കോവിഡ് മഹാമാരിയെത്തുടർന്ന് നെറ്റ്ഫ്ലിക്സിന്റെ വരിക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവ് പതിയെ കുറഞ്ഞു വരികയാണ്. വീട്ടിൽത്തന്നെ അകപ്പെട്ടിരുന്ന സ്ഥിതി മാറി ആളുകൾ പുറത്തിറങ്ങാനും മറ്റു കാര്യങ്ങൾ ചെയ്യാനും തുടങ്ങിയതിന്റെ ഫലമായാണ് വരിക്കാരുടെ എണ്ണത്തിന്റെ വളർച്ചയിൽ കുറവ് ഉണ്ടാകാൻ തുടങ്ങിയത്.
2021 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ ലോകമെമ്പാടും നാൽപ്പത് ലക്ഷം വരിക്കാരാണ് നെറ്റ്ഫ്ലിക്സിൽ പുതുതായി അംഗത്വമെടുത്തത്. കഴിഞ്ഞ നാല് വർഷത്തെ കണക്ക് പരിശോധിച്ചാൽ ഈ മൂന്നു മാസക്കാലയളവിൽ സബ്സ്ക്രൈബർമാരുടെ എണ്ണം ഏറ്റവും കുറഞ്ഞ വർഷമാണ് ഇത്. നെറ്റ്ഫ്ലിക്സ് പ്രതീക്ഷിച്ചതിനേക്കാൾ 20 ലക്ഷത്തിന്റെ കുറവാണ് വർഷത്തിന്റെ ആദ്യ പാദത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 16 ദശലക്ഷത്തിനടുത്ത് വരിക്കാരാണ് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ തുടങ്ങിയത്. ലോകത്തെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് വ്യാപനത്തെ ചെറുക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായിരുന്നു സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ ഈ വലിയ വർദ്ധനവ് ഉണ്ടാകാൻ കാരണമായത്.
വർഷത്തിന്റെ ആരംഭത്തിൽ തന്നെയുണ്ടായ ഈ കുറവ് നിക്ഷേപകരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. അതിനെത്തുടർന്ന് നെറ്റ്ഫ്ലിക്സിന്റെ കാലിഫോർണിയയിലെ ലോസ് ഗാറ്റോസ് കമ്പനി ഓഹരി വിപണിയിൽ 8%-ത്തിലേറെ ഇടിവ് രേഖപ്പെടുത്തി. എന്നാൽ, നെറ്റ്ഫ്ലിക്സിന്റെ വരുമാനം അനലിസ്റ്റുകളുടെ ലക്ഷ്യം ഭേദിക്കുകയും ലാഭം കണക്കുകൂട്ടലുകളെ മറികടക്കുകയും ചെയ്തിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് ഒരു ഓഹരിയ്ക്ക് 3.75 ഡോളർ എന്ന നിലയിൽ 1.71 ബില്യൺ ഡോളർ വരുമാനം നേടി. ഇത് കഴിഞ്ഞ വർഷത്തേതിനെക്കാൾ ഇരട്ടിയാണ്. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 24% വർദ്ധനവോടെ ആദായം 7.16 ബില്യൺ ഡോളറിലെത്തി.
Also Read-
സുഹൃത്തിന്റെ അക്കൗണ്ടിൽ നെറ്റ്ഫ്ലിക്സ് കാണുന്നവരാണോ? പണി വരുന്നുണ്ട്മഹാമാരിയെത്തുടർന്നാണ് അപ്രതീക്ഷിതമായ വളർച്ച കമ്പനിയ്ക്കുണ്ടായത് എന്നതുകൊണ്ടു തന്നെ വരിക്കാരുടെ എണ്ണത്തിലുണ്ടായ ഈ മാന്ദ്യം അനിവാര്യമാണ് എന്ന് നെറ്റ്ഫ്ലിക്സ് തന്നെ പലകുറി ഓർമപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ യു എസിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം ആളുകൾ വാക്സിൻ സ്വീകരിക്കുക കൂടി ചെയ്തതോടെ ആളുകൾക്ക് കൂടുതലായി പുറത്തിറങ്ങാനും നെറ്റ്ഫ്ലിക്സിൽ സിനിമയും ടി വി സീരീസുകളും കാണുന്നതിന് പുറമെയുള്ള നിരവധി പ്രവൃത്തികളിൽ ഏർപ്പെടാനുമുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം ലോകമെമ്പാടും 37 ദശലക്ഷം വരിക്കാരുടെ വർദ്ധനവ് ആണ് ഉണ്ടായതെങ്കിൽ ഈ വർഷം അതിലുണ്ടാകാൻ പോകുന്ന ഇടിവ് എത്രത്തോളമായിരിക്കും എന്നതാണ് പ്രധാന ചോദ്യം. 14 വർഷങ്ങൾക്ക് മുമ്പ് ഡി വി ഡി-ബൈ-റെന്റൽ സർവീസിൽ നിന്ന് ഒരു വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയതിനുശേഷം വരിക്കാരുടെ എണ്ണത്തിൽ ഉണ്ടായ ഏറ്റവും വലിയ വർദ്ധനവാണ് നെറ്റ്ഫ്ലിക്സ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.
മഹാമാരി സമയത്തെ നിയന്ത്രണങ്ങൾ മൂലം നിർത്തി വെച്ചിരുന്ന നിരവധി സിനിമകളും സീരീസുകളും നിർമാണം പൂർത്തിയാക്കി റിലീസ് ചെയ്യുന്നതോടെഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ വരിക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നെറ്റ്ഫ്ലിക്സ് മാനേജ്‌മെന്റ് അറിയിക്കുന്നു.
Keywords: Netflix, Pandemic, Covid, Netflix Subscribers, നെറ്റ്ഫ്ലിക്സ്, മഹാമാരി, കോവിഡ്, നെറ്റ്ഫ്ലിക്സ് വരിക്കാർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.