ഇന്ത്യയിൽ 2022 ജൂണിൽ മുച്ചക്ര, ഇരുചക്ര വാഹനങ്ങൾ, ക്വാഡ്രിസൈക്കിളുകൾ എന്നിവ ഉൾപ്പെട്ട യാത്രാ വാഹനങ്ങളുടെ മൊത്തം ഉൽപ്പാദനം 2,081,148 യൂണിറ്റായിരുന്നു. ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായം 2016-26 കാലയളവിൽ വാഹനങ്ങളുടെ കയറ്റുമതി അഞ്ചിരട്ടി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള മൊത്തം ഓട്ടോമൊബൈൽ കയറ്റുമതി 5,617,246 ആയി. 2023 ഓടെ ഓട്ടോമൊബൈൽ മേഖല 8-10 ബില്യൺ യുഎസ് ഡോളർ പ്രാദേശിക, വിദേശ നിക്ഷേപം ആകർഷിക്കുമെന്ന് ഇന്ത്യാ ഗവൺമെന്റ് പ്രതീക്ഷിക്കുന്നു.
നിതി ആയോഗും റോക്കി മൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടും (RMI) പറയുന്നതനുസരിച്ച്, 2030 ഓടെ ഇന്ത്യയുടെ EV ഫിനാൻസ് വ്യവസായം 3.7 ലക്ഷം കോടി രൂപയിൽ (50 ബില്യൺ യുഎസ് ഡോളർ) എത്താൻ സാധ്യതയുണ്ട്. അതേ വർഷം തന്നെ, ഇലക്‌ട്രിക്, ഓട്ടോണമസ് വാഹനങ്ങൾക്ക് അവസരങ്ങൾ നൽകിക്കൊണ്ട് ഷെയേർഡ് മൊബിലിറ്റിയിൽ മുന്നിട്ടുനിൽക്കാനും ഇന്ത്യയ്ക്കാകും.
ഈ നമ്പറുകൾ ശരിക്കും ശ്രദ്ധേയമാണ്, കാരണം മധ്യവർഗ ഇന്ത്യക്കാരുടെ ആഡംബരത്തിന്റെ പ്രതീകമായിട്ടാണ് കാറുകൾ (ഇരുചക്രവാഹനങ്ങൾ പോലും) ഒരുകാലത്ത് കണക്കാക്കപ്പെട്ടിരുന്നത്. അത് വെറും 40 വർഷം മുമ്പായിരുന്നു. 1991 വരെ, ഇന്ത്യൻ ബിസിനസുകൾ വളരെയേറെ നിയന്ത്രണങ്ങളുള്ള ലൈസൻസ് രാജിന് (1947-നും 1990-നും ഇടയിൽ, ഇന്ത്യയിൽ ബിസിനസ്സുകൾ സ്ഥാപിക്കാനും നടത്തിക്കൊണ്ടു പോകാനും തടസ്സമായി വർത്തിച്ച ലൈസൻസുകളും നിയന്ത്രണങ്ങളും അനുബന്ധ ചുവപ്പുനാടയും അടങ്ങിയ ഒരു ഭരണക്രമം) കീഴിൽ വേണമായിരുന്നു പ്രവർത്തിക്കാൻ എന്നതും നാം ഓർക്കേണ്ടത് വളരെ പ്രധാനമാണ്.
ഇന്ത്യയിലെ പാവപ്പെട്ട കർഷകരെ ശാക്തീകരിക്കാനുള്ള മാർഗമായി സോഷ്യലിസത്തെ കണ്ട ഇന്ത്യയിലെ ചിന്തകരുടെ ശിരസ്സിലുദിച്ച ഒരു ആശയമാണ് ലൈസൻസ് രാജ്. സ്വാതന്ത്ര്യാനന്തരം ഈ ചിന്തകർ അധികാരത്തിൽ വന്നതോടെ സോഷ്യലിസ്റ്റ് ആശയങ്ങൾ ലൈസൻസ് രാജിന്റെ നയങ്ങളിൽ ഇടംപിടിച്ചു. ദൗർഭാഗ്യവശാൽ, ലൈസൻസ് രാജ് സാമ്പത്തിക വളർച്ചയും ദരിദ്രരുടെ ഉന്നമനവും സാധ്യമാക്കുന്നതിനു പകരം അതിന് ഒരു വിലങ്ങുതടിയായി തീർന്നു. വിജയംവരിച്ച ഇന്ത്യൻ ബിസിനസ്സുകൾക്ക് പോലും വളർച്ചയുടെ പാത നിരവധി തടസ്സങ്ങൾ നിറഞ്ഞതായിരുന്നു.
