മ്യൂച്വൽ ഫണ്ടുകളിൽ (Mutual Funds) നിക്ഷേപിക്കുന്നത് ഇന്നത്തെ കാലത്ത് സർവ സാധാരണമായ കാര്യമാണ്. നിക്ഷേപകന്റെ താത്പര്യങ്ങൾ മുൻനിർത്തി ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകൾ, ബോണ്ടുകളിൽ നിക്ഷേപിക്കുന്നവ, നികുതി ലാഭിക്കാൻ ഉള്ളവ എന്നിങ്ങനെ വിവിധ തരം മ്യൂച്ചൽ ഫണ്ടുകൾ ഇന്ന് വിപണിയിലുണ്ട്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉചിതമായ മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാൻ ഫണ്ടിനെ കുറിച്ച് നന്നായി മനസ്സിലാക്കേണ്ടതുണ്ട്.
ഇനി നിങ്ങൾക്ക് പ്രായപൂർത്തിയായില്ലെങ്കിൽ മാതാപിതാക്കൾ മുഖേനയും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. പ്രായപൂർത്തി ആയാൽ നിങ്ങളുടെ പേരുകളിലേക്ക് ഈ നിക്ഷേപം മാറ്റാവുന്നതാണ്. നിങ്ങളുടെ സ്വന്തം മാതാപിതാക്കൾ അല്ല രക്ഷാകർത്താവ് എന്നുണ്ടെങ്കിൽ 18 വയസ്സ് കഴിഞ്ഞാൽ ഉടൻതന്നെ സ്വന്തം പേരിലേക്ക് നിങ്ങൾക്ക് നിക്ഷപം മാറ്റാൻ സാധിക്കും എന്നാൽ നിയമപരമായി നിങ്ങളുടെ മാതാപിതാക്കൾ തന്നെയാണ് രക്ഷകർത്താക്കൾ എങ്കിൽ 21 വയസ്സ് കഴിഞ്ഞാൽ നിക്ഷേപം നിങ്ങളുടെ പേരിലേക്ക് മാറ്റാം.
പ്രായപൂർത്തിയാകാത്ത വ്യക്തികളുടെ പേരിൽ മ്യുച്വൽ ഫണ്ട് നിക്ഷേപിച്ചാൽ അവർക്ക് 21 അല്ലെങ്കിൽ 18 വയസ്സ് കഴിഞ്ഞാൽ നിക്ഷേപം സ്വന്തം പേരിലേക്ക് മാറ്റാവുന്നതാണ്. രക്ഷകർത്താവിന്റെ പേരിൽ നിന്നും സ്വന്തം പേരിലേക്ക് നിക്ഷേപം മാറ്റാൻ നിങ്ങൾ ആദ്യം ഒരു അപേക്ഷ നൽകേണ്ടതുണ്ട്. നിങ്ങൾ അങ്ങനെയൊരു അപേക്ഷ നൽകിയിട്ടില്ലെങ്കിൽ നിങ്ങളുടെ നിക്ഷേപ അക്കൗണ്ടിലെ എല്ലാ ഇടപാടുകളും താത്കാലികമായി നിർത്തിവയ്ക്കും. കാരണം പ്രായപൂർത്തിയായി കഴിഞ്ഞാൽ മൈനറിനെ ഒരു വ്യക്തിയായി കണക്കാക്കുന്നു.
