• HOME
 • »
 • NEWS
 • »
 • money
 • »
 • ഇന്ത്യയുടെ കുതിച്ചുയരുന്ന ഫിൻടെക് മേഖല ആത്മനിർഭർ ഭാരത് മുന്നേറ്റത്തിന്റെ നിർണായകമാകുമോ?

ഇന്ത്യയുടെ കുതിച്ചുയരുന്ന ഫിൻടെക് മേഖല ആത്മനിർഭർ ഭാരത് മുന്നേറ്റത്തിന്റെ നിർണായകമാകുമോ?

നവീകരണത്തിലൂടെയും ജനാധിപത്യവൽക്കരണത്തിലൂടെയും  ഡിജിറ്റൽ പേയ്‌മെന്റ്, ഇ-കൊമേഴ്സ് ലോകത്തെ ഇന്ത്യ എങ്ങനെ രൂപപ്പെടുത്തുന്നു

 • Share this:

  ലോകമെമ്പാടുമുള്ള ഡിജിറ്റൽ പണമിടപാടുകളിൽ ഇന്ത്യ നിസ്സംശയമായും ഒന്നാം സ്ഥാനത്താണ്. അടുത്തകാലത്തെ ACI ലോകവ്യാപക റിപ്പോർട്ട് അനുസരിച്ച്, 2021-ൽ ഏറ്റവും കൂടുതൽ തത്സമയ ഇടപാടുകൾ നടത്തിയത് ഇന്ത്യയാണ് (48.6 ബില്യൺ) – ചൈനയുടേതിന്റെ (18 ബില്യൺ) മൂന്നിരട്ടിയും യു.എസ്., കാനഡ, യു.കെ, ഫ്രാൻസ്, ജർമ്മനി എന്നിവയുടെ മൊത്തം ഇടപാടുകളുടെ (7.5 ബില്യൺ) ഏഴിരട്ടിയുമാണിത്.

  ലോകത്തിലെ ഏറ്റവും വലിയ തത്സമയ പേയ്‌മെന്റ് സംവിധാനങ്ങളിലൊന്നായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന്റെ (UPI) വോള്യം 2023-ഓടെ 59 ബില്യൺ ആയി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റർ-ബാങ്ക് പിയർ-ടു-പിയർ ഇടപാടുകളും വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാടുകളും സുഗമമാക്കുന്ന ഒരു ഇന്റർഫേസ് സൃഷ്ടിക്കുക എന്ന ലളിതമായ കാഴ്ചപ്പാടോടെയാണ് നാഷണൽ പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (NPCI) UPI-യ്ക്ക് തുടക്കം കുറിച്ചത്.

  UPI വിജയഗാഥ
  എന്തുകൊണ്ടാണ് UPI ഇത്രമാത്രം വിജയിച്ചത്? ഉപഭോക്താക്കൾ പണമിടപാടുകളേക്കാൾ UPI ഇടപാടുകൾ  ഇഷ്ടപ്പെടാൻ പ്രധാന കാരണം അനായാസ പേയ്‌മെന്റും ഇടപാടിലെ സുരക്ഷയും സൗകര്യവുമാണ്. പേയ്‌മെന്റ് സ്വീകരിക്കുന്നവരുടെ കാര്യത്തിൽ, മറ്റ് പ്രയോജനങ്ങൾക്കു പുറമെ, ഇത് വണ്ടിച്ചെക്കുകൾ, കള്ളനോട്ടുകൾ, ചില്ലറ കൃത്യമായി നൽകൽ, വലിയ തുക കൈവശം വയ്ക്കൽ, ബാങ്കിൽ പോയി പണം നിക്ഷേപിക്കൽ തുടങ്ങിയ  പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നു. കൂടാതെ നേരിട്ട്കണ്ടുള്ള ഇടപാട് പ്രക്രിയ UPI പൂർണ്ണമായും ഒഴിവാക്കുന്നു, ബാങ്ക് ശാഖകളും ATM-കളും സന്ദർശിക്കേണ്ടതിന്റെ ആവശ്യം ഗണ്യമായി കുറയ്ക്കുന്നു, ഇത് ബാങ്ക് ശാഖകളിലെ തിരക്ക് കുറയ്ക്കുകയും സേവനം വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നു.