എന്നിട്ടും, ചില കമ്പനികൾക്ക് പ്രതിബന്ധങ്ങളെ മറികടന്ന് സാധാരണക്കാരന്റെ നാവിൻതുമ്പിലെ പേരുകളായി മാറാൻ കഴിഞ്ഞു. വളരെ ഉയർന്ന നിലവാരമുള്ള, ഉയർന്ന ഡിമാൻഡുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളായിരുന്നു അവ. അതുകൊണ്ട് ആ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ഊഴത്തിനായി 10 വർഷത്തോളം കാത്തിരിക്കാൻപോലും ആളുകൾ തയ്യാറായിരുന്നു. അത്തരമൊരു ഒരു ഭീമന്റെ തറവാടായിരുന്നു ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖല.
1970-90 കാലഘട്ടത്തിൽ ഇന്ത്യയിൽ യാത്ര എളുപ്പമായിരുന്നില്ല. തലസ്ഥാനത്ത് പോലും, ബസ് സർവീസുകൾ കൃത്യസമയത്ത് ഓടിയില്ല. കൂടാതെ മത്തി അടുക്കിയപോലെയുള്ള ഒരു അനുഭവമാണ് ഉണ്ടായിരുന്നത്. ടാക്സികളും റിക്ഷകളും തോന്നിയതുപോലെ ഓടി (ഇന്നും അങ്ങനെ തന്നെ!), മിക്ക ഇന്ത്യൻ നഗരങ്ങളിലും ഔദ്യോഗിക നിരക്കിൽ നിന്ന് വളരെ വ്യത്യസ്തമായ നിരക്കുകളാണ് അവർ ഈടാക്കിയിരുന്നത്. മാത്രവുമല്ല, ഇവ വളരെ ചിലവേറിയതായിരുന്നു, വിശ്വസനീയവുമായിരുന്നില്ല.
ഇടത്തരം കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം, അവരുടെ അഭിലാഷത്തിന്റെ പരകോടി എന്നത് സ്വന്തമായി ഒരു സ്‌കൂട്ടർ – ബജാജ് ചേതക് – ഉണ്ടായിരിക്കുക എന്നതായിരുന്നു. അച്ഛന്റെ ബജാജ് ചേതക് സ്‌കൂട്ടറിന്റെ ഫുട്ട്സ്റ്റാൻഡിൽ നിന്ന് സ്‌കൂളിൽ പോയത് ഓർക്കുന്ന 40 വയസ്സുള്ളവരുടെ ഒരു തലമുറതന്നെ ഇന്നുണ്ട്.
1972-ൽ പുറത്തിറക്കിയ ബജാജ് ചേതക് എല്ലാവരുടെയും ഇഷ്ടതാരമായി. ഇറക്കുമതി ചെയ്ത വെസ്പകളും ലാംബ്രെട്ടകളും മാത്രമേ അന്ന് വിപണിയിൽ ഉണ്ടായിരുന്നുള്ളൂ, അതും ഇന്ത്യയിലെത്തിച്ചത് ബജാജ് ഓട്ടോ ആണ്. വെസ്പ സ്പ്രിന്റിന്റെ മാതൃകയിലാണ് അത് നിർമ്മിച്ചതെങ്കിലും മഹാറാണ പ്രതാപിന്റെ വിശ്വസ്ത കുതിരയായിരുന്ന ചേതക്കിന്റെ പേരാണ് അതിനു നൽകിയത്. സ്കൂട്ടറുകൾ അന്ന് ഒരു പുതുമയായിരുന്നില്ല, എന്നാൽ ഈ സ്കൂട്ടർ ഒരു തിരിച്ചറിവായിരുന്നു, ആവശ്യം വിതരണത്തേക്കാൾ വളരെ വളരെ കൂടുതലായിരുന്നെന്ന തിരിച്ചറിവ്.
