ജേഴ്സിയിലെ മദ്യ കമ്പനിയുടെ പേരിനെതിരെ പാക് ആരാധകർ രംഗത്തെത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പാക് ക്യാപ്റ്റൻ ബാബർ അസം. ഇംഗ്ലണ്ടിലെ വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റിൽ അണിഞ്ഞ ജേഴ്സിയിലാണ് മദ്യ കമ്പനിയുടെ പേരുണ്ടായിരുന്നത്.
ജേഴ്സിയിൽ മദ്യകമ്പനിയുടെ പേര് വന്നതോടെ പാക് ആരാധകർ
ബാബർ അസമിനെതിരെ തിരിയുകയായിരുന്നു. ഇസ്ലാം മതവിശ്വാസ പ്രകാരം മദ്യം നിഷിദ്ധമാണെന്നും അതിനാൽ ജേഴ്സിയിലെ പേര് ഒഴിവാക്കണമെന്നുമായിരുന്നു പാക് ആരാധകരുടെ ആവശ്യം.
ഇതോടെ, മദ്യ കമ്പനിയുടെ പേരുള്ള ജേഴ്സി അണിയില്ലെന്ന് സോമർസെറ്റിനോട് അസമും അറിയിച്ചു. വരുന്ന മത്സരങ്ങളിൽ കമ്പനിയുടെ പേരില്ലാത്ത ജേഴ്സിയാകും താരം അണിയുക.
അടുത്ത മത്സരം മുതൽ മദ്യകമ്പനിയുടെ പേര് ജേഴ്സിയിൽ ഉണ്ടാകില്ലെന്ന് സോമർസെറ്റും അറിയിച്ചിട്ടുണ്ട്. ജേഴ്സിയുടെ പുറകു വശത്തായിരുന്നു പേരുണ്ടായിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും അധികൃതർ പറയുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് ബാബര്‍ അസം വിറ്റാലിറ്റി ബ്ലാസ്റ്റില്‍ കളിക്കാനെത്തിയത്. ആദ്യ മത്സരത്തിൽ 42 റൺസും താരം നേടിയിരുന്നു.
ഐസിസിയുടെ പുതിയ ടി-20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ബാബർ അസം നിലനിർത്തിയിരുന്നു. ഇംഗ്ലണ്ട്-പാക് പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് റാങ്കിങ് പുറത്തു വന്നത്. പരമ്പരയിൽ രണ്ടാം ടി-20 യിൽ ബാബർ അർധ സെഞ്ച്വറി നേടിയിരുന്നു.
ഇന്ത്യൻ വിക്കറ്റ് കീപ്പർ കെഎൽ രാഹുൽ ആണ് രണ്ടാം സ്ഥാനത്തുള്ളത്. ആദ്യ പത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഇടംപിടിച്ചിട്ടുണ്ട്. പത്താം സ്ഥാനത്താണ് കോഹ്ലി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.