  ഡിജിറ്റൽ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന Paytm, Google Pay, Phonepe, BHIM എന്നിവ ഉൾപ്പെടെയുള്ള ആപ്പുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് UPI ഇക്കോസിസ്റ്റം. UPI സ്വീകാര്യമായിത്തീരാനുള്ള ഏറ്റവും വലിയൊരു  പ്രചോദനമാണിത്. തങ്ങളുടേതായ പേയ്‌മെന്റ് ആപ്പുകൾ സൃഷ്ടിക്കാനായി വ്യാപാരികളും ബാങ്കുകളും നിക്ഷേപം നടത്തേണ്ടതില്ല, UPI സംവിധാനം ഉൾപ്പെടുത്താനായി നിലവിലുള്ള ആപ്പുകളിൽ ചെറിയ പൊരുത്തപ്പെടുത്തൽ വരുത്തിയാൽ മതിയാകും.

  അന്താരാഷ്ട്ര സ്വീകാര്യതയെ നയിക്കുന്നതും ഇതാണ്. NPCI-യുടെ  അന്താരാഷ്ട്ര ഘടകമായ NPCI ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡ് (NIPL), RuPay അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് കാർഡുകളും UPI-യും സ്വീകരിക്കാൻ 30-ലധികം രാജ്യങ്ങളുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സിംഗപ്പൂരിൽ, നഗര-സംസ്ഥാനത്തിന്റെ തൽക്ഷണ പേയ്‌മെന്റ് സംവിധാനമായ PayNow-മായി UPI-യെ ബന്ധിപ്പിക്കാനുള്ള ഒരു പദ്ധതി RBI-യും സിംഗപ്പൂർ മോണിറ്ററി അതോറിറ്റിയും ചേർന്ന് ഏറ്റെടുത്തിരിക്കുകയാണ്.

  UPI-യെ യഥാർഥ നിലവാരത്തിന്റെ മാനദണ്ഡമാക്കുന്നത് അതിന്റെ ആശ്രയയോഗ്യതയും ഉയർന്ന വിശ്വാസ്യതയുമാണ്. SIP-കൾ മുതൽ പേയ്‌മെന്റ് ഗേറ്റ്‌വേകൾ വരെയുള്ള ഏതൊരു സാമ്പത്തിക ഉൽ‌പ്പന്നത്തിന്റെയും സ്വീകാര്യതയുടെ അടിസ്ഥാന ശിലകളാണ് ആശ്രയയോഗ്യതയും വിശ്വാസ്യതയും. ആത്മനിർഭർ ഭാരത് (സ്വാശ്രയ ഭാരതം) എന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്കും വേണ്ടത് സമ്പദ്‌വ്യവസ്ഥയുടെ എല്ലാ വശങ്ങളിലും ഇതേ നിലവാരത്തിലുള്ള ആശ്രയയോഗ്യതയും വിശ്വാസ്യതയുമാണ്.

