട്ടറി കൊണ്ടുവന്നത്. ഭാഗ്യമിത്രയുടെ രണ്ടാമതു നറുക്കെടുപ്പിലാണ് ഭാഗ്യം മണിയെ തേടിയെത്തിയത്.
തിങ്കളാഴ്ച രാവിലെ പത്രത്തിൽനിന്ന് മണി ഭാഗ്യക്കുറിയുടെ ഫലമറിഞ്ഞത്. പിന്നീട് അയിലൂര്‍ സഹകരണ ബാങ്കില്‍ ടിക്കറ്റ് ഏല്‍പിച്ചു. മിക്ക ദിവസങ്ങളിലും ലോട്ടറി ടിക്കറ്റ് എടുക്കാറുള്ള മണി 100 രൂപയുടെ ഭാഗ്യമിത്രയ്‌ക്കൊപ്പം 40 രൂപയുടെ മറ്റൊരു ടിക്കറ്റും വാങ്ങിയിരുന്നു.
advertisement
കൂലിപ്പണിയുള്ള ദിവസങ്ങളിലെല്ലാം ലോട്ടറി എടുക്കുന്ന മണിക്ക് ഇതുവരെ പരമാവധി 5000 രൂപ വരെ സമ്മാനമടിച്ചിട്ടുണ്ട്. ഒരുകോടി രൂപ ഭാഗ്യക്കുറി സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണു മണിയുടെ ഭാര്യ രാജാമണിയും മക്കളായ ഷീജയും രഞ്ജിത്തും.
സമ്മാനത്തുക അമ്മയുടെ ചികിത്സയ്ക്കും കടബാധ്യതകള്‍ തീര്‍ക്കാനുമായിരിക്കും ഉപയോഗിക്കുകയെന്ന് മണി പറഞ്ഞു. അതിനുശേഷം മാത്രമായിരിക്കും മറ്റെന്തെങ്കിലും ചെയ്യുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നും മണി പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2021 7:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Bhagyamithra Kerala lottery Result | ഒരുകോടി രൂപയുടെ ഭാഗ്യം മണിയെ തേടിയെത്തിയത് കടബാധ്യതയിൽ നട്ടംതിരിയവെ