പക്ഷേ, ഇത് ലൈസൻസ് രാജിന്റെ കാലമായതിനാൽ, ആവശ്യത്തിനൊത്ത് ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള സ്വാതന്ത്ര്യം ബജാജ് ഓട്ടോയ്ക്ക് ഇല്ലായിരുന്നു. തൽഫലമായി വില ഇരട്ടിച്ചു, താമസിയാതെ ഒരു പുതിയ ബജാജ് ചേതക്കിനായി 10 വർഷം വരെ കാത്തിരിക്കേണ്ടി വന്നു. ചേതക്കിന് മൂല്യമുണ്ടെന്ന് അറിയാമായിരുന്നതിനാൽ ആളുകൾ കാത്തിരുന്നു. അത് താങ്ങാനാവുന്നത് ആയിരുന്നു. അത് ഉറച്ചതായിരുന്നു. കിക്ക് ചെയ്തപ്പോൾ അത് സ്റ്റാർട്ടായി. അത് ആർക്കും ശരിയാക്കാൻ കഴിയുമായിരുന്നു. മൈലേജും ഗംഭീരമായിരുന്നു. ചുരുക്കത്തിൽ, വിശ്വാസ്യതയ്ക്കു പേരുകേട്ട ഒരു കമ്പനിയിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള ഒരു ഉൽപ്പന്നമായിരുന്നു അത്.
ബജാജ് ഓട്ടോ അതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ വിജയമായിരുന്നു. എന്നാൽ അവർ ഒരു കോളിളക്കം സൃഷ്ടിച്ചത് അത് ആദ്യമായിട്ടായിരുന്നില്ല. ഇന്ത്യയിലെ ഇരുചക്ര, മുച്ചക്ര വാഹന വിപ്ലവത്തിന് ഉത്തരവാദി ബജാജ് ഓട്ടോ മാത്രമാണ്. 1948-ൽ, അവർ ഇറക്കുമതി ചെയ്ത വാഹനങ്ങൾ വിൽക്കാൻ തുടങ്ങി, 1959-ഓടെ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ നിർമ്മിക്കാൻ പ്രപ്തരായി. അവരുടെ വിജയം 1960-കളിലേക്ക് കുതിക്കാൻ അവരെ സഹായിച്ചു. അക്കാലത്ത് അവർ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറി. ഒരു ദശാബ്ദത്തിന് ശേഷം 1970-ൽ, അവർ പുറത്തിറക്കിയ വാഹനങ്ങളുടെ എണ്ണം 1,00,000-ത്തിൽ എത്തി. 1977-ൽ, പിന്നിൽ എഞ്ചിനുള്ള ഓട്ടോറിക്ഷ, തിരക്കേറിയ ബസുകൾക്കുള്ള സുഖപ്രദമായ ഒരു ബദലായി മാറി. അങ്ങനെ പെട്ടെന്ന്, സ്ത്രീകൾക്ക് സ്വന്തമായി കോളേജിലോ ജോലിയ്ക്കോ സുരക്ഷിതമായി പോകാനോ കുട്ടികളെ സ്വയം സ്കൂളിൽ കൊണ്ടുപോകാനോ സാധിച്ചു.