  QCI നേട്ടങ്ങൾ
  ഈ നിലവാരത്തിലുള്ള ഗുണമേന്മയും ആശ്രയയോഗ്യതയും വിശ്വാസ്യതയും കൈവരിക്കാൻ ഇന്ത്യൻ ബിസിനസുകളെ സഹായിക്കുന്ന കാര്യത്തിൽ ഒരു നട്ടെല്ലായി വർത്തിക്കുന്നു ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ. QCI-യുടെ സമീപനം രണ്ട് തലങ്ങളിലുള്ളതാണ്: ഒന്ന്, അംഗീകൃത നിലവാരം, പരിശീലന പരിപാടികൾ, അക്രഡിറ്റേഷൻ എന്നിവ ലഭ്യമാക്കിക്കൊണ്ട് കഴിവുകൾ വികസിപ്പിക്കാൻ ബിസിനസ്സുകളെ സഹായിക്കുന്നു. രണ്ട്, ആന്തരിക പ്രക്രിയകളും സംവിധാനങ്ങളും വിമർശനാത്മകമായി അവലോകനം ചെയ്യാനും  ബിസിനസ്സുകളെ സഹായിക്കാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ശുപാർശകൾ നൽകാനും കഴിയുന്ന വിലയിരുത്തലുകാരുടെ ഒരു ഇക്കോസിസ്റ്റം അവർ സൃഷ്ടിച്ചിട്ടുണ്ട്.

  ധനകാര്യ രംഗത്ത് ഗുണമേന്മയുള്ള അവബോധവും ഉപഭോക്തൃ സംരക്ഷണവും സാധ്യമാക്കാൻ വേണ്ടി QCI വ്യാവസായികമായുള്ള നിരവധി അംഗീകൃത നിലവാരങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. സർട്ടിഫിക്കേഷൻ ബോഡികൾക്കുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡിന് (NABCB), ഇൻഫർമേഷൻ ടെക്‌നോളജി സർവീസ് മാനേജ്‌മെന്റ് സിസ്റ്റംസ് (ITSMS),  ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെന്റ് സിസ്റ്റംസ് (ISMS), ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റംസ് (QMS), വിശ്വസനീയമായ ഡിജിറ്റൽ റിപ്പോസിറ്ററി മാനേജ്‌മെന്റ് സിസ്റ്റംസ് (TDRMS) എന്നിവ ഉൾപ്പെടെയുള്ള നിരവധി അക്രഡിറ്റേഷൻ സ്കീമുകൾ ഉണ്ട്.

  ഈ ചട്ടക്കൂടിന് വ്യക്തമായ നേട്ടങ്ങളുണ്ട്. ദേശീയ അക്രഡിറ്റേഷൻ ബോഡികൾ തമ്മിലുള്ള ബഹുമുഖ ക്രമീകരണങ്ങൾ, ഇന്ത്യൻ ബിസിനസുകൾ നിബന്ധനകളുടെ ആഗോള നിലവാരങ്ങൾ പാലിക്കുന്നവയാണെന്ന് അന്താരാഷ്ട്ര സമൂഹത്തിന് കാണിച്ചുകൊടുക്കുന്നു. ഇത് ആഗോള വ്യാപാരത്തിലെ പങ്കാളിത്തം സുഗമമാക്കുന്നു. ഗവൺമെന്റുകൾ തമ്മിലുള്ള വ്യാപാര ഉടമ്പടികൾക്കും ഉഭയകക്ഷി, ബഹുമുഖ അന്തർദേശീയ വ്യാപാര ഉടമ്പടികൾക്കുള്ള സാധ്യതകളും ഇത് വർദ്ധിപ്പിക്കുന്നു. കൂടാതെ ഇത് നമ്മുടെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഒരു മത്സരാധിഷ്ഠിത മേൽക്കൈ നൽകുന്നു.

  NABCB അക്രഡിറ്റേഷൻ റെഗുലേറ്റർമാരുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സാങ്കേതിക ശേഷിക്ക് ഉറപ്പേകുന്നു. ഇത് അവർ നിയന്ത്രിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഉൽപ്പന്നങ്ങളിലും സേവനങ്ങളിലുമുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ദേശീയ റെഗുലേറ്ററി, ലെജിസ്ലേറ്റീവ് ഘടനകൾ തമ്മിലുള്ള സമന്വയത്തിനും ഇത് സഹായിക്കുന്നു.

