കരിയറില്‍ ട്വിസ്റ്റ് നടത്താന്‍ ഒരുങ്ങി ആമിര്‍; മുന്‍ പാക് സ്റ്റാര്‍ പേസര്‍ ഐ പി എല്ലില്‍ കളിച്ചേക്കും
കരിയറില്‍ ട്വിസ്റ്റ് നടത്താന്‍ ഒരുങ്ങി ആമിര്‍; മുന്‍ പാക് സ്റ്റാര്‍ പേസര്‍ ഐ പി എല്ലില്‍ കളിച്ചേക്കും
കഴിഞ്ഞ വര്‍ഷം തന്റെ 28ആം വയസില്‍ പാകിസ്താന് ടീം മാനേജ്മെന്റുമായി തെറ്റിപ്പിരിഞ്ഞ ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള ഒരുക്കങ്ങളുമായി മുന്‍ പാക് സൂപ്പര്‍ താരം മുഹമ്മദ് ആമിര്‍ രംഗത്തെത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം തന്റെ 28ആം വയസില്‍ പാകിസ്താന് ടീം മാനേജ്മെന്റുമായി തെറ്റിപ്പിരിഞ്ഞ ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. തുടര്‍ന്ന് യു കെ യിലേക്ക് താമസം മാറ്റിയ താരം ഇപ്പോള്‍ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചനകള്‍. ബ്രിട്ടീഷ് പൗരത്വം ലഭിച്ചു കഴിഞ്ഞാല്‍ ആമിറിന് ഐ പി എല്ലില്‍ കളിക്കാന്‍ സാധിച്ചേക്കും.
നേരത്തെ മുന്‍ പാക് താരം അസര്‍ മഹ്മൂദും, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചതിന് ശേഷം ഐ പി എല്ലില്‍ കളിക്കാനെത്തിയിരുന്നു. ഇത് പോലെ ആമിറും ഐ പി എല്ലില്‍ കളിക്കാനെത്താനുള്ള സാധ്യതകള്‍ക്കാണ് ഇപ്പോള്‍ വഴി തുറന്നിരിക്കുന്നത്. 2008 ല്‍ നടന്ന ഐ പി എല്ലിന്റെ ആദ്യ സീസണില്‍ പാക് താരങ്ങള്‍ കളിച്ചിരുന്നുവെങ്കിലും ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായതോടെ പാക് താരങ്ങളെ ഐ പി എല്ലില്‍ നിന്ന് വിലക്കുകയായിരുന്നു. ഇത് കൊണ്ടു തന്നെ 2009 മുതല്‍ പാകിസ്ഥാന് താരങ്ങള്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്രവേശനമില്ല.
'ഇപ്പോള്‍ എനിക്ക് യു കെയില്‍ തുടരാന്‍ അനിശ്ചിതകാല അവധി ലഭിച്ചിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ എന്റെ ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. മാത്രമല്ല 6, 7 വര്‍ഷം കളിക്കളത്തില്‍ തുടരാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ എങ്ങനെ പോകുമെന്ന് നമുക്ക് നോക്കാം. എന്റെ മക്കള്‍ ഇംഗ്ലണ്ടില്‍ വളരുകയും അവിടെ വിദ്യാഭ്യാസം നേടുകയും ചെയ്യും. അതിനാല്‍ നല്ലൊരു സമയം തന്നെ ഞാന്‍ ഇവിടെ ചിലവഴിക്കുമെന്നതില്‍ സംശയമില്ല. ലഭ്യമായ മറ്റ് സാധ്യതകളെക്കുറിച്ചും, അവസരങ്ങളെക്കുറിച്ചും, ഭാവിയില്‍ ബ്രിട്ടീഷ് പൗരത്വം ലഭിച്ചതിന് ശേഷം കാര്യങ്ങള്‍ എങ്ങനെ മാറും എന്നതിനെക്കുറിച്ചും ഞാന്‍ ഇപ്പോള്‍ ചിന്തിച്ചിട്ടില്ല.' പാക് പാഷന് ഡോട്ട് നെറ്റിനോട് സംസാരിക്കവെ ആമിര്‍ വെളിപ്പെടുത്തി.
2009ല്‍ തന്റെ 17-ാം വയസിലാണ് ആമിര്‍ ദേശീയ ടീമിന് വേണ്ടി അരങ്ങേറിയത്. 2010ല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു വാതുവെപ്പ് കേസില്‍ അഞ്ചു വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും താരത്തെ വിലക്കിയിരുന്നു. ഈയിടെ പാകിസ്താന്റെ ക്രിക്കറ്റ് ടീം സെലക്ഷനെ ആമിര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദേശീയ ടീമിലേക്കു താരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് പോലുള്ള ടീമുകളെ പാകിസ്താന് മാതൃകയാക്കണമെന്നും ആമിര്‍ ആവശ്യപ്പെട്ടു. ഇതിനുദാഹരണമായി താരം കാണിച്ചത് ഇന്ത്യന്‍ ടീമില്‍ ഈയിടെ അരങ്ങേറ്റം നടത്തി ഗംഭീര പ്രകടനം കാഴ്ചവച്ച ഇഷാന് കിഷനെയും സൂര്യകുമാറിനെയുമാണ്. അവര്‍ ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും കളിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അവര്‍ക്ക് ആദ്യമത്സരത്തിന് ഇറങ്ങുമ്പോള്‍ കൂടുതല്‍ ഉപദേശമോ, കോച്ചിങ്ങോയൊന്നും അവര്‍ക്ക് ആവശ്യവുമില്ലായിരുന്നെന്നും ആമിര്‍ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.