പിന്നീട് 1991-ൽ ഉദാരവൽക്കരണം വന്നു. താങ്ങാനാവുന്ന വിലയിൽ ഉയർന്ന നിലവാരമുള്ള, ഈടുനിൽക്കുന്ന, വിശ്വസനീയമായ വാഹനങ്ങൾ ലഭ്യമാക്കുക എന്ന തങ്ങളുടെ അടിത്തറയിൽ ഉറച്ചുനിന്നുകൊണ്ട് ബജാജ് ഓട്ടോ അന്താരാഷ്ട്ര മത്സരത്തിന്റെ കൊടുങ്കാറ്റിനെ അതിജീവിച്ചു. ഇന്ന്, ബജാജ് ഓട്ടോ ഇന്ത്യൻ ഓട്ടോമൊബൈൽ കയറ്റുമതിയിൽ മുൻപന്തിയിൽ നിൽക്കുന്നു. 11,845 കോടി രൂപയുടെ വിറ്റുവരവോടെ, രാജ്യത്തെ ഇരുചക്ര, മുച്ചക്ര വാഹന കയറ്റുമതിയുടെ 50 ശതമാനവും അവരുടെ കൈപ്പിടിയിലാണ്. 2019-20 സാമ്പത്തിക വർഷത്തിൽ, ബജാജ് ഓട്ടോയുടെ ഉൽപ്പാദനത്തിന്റെ 47 ശതമാനവും 79 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു.
ബജാജ് ഓട്ടോയുടെ കഥ പല വിധത്തിൽ ഇന്ത്യൻ വ്യവസായ മേഖലയിലെ വളർച്ചയുടെ കഥയ്ക്ക് സമാനമാണ്. ഇവ രണ്ടും തങ്ങൾക്കെതിരെയുള്ള പ്രതിബന്ധങ്ങളിൽ നിന്നാണ് ആരംഭിച്ചത്, ഓരോ ചെറിയ വിജയത്തിനും ദീർഘകാലം കഠിനാധ്വാനം ചെയ്യേണ്ടിവന്നു, ഇരുവരും കഴിവുകൾ വളർത്തിയെടുക്കുകയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി നിരന്തരം പൊരുത്തപ്പെടുകയും വേണമായിരുന്നു. ഇവയെല്ലാം ഇരുവരെയും കൂടുതൽ കരുത്തരാക്കി.
ലൈസൻസ് രാജിന്റെ അവസാനത്തെ അതിജീവിച്ച ഏതാനും ഇന്ത്യൻ കമ്പനികളിൽ ഒന്നാണ് ബജാജ് ഓട്ടോ. വേണ്ട മാറ്റങ്ങൾ നിരന്തരം വരുത്താനും തങ്ങളെത്തന്നെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാനുമുള്ള അവരുടെ കഴിവാണ് ഒരു കാരണം. എന്നിരുന്നാലും, ബജാജിന്റെ വാഗ്ദാനത്തിന്റെ കാതൽ എല്ലായ്പ്പോഴും ഗുണനിലവാരമാണ്: ഗുണനിലവാരമുള്ള ഉൽപ്പന്നം, ഗുണനിലവാരമുള്ള സേവനം, ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസ്യത.
ഈ ശക്തമായ അടിത്തറ കെട്ടിപ്പടുക്കാൻ 90-കളുടെ അവസാനത്തെ സാമ്പത്തിക ഭൂപ്രകൃതി ബജാജ് ഓട്ടോയെ വളരെയേറെ സഹായിച്ചു. ചരിത്രപരമായ ഉദാരവൽക്കരണ ശ്രമങ്ങളെ തുടർന്ന്, ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാര മാനദണ്ഡങ്ങൾ പാലിക്കാനും അനുസരിക്കാനുമായി ആഗോളതലത്തിൽ സ്വീകാര്യമായ ഒരു സംവിധാനം ഇന്ത്യ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. 1996-ൽ, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QCI) രൂപീകരിച്ചു. QCI-യെ ഒരു ഓർഗനൈസേഷനായി രൂപപ്പെടുത്താനായി GOI മൂന്ന് പ്രമുഖ വ്യവസായ ചേമ്പറുകളായ ASSOCHAM, FICCI, CII എന്നിവയുമായി ചേർന്ന് പ്രവർത്തിച്ചു.