  അക്രഡിറ്റേഷൻ ഇടയ്ക്കിടെയുള്ള വിലയിരുത്തലുകളിലൂടെ തുടർച്ചയായ മെച്ചപ്പെടുത്തൽ സാധ്യമാക്കുന്നു. അക്രഡിറ്റേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ ആഗോള നിലവാരത്തിന് അനുസൃതമായി നിലനിർത്താൻ വേണ്ടി അവ പതിവായി പരിഷ്ക്കരിക്കുകയും ചെയ്യുന്നു. ഇപ്രകാരം അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തിക്കാണ്ട് ഒരു റിസ്ക് മാനേജ്മെന്റ് ചട്ടക്കൂടും ഇത് പ്രദാനം ചെയ്യുന്നു, കാരണം അപകടസാധ്യത വിലയിരുത്തൽ പലപ്പോഴും മാനദണ്ഡങ്ങളുടെ ഒരു അവിഭാജ്യ ഘടകമാണ്.

  സർക്കാരും വ്യവസായവും ഉപഭോക്താക്കളും NABCB അംഗീകൃത ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആശ്രയയോഗ്യതയും വിശ്വാസ്യതയും തിരിച്ചറിയുന്നു. ഒരർത്ഥത്തിൽ, അക്രഡിറ്റേഷൻ പ്രക്രിയകൊണ്ട് തന്നെ ഈ ഉൽപ്പന്നങ്ങൾ ഒരളവിലുള്ള ആശ്രയയോഗ്യതയും വിശ്വാസ്യതയും ഉപഭോക്തൃ ആത്മവിശ്വാസവും കൈവരിക്കുന്നു.

  ഈ ചട്ടക്കൂട് സൃഷ്ടിക്കുന്നതിലൂടെ, ആശ്രയയോഗ്യവും വിശ്വസനീയവുമായ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാൻ ഫിൻ‌ടെക് സ്റ്റാർട്ടപ്പുകളെ സഹായിക്കുന്ന സംരക്ഷണമതിലുകൾ QCI സൃഷ്ടിക്കുന്നു. ടയർ 2,3,4 നഗരങ്ങളിൽ പോലും ഉപഭോക്താക്കൾ ഈ സൊലൂഷനുകൾ സ്വീകരിക്കുമ്പോൾ അത് ആരെയും അതിശയിപ്പിക്കുന്നില്ല. ലോകത്തിലെ ഏറ്റവും ഉയർന്ന ഫിൻടെക് സ്വീകാര്യതാ നിരക്ക് ഇന്ത്യയിലാണ്.

  ഇന്ത്യൻ ഫിൻ‌ടെക് സൊല്യൂഷനുകൾ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ എത്രമാത്രം അന്യോന്യം കൈമാറാൻ കഴിയുന്നവയാണെന്ന് നോക്കുമ്പോൾ ഈ ഇക്കോസിസ്റ്റത്തിന്റെ വിജയം വ്യക്തമാണ്. ഇന്ത്യയുടെ ഫിൻടെക് യൂണികോണുകളുടെ പട്ടിക ശ്രദ്ധേയമാണ്: Paytm, Acko Insurance, BharatPe, BillDesk, Digit Insurance, PhonePe, Pine Labs, Razorpay, Policybazaar, MobiKwik, Zeta, Zerodha, CRED, Slice, CredAvenue, Groww, OneCard, Open, Oxyzo, CoinSwitchKuber, CoinDCX, Chargebee. എല്ലാ വ്യാവസായിക കണക്കുകളും അനുസരിച്ച് ഈ പ്രവണത വളരുകയേ ഉള്ളൂ.

  ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) വഴി QCI ഇപ്പോൾ UPI-യുടെ വിജയഗാഥ വിപുലീകരിക്കുകയാണ്. UPI ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഉള്ളതാണെങ്കിൽ, ONDC ഇന്ത്യയിലെ ഇ-കൊമേഴ്സി‌നുള്ളതാണ്. ഉപയോഗിക്കുന്നത് ഏത് പ്ലാറ്റ്ഫോമോ ആപ്ലിക്കേഷനോ ആയാലും, വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ദൃശ്യതയും അന്യോന്യം ഇടപാട് നടത്താനുള്ള കഴിവും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) ONDC പദ്ധതി ആരംഭിച്ചത്.

