ഓഹരി വിപണിയിൽ തകർച്ച; സെന്‍സെക്‌സ് 726 പോയിന്റ് നഷ്ടത്തില്‍; നിഫ്റ്റി 25000-ന് താഴേക്ക്; 5 പ്രധാന കാരണങ്ങൾ
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളര്‍ സൂചിക 98.246-ലേക്കാണ് താഴ്ന്നത്
കനത്ത നഷ്ടം കുറിച്ച് ഇന്ത്യന്‍ ഓഹരി വിപണി. ബെഞ്ച് മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റി 50യും ബുധനാഴ്ചത്തെ വ്യാപാരത്തില്‍ ഏതാണ്ട് ഒരു ശതമാനത്തിനടുത്ത് നഷ്ടം രേഖപ്പെടുത്തി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 726.16 പോയിന്റ് ഇടിഞ്ഞ് 81,788.98 എന്ന നിലവാരത്തിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 235.25 പോയിന്റ് ഇടിഞ്ഞ് 24,902.85 നിലവാരത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
82,571.67 എന്ന ഉയര്‍ന്ന നിലവാരത്തിലാണ് സെന്‍സെക്‌സ് സൂചിക വ്യാപാരം ആരംഭിച്ചത്. എന്നാല്‍, മണിക്കൂറിനുള്ളില്‍ തന്നെ നെഗറ്റീവ് ട്രെന്‍ഡിലേക്ക് നീങ്ങുകയായിരുന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 853 പോയിന്റ് വരെ നഷ്ടം കുറിച്ചു. 25,164.45 നിലവാരത്തിലായിരുന്നു തുടക്ക വ്യാപാരത്തില്‍ നിഫ്റ്റി സൂചിക. ഒരു ഘട്ടത്തില്‍ ഇത് 24,871 വരെ താഴ്ന്നു.
സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ ഒരു ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ദുര്‍ബലമായ ആഗോള സൂചനകളും ഇതേത്തുടര്‍ന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുത്ത് പിന്‍വലിഞ്ഞതുമാണ് വിപണിയിലെ ഇടിവിന് കാരണമായത്. വിപണിയിലുണ്ടായ കുത്തനെയുള്ള ഇടിവ് നിക്ഷേപകരുടെ സമ്പത്തില്‍ ഗണ്യമായ നഷ്ടത്തിന് ഇടയാക്കി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം ഇതോടെ 451 ലക്ഷം കോടി രൂപയിലേക്ക് ചുരുങ്ങി. കഴിഞ്ഞ വ്യാപാര ദിനത്തില്‍ കമ്പനികളുടെ ആകെ വിപണി മൂല്യം 456 ലക്ഷം കോടി രൂപയായിരുന്നു. ഒറ്റ വ്യാപാര ദിനത്തില്‍ ഏതാണ്ട് അഞ്ച് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്ക് ഉണ്ടായത്.
advertisement
ഓഹരി വിപണിയില്‍ ഇടിവ് നേരിടാനുള്ള കാരണങ്ങള്‍ എന്തൊക്കെ?
* വര്‍ദ്ധിക്കുന്ന ആഗോള സംഘര്‍ഷങ്ങള്‍
മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള ആശങ്കകളും ഇന്ത്യ അടക്കമുള്ള വിപണികളെ ഇളക്കിമറിച്ചു. യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഏഷ്യന്‍, യൂറോപ്യന്‍ വിപണി സൂചികകള്‍ കുത്തനെ ഇടിഞ്ഞു.
പ്രാദേശിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുകയും ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ വഷളാകുകയും ചെയ്ത സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള പ്രധാനമല്ലാത്ത ഉദ്യോഗസ്ഥരെ യുഎസ് ഒഴിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ സൈന്യം ആക്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇത് നിക്ഷേപകരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
advertisement
* യുഎസ്-ചൈന വ്യാപാര കരാര്‍ സംബന്ധിച്ച അനിശ്ചിതത്വം
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ഉടമ്പടി സംബന്ധിച്ച അനിശ്ചിതത്വമാണ് വിപണികളെ പിടിച്ചുകുലുക്കിയ മറ്റൊരു ഘടകം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യുഎസ്-ചൈന വ്യാപാര കരാര്‍ വിപണി വികാരം ഉണര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. നിക്ഷേപകര്‍ കൂടുതല്‍ സമഗ്രവും നിര്‍ണായകവുമായ ഒരു കരാറാണ് പ്രതീക്ഷിച്ചിരുന്നത്. കരാറിലെ നിബന്ധനകള്‍ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇതുവരെ അന്തിമ ധാരണയിലെത്തിയിട്ടില്ല.