അന്താരാഷ്ട്ര കമ്പനികളിൽ നിന്നുള്ള മത്സരത്തിന്റെ കുത്തൊഴുക്ക് ആദ്യമായി നേരിട്ട ഇന്ത്യൻ കമ്പനികൾക്ക് ഇതിലും നല്ലൊരു സമയം വരാനില്ലായിരുന്നു. ഇന്ത്യൻ കമ്പനികൾ മത്സരക്ഷമത നിലനിർത്തിക്കൊണ്ടുതന്നെ ഗുണനിലവാരത്തിന്റെയും കാര്യക്ഷമതയുടെയും അന്തർദേശീയ നിലവാരങ്ങൾ പഠിക്കുകയും അവയോട് പൊരുത്തപ്പെടുകയും ചെയ്യേണ്ടതുണ്ടായിരുന്നു. വിലയെ കുറിച്ച് ചിന്തയുള്ള ഇന്ത്യൻ ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ പെട്ടെന്ന് ഒട്ടേറെ ഓപ്ഷനുകൾ ലഭ്യമായി, തങ്ങളുടെ വാലറ്റ് ഉപയോഗിച്ച് അവർ വോട്ട് ചെയ്യാനും തുടങ്ങി. ഈ തകർച്ചയെ അതിജീവിച്ച ഇന്ത്യൻ കമ്പനികൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകൾക്ക് അനുസൃതമായി മാറാനുള്ള ചടുലത ഉണ്ടായിരുന്നവർ മാത്രമായിരുന്നില്ല, ഗുണനിലവാരത്തിൽ മുന്നിലെത്തിയവരും ആയിരുന്നു.
ഉൽപ്പന്ന ഗുണമേന്മയുടെ നിലവാരം ഉറപ്പാക്കുകയും നിരവധി മേഖലകളിൽ ഉൽപ്പന്നങ്ങൾ സാക്ഷ്യപ്പെടുത്തുകയും ചെയ്ത്കൊണ്ട് QCI കഴിഞ്ഞ 25 വർഷമായി ഇന്ത്യയിലെ ഗുണനിലവാര പ്രസ്ഥാനം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഒരു ചട്ടക്കൂട് സൃഷ്ടിക്കുകയും ആവശ്യമായ വിഭവങ്ങൾ ലഭ്യമാക്കുകയും ചെയ്തുകൊണ്ട്, ഗുണനിലവാരം, വിശ്വാസ്യത, ഉപഭോക്തൃ കേന്ദ്രീകരണം എന്നിവയെ ഇന്ത്യൻ സ്ഥാപനങ്ങൾ സമീപിക്കുന്ന രീതിക്ക് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കാൻ QCI സഹായിച്ചു.
ഇന്ത്യയുടെ ഗുണനിലവാര പ്രസ്ഥാനമായ ഗുണ്വാട്ട സെ ആത്മനിർഭർതാ, എക്കാലത്തേതിലും മെച്ചപ്പെട്ട ഗുണനിലവാരവും മത്സരക്ഷമതയും ഉപഭോക്തൃ വിശ്വാസ്യതയും കൈവരിക്കാൻ ഇന്ത്യൻ ബിസിനസുകളെ പ്രചോദിപ്പിക്കുന്നു. ആഗോള വിപണിയിൽ വിജയിക്കാൻ ഇത് അവരെ ഒരുക്കുന്നു. ഇന്ത്യയുടെ വളരുന്ന നിർമ്മാണ മേഖല, കൂടുതൽ എളുപ്പമാർന്ന ബിസിനസ്സ് അന്തരീക്ഷം, വർദ്ധിച്ചുവരുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പിന്തുണ പ്രയോജനപ്പെടുത്തി, പരിചിതമായ തീരങ്ങളിൽ മാത്രമല്ല, ലോകമെമ്പാടും അറിയപ്പെടുന്ന ബ്രാൻഡുകളായി മാറാനുള്ള വെല്ലുവിളി നമ്മുടെ എത്ര കമ്പനികൾ വിജയകരമായി ഏറ്റെടുക്കുമെന്നത് രസകരമായ ഒരു കാഴ്ചയായിരിക്കും.
QCI-യെ കുറിച്ചും ഇന്ത്യയുടെ ഗുണ്വാട്ട സെ ആത്മനിർഭർതാ സംരംഭത്തെ കുറിച്ചും അത് നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്ന നിരവധി വിധങ്ങളെ കുറിച്ചും കൂടുതലറിയാൻ https://www.news18.com/qci/ സന്ദർശിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Auto nerws, Bajaj