  ONDC-യ്ക്ക് തുടക്കം കുറിച്ചത് ഇ-കൊമേഴ്‌സിലെ കുത്തക തകർക്കുമെന്ന് പ്രതീക്ഷിക്കുന്നു. ONDC പ്ലാറ്റ്‌ഫോം വ്യാപാരികളെ ഒരു ആപ്പിലൂടെ പ്രവർത്തനം ആരംഭിച്ച്, പല ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസുകളിൽ പരസ്പരം ഇടപെട്ട് പ്രവർത്തിക്കാനും അതുവഴി ഇന്ത്യയിൽ ഉടനീളമുള്ള ഉപഭോക്താക്കളിൽ എത്തിച്ചേരാനും സഹായിക്കും. പേയ്‌മെന്റുകൾ, ഡെലിവറി, ഓൺലൈൻ സാന്നിദ്ധ്യം, ബില്ലിംഗ്, വിപണനം എന്നിവ പോലുള്ള മറ്റ് പല സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കാനും ഇത് വ്യാപാരികളെ പ്രാപ്‌തരാക്കും. ഇത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഗണ്യമായ വഴക്കം പ്രദാനം ചെയ്യുന്നു. ഇത് മത്സരം വർധിപ്പിക്കുക മാത്രമല്ല, വലിയ ബിസിനസ്സുകൾക്കുള്ള പരസ്യ-വിപണന ബജറ്റുകളില്ലാത്ത ചെറിയ ബിസിനസ്സുകൾക്ക് തുറന്നതും സമനിലയുള്ളതുമായ ഒരു പ്രവർത്തന രംഗം ലഭ്യമാക്കുകയും ചെയ്യുന്നു.

  ഇത് ഇന്ത്യയിലെ ഫിൻ‌ടെക്കിനും ചില്ലറവിൽപ്പനയ്ക്കും മറ്റൊരു ഗെയിം ചേഞ്ചറായി മാറാനും സാധ്യതയുണ്ട്. ചുരുക്കത്തിൽ, ONDC ഗുണമേന്മ ആധിപത്യം പുലർത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അവിടെ ഏറ്റവും സന്തുഷ്ടരായ ഉപഭോക്താക്കളുള്ള മികച്ച ഉൽപ്പന്നങ്ങൾ സ്വയമേവ മുന്നേറും, ഉയർന്ന പ്രതിഫലം നൽകുന്ന വലിയ ബിസിനസ്സുകൾക്ക്  ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ നൽകുന്ന പരസ്യത്തിന്റെയോ മുൻഗണനാ തിരയലിന്റെയോ മറ്റ് നേട്ടങ്ങളുടെയോ ഇടപെടൽ അവിടെ ഉണ്ടാകില്ല. തങ്ങൾക്കുതന്നെ പ്രയോജനം ചെയ്യുന്ന വൈദേശികമോ സ്വകാര്യമോ ആയ മാർക്കറ്റ്പ്ലേസുകളിലുള്ള നമ്മുടെ ആശ്രയം കുറയ്ക്കുന്ന ഒരു സ്വദേശ മാർക്കറ്റ്പ്ലേസ് തീർച്ചയായും സമ്പദ്‌വ്യവസ്ഥയ്ക്ക് നല്ലതാണ്.