അപൂര്‍വ്വ ഭൗമ ധാതുക്കളും കാന്തങ്ങളും ചൈന യുഎസിലേക്ക് വിതരണം ചെയ്യുമെന്നും യുഎസ് ചൈനീസ് വിദ്യാര്‍ത്ഥികളെ തങ്ങളുടെ സര്‍വകലാശാലകളിലേക്ക് സ്വാഗതം ചെയ്യുമെന്നുമാണ് ട്രംപ് അറിയിച്ചത്. കരാറിന്റെ കാര്യത്തില്‍ ശുഭാപ്തിവിശ്വാസം ഉണ്ടെങ്കിലും വിപണി വിദഗ്ധര്‍ ഇപ്പോഴും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ്.
advertisement
* ആഗോള വിപണികളിലെ നഷ്ടം
യുഎസിലെ പണപ്പെരുപ്പത്തിന്റെ കണക്കുകള്‍ പുറത്തുവന്നതും നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ആശങ്കകളും ഭൗമരാഷ്ട്ര സംഘര്‍ഷങ്ങളും കാരണം നിക്ഷേപകരുടെ വികാരം താഴ്ന്നതലത്തിലായതിനാല്‍ ആഗോള വിപണികളില്‍ കനത്ത നഷ്ടം നേരിട്ടു. ഇത് ഇന്ത്യന്‍ ഓഹരി സൂചികകളെയും സമ്മര്‍ദ്ധത്തിലാക്കി.
ജര്‍മ്മന്‍ ഓഹരി വിപണി സൂചികയായ ഡാക്‌സും യുകെയുടെ ഫുട്‌സ് 100 (എഫ്ടിഎസ്ഇ 100) സൂചികയും യഥാക്രമം 0.8 ശതമാനം, 0.4 ശതമാനം എന്നിങ്ങനെ ഇടിവ് നേരിട്ടതോടെ യൂറോപ്യന്‍ വിപണികള്‍ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. വാള്‍സ്ട്രീറ്റിലെ ജാഗ്രത പ്രതിഫലിപ്പിച്ചുകൊണ്ട് യുഎസ് ഇക്വിറ്റി ഫ്യൂച്ചറുകളും നഷ്ടത്തില്‍ തുടങ്ങി. ഏഷ്യ-പസഫിക് ഓഹരികളും കനത്ത നഷ്ടം കുറിച്ചു. ജപ്പാന്റെ നിക്കെയ് 225 സൂചിക 0.5 ശതമാനം ഇടിവ് നേരിട്ടു. ചൈനയിലെയും ഹോങ്കോങ്ങിലെയും പ്രധാന വിപണി സൂചികകളും സമീപകാല നേട്ടങ്ങളെ പിന്തള്ളി പിന്‍വലിഞ്ഞു.
advertisement
* ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന വാദം ഉയര്‍ന്നതോടെ ഡോളര്‍ ഇടിഞ്ഞു
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കുമെന്ന വാദങ്ങള്‍ ശക്തമായതോടെ വിനിമയ വിപണിയില്‍ യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞു. രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഡോളറിന്റെ മൂല്യം കുറഞ്ഞു. ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കാനുള്ള സാധ്യത ശക്തമായതോടെയാണിത്.
പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളര്‍ സൂചിക 98.246-ലേക്കാണ് താഴ്ന്നത്. ഏപ്രില്‍ 22-ന് ശേഷമുള്ള ഡോളറിന്റെ ഏറ്റവും ദുര്‍ബലമായ വിനിമയ നിരക്കാണിത്. ഈ വര്‍ഷം ഇതുവരെ 10 ശതമാനം ഇടിവാണ് ഡോളറിന്റെ മൂല്യത്തിലുണ്ടായത്. പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകള്‍ കുറഞ്ഞതും യുഎസ്-ചൈന വ്യാപാര കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ആശങ്കകളും ഡോളറിനെ വലിച്ചുതാഴ്ത്തി. ഇത് നിക്ഷേപകരെ ഡോളറിലുള്ള ഇടപാടുകളില്‍ നിന്നും പിന്‍വലിയാന്‍ പ്രേരിപ്പിച്ചു.
advertisement
* എണ്ണ വിലയിലെ അസ്ഥിരത
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അസംസ്‌കൃത എണ്ണ വില വ്യാഴാഴ്ച കുത്തനെ കുറഞ്ഞു. ബ്രെന്റ് ക്രൂഡ് വില 0.7 ശതമാനം ഇടിവോടെ ബാരലിന് 69.28 ഡോളറായി. ബുധനാഴ്ച നാല് ശതമാനം വര്‍ധിച്ച് രണ്ട് മാസത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയതിന് പിന്നാലെയാണിത്.
ഒഎന്‍ജിസിയുടെയും ഓയില്‍ ഇന്ത്യയുടെയും ഓഹരികള്‍ വിപണിയില്‍ ഏകദേശം അഞ്ച് ശതമാനത്തോളം നേട്ടമുണ്ടാക്കി. എന്നാല്‍, എണ്ണ വിപണന കമ്പനികളായ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ ലാഭം സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് വിപണിയില്‍ രണ്ട് മുതല്‍ നാല് ശതമാനം വരെ നഷ്ടം കുറിച്ചു. പ്രവര്‍ത്തന ചെലവ് വര്‍ദ്ധിച്ചതിന്റെ ഫലമായി ഏവിയേഷന്‍, ടയര്‍ കമ്പനികളുടെ ഓഹരികളും നഷ്ടം കുറിച്ചു. എംആര്‍എഫ്, സിഇഎടി, ഇന്‍ഡിഗോ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട കമ്പനികള്‍.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
June 12, 2025 5:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഓഹരി വിപണിയിൽ തകർച്ച; സെന്‍സെക്‌സ് 726 പോയിന്റ് നഷ്ടത്തില്‍; നിഫ്റ്റി 25000-ന് താഴേക്ക്; 5 പ്രധാന കാരണങ്ങൾ