ന്യൂഡല്‍ഹി: 2023ലെ റെയില്‍വേ ബജറ്റ് ഇത്തവണത്തെ കേന്ദ്ര ബജറ്റിനോടൊപ്പം ഫെബ്രുവരി 1 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. റെയില്വേമേഖലയ്ക്ക് പുത്തനുണര്‍വ് നല്കുന്ന തീരുമാനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആളുകൾ.
400 സെമി-ഹൈസ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ്സുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് ഉറപ്പ് നല്‍കിയിരുന്നു. ആ പ്രതീക്ഷയിലാണ് റെയില്‍വേ ബജറ്റിനെ പലരും നോക്കിക്കാണുന്നത്.
റെയില്‍വേ ബജറ്റ്: കൂടുതല്‍ വന്ദേ ഭാരത് എക്സ്പ്രസ്സുകള്‍
ഈ വര്‍ഷത്തെ ബജറ്റില്‍ ഏകദേശം 400 പുതിയ വന്ദേ ഭാരത് എക്സ്പ്രസ്സുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നിലവിലുള്ള ഹൈസ്പീഡ് ട്രെയിനുകളായ ശതാബ്ദി, രാജധാനി എന്നിവയ്ക്ക് പകരം പ്രധാന റൂട്ടുകളില്‍ 180 കിലോമീറ്റര്‍/ അവര്‍ വേഗതയിലുള്ള സര്‍വ്വീസുകള്‍ തുടങ്ങാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാമതായി യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മ്മിത ട്രെയിനുകള്‍ കയറ്റി അയയ്ക്കാനുള്ള പദ്ധതികള്‍ക്കും ഈ ബജറ്റില്‍ തുടക്കമിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 2025-26 ഓടെ ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കും.
2026 സാമ്പത്തിക വര്‍ഷത്തോടെ സ്റ്റാന്‍ഡേര്‍ഡ് ഗേജ് വന്ദേ ഭാരത് എക്സ്പ്രസ്സുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2024ല്‍ ആരംഭിക്കാനുദ്ദേശിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ നവീകരിച്ച സ്ലീപ്പര്‍ പതിപ്പിനെപ്പറ്റിയുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്നും കരുതുന്നു.
Also read-കേന്ദ്ര ബജറ്റ് 2023: ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണം എന്ന്? തത്സമയം എവിടെ കാണാം?
ബജറ്റ് 2023: പുതിയ റെയില്‍വേ ട്രാക്കുകള്‍
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ 100,000 കിലോമീറ്ററോളം വ്യാപ്തിയില്‍ റെയില്‍വേ ട്രാക്കുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. അക്കാര്യം ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് സെമി-ഹൈസ്പീഡ് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപനത്തിലുണ്ടായിരുന്നു.
ഒപ്പം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 7,000 കിലോമീറ്റര്‍ ബ്രോഡ് ഗേജ് റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിക്കുന്നതിനായും മുഴുവന്‍ നെറ്റ്വര്‍ക്കിന്റെയും വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്നതിനും 10,000 കോടി രൂപ ബജറ്റില്‍ നീക്കിവയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബുള്ളറ്റ് ട്രെയിനുകള്‍
അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്കായി നല്ലൊരു തുക റെയില്‍വെ ബജറ്റില്‍ മാറ്റിവെയ്ക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ഓടെ എത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും പറഞ്ഞിരുന്നു. പദ്ധതിയ്ക്കായി ഏകദേശം 110 കിലോമീറ്റര്‍ ട്രാക്കിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചുവെന്നും എന്നാല്‍ ചില സാങ്കേതിക തടസ്സം കാരണം 2026 ഓടെ മാത്രമേ ബുള്ളറ്റ് ട്രെയിന്‍ രാജ്യത്ത് ഓടിത്തുടങ്ങൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേന്ദ്രബജറ്റ് 2023: റെക്കോര്‍ഡ് പിന്തുണയുമായി കേന്ദ്രസര്‍ക്കാര്‍
റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് നടപ്പുവര്‍ഷത്തെ 1.4 ലക്ഷം കോടി രൂപയില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പിന്തുണ 30 ശതമാനം വര്‍ധിപ്പിച്ച് 1.9 ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. അതില്‍ 1.37 ട്രില്യണ്‍ രൂപ മൂലധനച്ചെലവിനും 3,267 കോടി രൂപ വരുമാനത്തിനും നീക്കിവച്ചിരിക്കുകയാണെന്നാണ് സൂചന.
എന്നാല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂലധനച്ചെലവ് 2.45 ലക്ഷം കോടിയാണ്. ഇത് 2024 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനത്തിലധികം ഉയര്‍ന്ന് 3 ട്രില്യണ്‍ കവിയുമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.