  അടുത്ത 5 വർഷത്തിനുള്ളിൽ മാത്രം, ONDC 900 ദശലക്ഷം വാങ്ങുന്നവരെയും 1.2 ദശലക്ഷം വിൽപ്പനക്കാരെയും ഉൾപ്പെടുത്തി 48 ബില്യൺ ഡോളറിന്റെ മൊത്ത വ്യാപാര മൂല്യം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. MSME കൾക്ക്, പ്രത്യേകിച്ച് ZED സർട്ടിഫിക്കേഷൻ പ്രക്രിയയിലിരിക്കുന്നവർക്ക് ONDC, ഇന്ത്യൻ വിപണിയിലേക്കും തുടർന്ന് ആഗോള വിപണികളിലേക്കുമുള്ള ഒരു ലോഞ്ച്പാഡാകാൻ സാധ്യതയുണ്ട്.

  ഇന്ത്യ ഒരു വലിയ വിപണിയാണ്. നമ്മുടെ ജനസംഖ്യ തന്നെ നമ്മളെ ആകർഷകമാക്കുന്നു. എന്നാൽ അതിനെ നമ്മുടെ വർദ്ധിച്ചുവരുന്ന വരുമാനവുമായി സംയോജിപ്പിക്കുമ്പോൾ, അത് ഇന്ത്യൻ വിപണിയെ ആഗോളതലത്തിൽ എല്ലാ വലുപ്പത്തിലുമുള്ള ബ്രാൻഡുകൾക്കും ബിസിനസുകൾക്കുമുള്ള ഒരു ഇടമാക്കി  മാറ്റുന്നു.

  ഗുണമേന്മ ഉറപ്പുനൽകുന്ന ശക്തമായ ഒരു ചട്ടക്കൂട് പ്രദാനം ചെയ്യുന്നതിലൂടെയും ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾക്കായി ഒരു വിപണി സൃഷ്ടിക്കുന്നതിലൂടെയും, QCI എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു സംവിധാനം സൃഷ്ടിക്കുകയാണ്. നമ്മുടെ രാജ്യത്തുനിന്ന് ഉയർന്നുവരുന്ന ബിസിനസ്സുകൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും അന്തർദേശീയ നിലവാരത്തിൽ എത്തിക്കാൻ ആവശ്യമായ പിന്തുണ ലഭിക്കുന്നു, മാത്രവുമല്ല തങ്ങളെത്തന്നെ ഉന്നമിപ്പിക്കുക എന്ന ഒരേയൊരു അജണ്ടയുള്ള ഒരു മാർക്കറ്റ്പ്ലേസിലേക്കുള്ള പ്രവേശനവും സാധ്യമാക്കുന്നു. മറുവശത്ത്, ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും കണ്ടെത്താൻ സാധിക്കുന്നു, ഇത് വിദേശ ഉൽപ്പന്ന-സേവന ദാതാക്കളിലുളള ഇന്ത്യയുടെ ആശ്രയം കുറയ്ക്കുകയും ചെയ്യുന്നു.

  ഒരു സമ്പദ്‍വ്യവസ്ഥയിലൂടെ എത്രമാത്രം പണം ഒഴുകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് അതിന്റെ വലുപ്പം നിർണ്ണയിക്കുന്നത്.  ഇന്ത്യയുടെ 1 ബില്യണിലധികം വരുന്ന ഉപഭോക്തൃ അടിത്തറയെയും മികച്ച ഇന്ത്യൻ ബിസിനസ്സുകളെയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, QCI-യുടെ ഗുണ്വാട്ട സെ ആത്മനിർഭർതാ മുദ്രാവാക്യം 5 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്കുള്ള  ഇന്ത്യയുടെ കുതിപ്പിന് ആക്കംകൂട്ടുകയാണ്.

  QCI-യെ കുറിച്ചും ഇന്ത്യയുടെ ഗുണ്വാട്ട സെ ആത്മനിർഭർതാ സംരംഭത്തെ കുറിച്ചും അത് നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്ന നിരവധി വിധങ്ങളെ കുറിച്ചും കൂടുതലറിയാൻ https://www.news18.com/qci/ സന്ദർശിക്കുക.

  Published by:Jayesh Krishnan
  First published: