എട്ടര മിനിറ്റിൽ രണ്ട് കിലോമീറ്റർ ഓടിയെത്തണം; ക്രിക്കറ്റ് താരങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ് ഇനി കഠിനം
- Published by:Rajesh V
- news18-malayalam
Last Updated:
പുതിയ മാനദണ്ഡമനുസരിച്ച്, ഫാസ്റ്റ് ബൗളർമാർക്ക് 8 മിനിറ്റും 15 സെക്കൻഡുംകൊണ്ട് രണ്ട് കിലോമീറ്റർ ഓടിയെത്തണം. ബാറ്റ്സ്മാൻമാർക്കും വിക്കറ്റ് കീപ്പർമാർക്കും സ്പിന്നർമാർക്കും 8 മിനിറ്റ് 30 സെക്കൻഡ് ആയിരിക്കും സ്റ്റാൻഡേർഡ് സമയം.
ക്രിക്കറ്റ് താരങ്ങൾക്ക് ഇനി ഫിറ്റ്നസ് ടെസ്റ്റ് കഠിനം. രാജ്യാന്തര മത്സരങ്ങൾക്ക് ഫിറ്റ്നസ് നിർണായക ഘടകമാണെന്ന് തിരിച്ചറിഞ്ഞാണ് താരങ്ങൾക്ക് രണ്ട് കിലോമീറ്റർ ടൈം ട്രയൽ നടത്താൻ ബിസിസിഐ ഒരുങ്ങുന്നത്. താരങ്ങളുടെ വേഗത പരിശോധിക്കാൻ പരിശീലനത്തിൽ ഇതുംകൂടി ഉൾപ്പെടുത്താനാണ് ബിസിസിഐ ഒരുങ്ങുന്നതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ബിസിസിഐയുമായി കരാറുള്ള താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ നിലവിലുള്ള യോ യോ ടെസ്റ്റിന് പുറമെ പുതിയ കടമ്പ കൂടി കടക്കേണ്ടിവരും.
''താരങ്ങളുടെ ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിന് നിലവിലെ ഫിറ്റ്നസ് നിലവാരം വലിയ പങ്കുവഹിച്ചുവെന്ന് ബോർഡിന് തോന്നി. നമ്മുടെ ഫിറ്റ്നസ് നിലവാരം ഇപ്പോൾ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകേണ്ടത് പ്രധാനമാണ്. ടൈം ട്രയൽ പരിശീലനം ഇതിലും മികച്ച രീതിയിൽ മത്സരിക്കാൻ നമ്മളെ സഹായിക്കും. എല്ലാ വർഷവും മാനദണ്ഡങ്ങൾ പുതുക്കുന്നത് ബോർഡ് തുടരും''- ബിസിസിഐ ഉദ്യോഗസ്ഥൻ പറയുന്നു.
advertisement
പുതിയ മാനദണ്ഡമനുസരിച്ച്, ഫാസ്റ്റ് ബൗളർമാർക്ക് 8 മിനിറ്റും 15 സെക്കൻഡുംകൊണ്ട് രണ്ട് കിലോമീറ്റർ ഓടിയെത്തണം. ബാറ്റ്സ്മാൻമാർക്കും വിക്കറ്റ് കീപ്പർമാർക്കും സ്പിന്നർമാർക്കും 8 മിനിറ്റ് 30 സെക്കൻഡ് ആയിരിക്കും സ്റ്റാൻഡേർഡ് സമയം. എല്ലാവർക്കുമുള്ള ഏറ്റവും കുറഞ്ഞ യോ-യോ നില 17.1 ആയി തുടരും.
ബിസിസിഐയുമായി കരാറുള്ള താരങ്ങളെ പുതിയ ടെസ്റ്റ് സംബന്ധിച്ച് അറിയിച്ചുകഴിഞ്ഞു. നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ് ഷായും പുതിയ ടെസ്റ്റിന് അനുമതി നൽകിയിരുന്നു. ഫെബ്രുവരി, ജൂൺ, ആഗസ്റ്റ്- സെപ്തംബർ മാസങ്ങളിലാകും ടെസ്റ്റ് നടത്തുക.
advertisement
ഇപ്പോൾ, ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയുടെ ഭാഗമായവർക്ക് ബോർഡ് ഇളവ് നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ഇംഗ്ലണ്ടിനെതിരായ വൈറ്റ്-ബോൾ പരമ്പരയിൽ കളിക്കേണ്ടവർ ഈ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. ഈ വർഷാവസാനം നടക്കുന്ന ടി 20 ലോകകപ്പിനുള്ള തെരഞ്ഞെടുപ്പിലെ പ്രധാന മാനദണ്ഡം കൂടിയാണിത്. ടെസ്റ്റ് - മാനദണ്ഡങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യും. ബിസിസിഐ അല്ലെങ്കിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള അംഗത്തിന്റെ സാന്നിധ്യത്തിലാകും ടെസ്റ്റ് നടത്തുക.
advertisement
യോ-യോയേക്കാളും ടൈം ട്രയൽ മികച്ചതാണെന്ന് മുൻ ഇന്ത്യ ടീം പരിശീലകൻ രാംജി ശ്രീനിവാസൻ പറയുന്നു. ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് കൂടുതൽ പ്രവർത്തനക്ഷമമാണ്. ഇത് വേഗത, ത്രെഷോൾഡ് സോണുകൾ, നിങ്ങളുടെ പ്രവർത്തന വേഗത എങ്ങനെ ആസൂത്രണം ചെയ്യുന്നുവെന്ന് പരിശോധിക്കും. ഇത് സമയത്തെ അടിസ്ഥാനമാക്കിയുള്ളതിനാൽ നിങ്ങൾക്ക് പറ്റിക്കാനാകില്ല- അദ്ദേഹം പറഞ്ഞു.
കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ബിസിസിഐ യോ-യോ ടെസ്റ്റ് അവതരിപ്പിച്ചത്. ഇത് ദേശീയ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു പ്രധാന കടമ്പയായി മാറി. അംബാഡി റായിഡു, കേദാർ ജാദവ്, സഞ്ജു സാംസൺ തുടങ്ങിയ കളിക്കാർ ഇതിന് മുമ്പ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് അവരെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.
advertisement
ക്രിക്കറ്റ് കളിക്കാരുടെ കായികക്ഷമത അളക്കുന്നത് മുൻപ് ബീപ് ടെസ്‌റ്റിലൂടെയായിരുന്നു. എന്നാൽ ഇപ്പോൾ അത് പരിഷ്‌കരിച്ചാണ് യോ-യോ ടെസ്‌റ്റാക്കി മാറ്റിയത്. ജെൻസ് ബാങ്സ്‌ബോ എന്ന ഡെൻമാർക്ക്കാരനായ ഫിസിയോളജിസ്‌റ്റ് ആണ് ഈ ടെസ്‌റ്റ് കണ്ടെത്തിയത്. ബീപ് ശബ്ദം കേൾക്കുമ്പോൾ വിക്കറ്റുകൾക്കിടയിൽ നിശ്ചയിച്ച സമയത്ത് ഓടിയെത്തുന്നതായിരുന്നു ബീപ് ടെസ്‌റ്റ്. കളിക്കാരന്റെ വേഗത, സ്ഥിരത ഇവയൊക്കെ ഇതിലൂടെ അളക്കാനാകും. ഇതിലും കഠിനമാണ് യോ-യോ ടെസ്‌റ്റ്.
advertisement
ബീപ് ശബ്ദം കേൾക്കുമ്പോൾ 20 മീറ്റർ അകലത്തിൽ വച്ചിരിക്കുന്ന രണ്ട് സെറ്റ് കോണുകളിലേക്ക് ഓടിയെത്തണം. അടുത്ത ബീപ് ശബ്ദത്തിന് തിരികെ ഓടണം. മൂന്നാമത് ബീപ് ശബ്ദം കേൾക്കും മുൻപ് ഓടിത്തുടങ്ങിയയിടത്ത് തിരികെയെത്തണം. ബീപ് ശബ്ദത്തിന്റെ ആവൃത്തി തുടർന്നുളള ഓട്ടത്തിൽ കൂടിവരും. ഇതിലൂടെ കളിക്കാരന്റെ വേഗത, സ്വാഭാവികമായ വേഗം കണ്ടെത്തുന്നതിനുളള പ്രാപ്‌തി, ശരീര സ്ഥിരത എന്നിവ മനസ്സിലാക്കാൻ കഴിയും.
advertisement
മുതിർന്ന താരങ്ങൾക്കാണ് മുൻപ് യോ-യോ ടെസ്‌റ്റ് വളരെ നിർബന്ധമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ യുവ താരങ്ങൾക്കും രഞ്ജി ട്രോഫി താരങ്ങൾക്കുമെല്ലാം ഇത് നിർബന്ധമാണ്. ഇതിനുപുറമെയാണ് പുതിയ ടൈം ട്രയലും കൂടി വരുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 22, 2021 8:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
എട്ടര മിനിറ്റിൽ രണ്ട് കിലോമീറ്റർ ഓടിയെത്തണം; ക്രിക്കറ്റ് താരങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ് ഇനി കഠിനം