രക്ഷാകർത്താവ് വീണ്ടും അക്കൗ ണ്ട് കൈകാര്യം ചെയ്യുമ്പോൾ മറ്റൊരു വ്യക്തിയുടെ ഇടപെടലായാണ് വിലയിരുത്തുക. അതിനാൽ 18 വയസ്സ് കഴിഞിയ്യും സ്റ്റാറ്റസ് മാറ്റിയില്ലെങ്കിൽ മറ്റൊരു ഇടപാടുകളും ആ അക്കൗണ്ട് വഴി നടത്താൻ സാധിക്കാത്ത വിധം അക്കൗണ്ട് നിശ്ചലമാകും. എന്നാൽ ഇതിനെക്കുറിച്ച് മ്യുച്ചൽ ഫണ്ടിന്റെ അസറ്റ് മാനേജ്‌മന്റ് കമ്പനി മുൻകൂർ ആയിത്തന്നെ നിങ്ങൾക്ക് അറിയിപ്പ് നൽകുന്നതാണ്. പ്രായപൂർത്തി ആയതായി സ്റ്റാറ്റസ് മാറ്റാനുള്ള കാലാവധി തീരുന്നതിന് ഒരു മാസം മുൻപെങ്കിലും അസറ്റ് മാനേജ്‌മന്റ് കമ്പനിയിലെ നിങ്ങളുടെ ഉപദേഷ്ടാവ് ഇക്കാര്യം നിങ്ങളെ ഓർമപ്പെടുത്തും..
നിങ്ങളുടെ പൂർണ വിവരങ്ങൾ നിക്ഷേപം ആരംഭിക്കുന്ന സമയത്ത് നൽകുന്നതിനാൽ നിങ്ങൾക്ക് പ്രായപൂർത്തിയാകുന്ന സമയത്ത് ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഒരു അറിയിപ്പ് ലഭിക്കും. നിക്ഷേപകനും രക്ഷാകർത്താവിനും ഇതേ അറിയിപ്പ് ലഭിക്കും. ബാങ്ക് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷ പ്രായപൂർത്തിയായ നിക്ഷേപകന്റെ ഒപ്പു സഹിതം രക്ഷാകർത്താവ് അയക്കണം. അപേക്ഷയ്‌ക്കൊപ്പം ബാങ്ക് അക്കൗണ്ട് രജിസ്‌ട്രേഷൻ ഫോമും മൈനറിന്റെ കെവൈസിയും സമർപ്പിക്കേണ്ടതുണ്ട്.
പ്രായപൂർത്തിയാകാത്ത നിക്ഷേപകന്റെ അക്കൗണ്ടിൽ ഉള്ള ലാഭവും നഷ്ടവും എല്ലാം രക്ഷാകർത്താവിന്റെ വരുമാനത്തിന് കീഴിൽ കൂട്ടിച്ചേർക്കുകയാണ് സാധാരണ ചെയ്യുക. പ്രായപൂർത്തിയായി കഴിഞ്ഞാൽ രക്ഷാകർത്താവിന്റെ അക്കൗണ്ടിൽ നിന്നും മാറ്റി മൈനറിനെ മുതിർന്ന ഒരു വ്യക്തിയായി പരിഗണിക്കാൻ ആരംഭിക്കും. ശേഷം ഒരു ലാഭവും നഷ്ടവും രക്ഷാകർത്താവിന്റെ അക്കൗണ്ടുമായി ബന്ധിപ്പിക്കില്ല.
ഇനി നിങ്ങൾ നിങ്ങളുടെ പ്രായപൂർത്തിയാകാത്ത മക്കളുടെ പേരിൽ നിക്ഷേപിക്കുകയാണെങ്കിൽ ഏത് മ്യുച്വൽ ഫണ്ട് വേണം എന്ന ആശങ്ക ഉണ്ടാകാം. രക്ഷകർത്താക്കൾ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ നിക്ഷേപിക്കുമ്പോൾ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ് കൂടുതൽ അനുയോജ്യം. കാരണം ഇത് ദീർഘകാലത്തേക്ക് സമ്പാദ്യം ലഭ്യമാക്കുന്നതാണ്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും വിവാഹവും തുടങ്ങി ദീർഘകാല ലക്ഷ്യങ്ങൾക്കായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം.
Also Read- Mutual Funds vs Shares | മ്യൂച്വല്‍ ഫണ്ടും ഓഹരിയും തമ്മിലുള്ള വ്യത്യാസമെന്ത്?
കുട്ടിക്ക് പ്രായപൂർത്തിയായി കഴിഞ്ഞാൽ കെവൈസി പ്രക്രിയകൾ പൂർത്തിയാക്കികൊണ്ട് സാധാരണ ഒരു വ്യക്തി ഏതു രീതിയിൽ അവരുടെ പേരിൽ ഒരു പ്രത്യേക അക്കൗണ്ട് തുറന്ന് നിക്ഷേപം നടത്തുന്നുവോ അതുപോലെ വിവിധ മ്യുച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ എങ്ങനെ നിക്ഷേപം നടത്താം എന്ന് പരിശോധിക്കാം. ആദ്യം വേണ്ടത് കുട്ടിയുടെ പ്രായം തെളിയിക്കാനായി ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പാസ്‌പോർട്ട് ആണ്. കൂടെ കുട്ടിയും രക്ഷാകർത്താവും തമ്മിൽ എന്താണ് ബന്ധം എന്ന് തെളിയിക്കുന്ന രേഖയും ആവശ്യമാണ്. സ്വന്തം മാതാപിതാക്കളാണെങ്കിൽ ജനന സർട്ടിഫിക്കറ്റിലോ പാസ്‌പോർട്ടിലോ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ മതിയാവും. ലീഗൽ ഗാർഡിയൻ ആണെങ്കിൽ, കോടതി ഉത്തരവിന്റെ ഒരു പകർപ്പ് ആവശ്യമാണ്. ഇതിനോടൊപ്പം സെബി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാതാപിതാക്കളുടേയോ അല്ലെങ്കിൽ നിയമപരമായ രക്ഷകർത്താക്കളുടേയോ കൃത്യമായ കെവൈസി സമർപ്പിക്കുകയും വേണം.
ഇനി നിക്ഷേപകന് പ്രായപൂർത്തിയാകുമ്പോൾ ഈ അക്കൗണ്ട് സ്വന്തം പേരിലേക്ക് മാറ്റേണ്ടതുണ്ട്. മ്യൂച്വൽ ഫണ്ട് നിക്ഷേപകനെ എങ്ങനെ മൈനർ സ്റ്റാറ്റസിൽ നിന്നും മേജർ ആക്കി സ്റ്റാറ്റസ് മാറ്റുമെന്ന് അറിയാം
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ നിക്ഷേപിക്കുമ്പോൾ കുട്ടിയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ബാങ്കിലെ രേഖകളിലും മ്യുച്വൽ ഫണ്ടിലും അക്കൗണ്ടിന്റെ ആദ്യ ഉടമ കുട്ടിയായിരിക്കണം. കൂടാതെ മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്ന തുക പ്രായപൂർത്തിയാകാത്തയാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നായിരിക്കണം എന്നാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിർദേശിക്കുന്നത്.
നിക്ഷേപകന്റെ പേരിൽ രക്ഷകർത്താക്കൾക്ക് ഇടപാടുകൾ നടത്താൻ കഴിയും. എന്നാൽ കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ ഇതിന്റെ നിയന്ത്രണം മാറുന്നു. 18 വയസ്സ് നിക്ഷേപകന് പൂർത്തിയായി കഴിഞ്ഞാൽ പിന്നെ രക്ഷാകർത്താവിന് യാതൊരു ഇടപാടുകളും നടത്താൻ സാധിക്കില്ല. കൂടാതെ, സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ (എസ്ടിപി), സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി), സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ (എസ്ഡബ്ല്യുപി) തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കും. 18 വയസ്സ് പൂർത്തിയായശേഷം ഈ ഇടപാടുകൾ തുടർന്ന് നടത്താൻ കുട്ടിക്ക് KYC പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്, ഇതിനായി നിങ്ങൾ നടപടിക്രമങ്ങൾ പാലിച്ച് മൈനർ സ്റ്റാറ്റസിൽ നിന്നും മേജർ സ്റ്റാറ്റസിലേക്ക് നിക്ഷേപം മാറ്റണം.
ഒപ്പം നിങ്ങളുടെ മൈനർ സ്റ്റാറ്റസുള്ള ബാങ്ക് അക്കൗണ്ട് കൂടി മേജർ സ്റ്റാറ്റസിലേക്ക് മാറ്റേണ്ടതായുണ്ട്. KYC ഓൺലൈനിലോ അല്ലെങ്കിൽ നേരിട്ടോ പൂരിപ്പിച്ചോ നൽകാം. രജിസ്‌ട്രാർ, ട്രാൻസ്ഫർ ഏജന്റുമാർ (ആർടിഎ) എന്നിവർ മുഖേനയോ അല്ലെങ്കിൽ നിങ്ങൾ നിക്ഷേപിച്ചിട്ടുള്ള ഏതെങ്കിലും ഫണ്ട് ഹൗസുകളിൽ നിന്നോ ഇത് പ്രയാസമില്ലാതെ ചെയ്യാം. ബാങ്ക് അക്കൗണ്ടും മ്യൂച്വൽ ഫണ്ട് ഫോളിയോയും കെവൈസി നിയങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.
എല്ലാ ഫണ്ട് ഹൗസുകളുടെയും വെബ്‌സൈറ്റിനെയും ബ്രാഞ്ച് ഓഫീസുകളെയും ഇതിനായി നിങ്ങൾക്ക് സമീപിക്കാം. കെവൈസി അംഗീകാരം, പാൻ കാർഡിന്റെ ഒരു പകർപ്പ് എന്നിവ സമർപ്പിക്കേണ്ടതായി വരും. ചില ഫണ്ട് ഹൗസുകൾ ഓൺലൈനായി രേഖകൾ സമർപ്പിക്കാനും അനുവദിക്കുന്നു. നിക്ഷേപകർക്ക് ഒപ്പിട്ട ഫോമിന്റെ സ്കാൻ ചെയ്ത പകർപ്പുകൾ, കെവൈസി അംഗീകാരം എന്നിവ ഫണ്ട് ഹൗസിലുള്ള അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ അഡ്രസ്സിൽ നിന്നും ഇമെയിൽ ചെയ്യാൻ കഴിയും. മ്യുച്വൽ ഫണ്ടിന്റെ നിക്ഷേപക സ്റ്റാറ്റസ് മേജറിലേക്ക് മാറ്റിയതിനുശേഷം, അതിന്റെ നിയന്ത്രണം പൂർണമായും പ്രായപൂർത്തിയായ കുട്ടിയുടെ കൈകളിലേക്ക് എത്തുന്നു. പ്രായപൂർത്തിയായ വ്യക്തി ആദ്യ ഉടമയാകുകയും അതിനുശേഷം മ്യൂച്വൽ ഫണ്ടിന്റെ യൂണിറ്റുകളിൽ സ്വയം ഇടപാടുകൾ നടത്തുകയും ചെയ്യാം.
Also Read- Mutual Funds| നിങ്ങൾക്ക് അനുയോജ്യമായ മ്യുച്വൽ ഫണ്ട് എങ്ങനെ തെരഞ്ഞെടുക്കാം?
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മികച്ച നിക്ഷേപ മാർഗമാണ് മ്യുച്വൽ ഫണ്ട്. ഇക്വിറ്റി ഫണ്ടിലൂടെയുള്ള ദീർഘകാല നിക്ഷേപം കുട്ടികളുടെ ഭാവിയിലെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി മാറ്റിവെക്കുകയും ചെയ്യാം. മ്യൂച്വൽ ഫണ്ടിലെ മൈനർ സ്റ്റാറ്റസ് മേജർ ആക്കുക എന്നത് കഠിനമായ കാര്യമല്ല. അതിനാൽ നിക്ഷേപത്തിനായി മ്യുച്വൽ ഫണ്ട് തന്നെ തിരഞ്ഞെടുക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mutual Fund, Mutual Funds