ക്രിസ് ഗെയ്‌ലിന്റെ കൂറ്റൻ സിക്‌സിൽ തകർന്ന് സ്റ്റേഡിയത്തിലെ ജനൽ ചില്ല് - വീഡിയോ
- Published by:Naveen
- news18-malayalam
Last Updated:
സെന്റ് കിറ്റ്‌സും ബാർബഡോസ് റോയൽസും തമ്മിൽ നടന്ന മത്സരത്തിൽ കിറ്റ്‌സിന്റെ താരമായ ഗെയ്ൽ റോയൽസിന്റെ താരമായ ജേസൺ ഹോൾഡറിന്റെ പന്തിലാണ് ഈ കൂറ്റൻ സിക്സ് പറത്തിയത്.
യുണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലിന്റെ കൂറ്റൻ സിക്‌സിൽ തകർന്ന് സ്റ്റേഡിയത്തിലെ ജനൽ ചില്ല്. വെസ്റ്റ് ഇൻഡീസിലെ ടി20 ലീഗായ കരീബിയൻ പ്രീമിയർ ലീഗിലാണ് സംഭവം. ലീഗിലേക്ക് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മത്സരത്തിലാണ് വമ്പനടികൾക്ക് പേരുകേട്ട ക്രിസ് ഗെയ്ൽ സ്റ്റേഡിയത്തിലെ ജനലുകളിൽ ഒന്നിന്റെ ചില്ല് തകർത്തത്. കരീബിയൻ പ്രീമിയർ ലീഗിന്റെ ട്വിറ്റർ പേജിൽ അവർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഗംഭീര സിക്സ് പായിച്ചെങ്കിലും തന്റെ തിരിച്ചുവരവ് മത്സരത്തിൽ ഗെയ്‌ലിന് തന്റെ പേരിനൊപ്പിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. കരീബിയൻ പ്രീമിയർ ലീഗിൽ ഡ്വെയ്ൻ ബ്രാവോ നയിക്കുന്ന സെന്റ് കിറ്റ്‌സിന് വേണ്ടി കളിക്കാൻ ഇറങ്ങിയ ഗെയ്‌ലിന് ഒമ്പത് പന്തിൽ നിന്നും 12 റൺസ് മാത്രമാണ് എടുക്കാൻ കഴിഞ്ഞത്, അതിനടിയിലായിരുന്നു സ്റ്റേഡിയത്തിലെ ചില്ല് തകർത്ത താരത്തിന്റെ ഷോട്ട് പിറന്നത്.
A SMASHING HIT by the Universe Boss @henrygayle sees him with the @OmegaXL hit from match 2. #CPL21 #BRvSKNP #CricketPlayedLouder #OmegaXL pic.twitter.com/8001dFwNWQ
— CPL T20 (@CPL) August 27, 2021
advertisement
ഒരിടവേളയ്ക്ക് ശേഷം ലീഗിലേക്ക് തിരിച്ചുവരുന്നതിനാൽ ഗെയ്ൽ ആയിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. സെന്റ് കിറ്റ്‌സും ബാർബഡോസ് റോയൽസും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു ഗെയ്‌ലിന്റെ ഈ തകർപ്പൻ സിക്സ്. കിറ്റ്‌സിന്റെ താരമായ ഗെയ്ൽ മത്സരത്തിന്റെ അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ ജേസൺ ഹോൾഡറിന്റെ പന്തിലായിരുന്നു ഗെയ്ൽ ഈ കൂറ്റൻ സിക്സ് പറത്തിയത്. സ്റ്റേഡിയത്തിലെ സൈറ്റ്‌സ്‌ക്രീനിന് മുകളിലൂടെ കടന്നു പോയ പന്ത് അതിന് പുറകിലുള്ള ചില്ല് തകർക്കുകയായിരുന്നു. സിക്സ് പറത്തി കുറച്ച് കഴിഞ്ഞപ്പോള് തന്നെ ഗെയ്ൽ പുറത്താവുകയും ചെയ്തു.
advertisement
ഗെയ്‌ലിന് തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും താരത്തിന്റെ ടീമായ സെന്റ് കിറ്റ്‌സ് 176 റണ്‍സ് കണ്ടെത്തുകയും തുടർന്ന് ജയം നേടുകയും ചെയ്തു. ഒരു ഘട്ടത്തില്‍ 39 റൺസ് എടുക്കുമ്പോഴേക്കും നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായി തകർച്ച നേരിട്ട നിലയിൽ നിന്നാണ് അവർ ശക്തമായി തിരിച്ചുവന്നത്. 43 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ റൂതർഫോഡും 35 പന്തില്‍ നിന്ന് 47 റൺസ് നേടിയ ബ്രാവോ ചേർന്നാണ് സെന്റ് കിറ്റ്‌സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാർബഡോസ് റോയൽസിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.
advertisement
കഴിഞ്ഞ സീസണിൽ ലീഗിൽ അവസാന സ്ഥാനത്തായി നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ സെന്റ് കിറ്റ്സ് ഈ സീസണിൽ മികച്ച പ്രകടനം ലക്ഷ്യം വെച്ചാണ് ടി20യിലെ അപകടകാരിയായ ബാറ്റ്‌സ്മാനായ ഗെയ്‌ലിനെ ടീമിൽ എടുത്തത്. സെന്റ് കിറ്റ്‌സ് ഫൈനലിൽ എത്തിയ 2017 സീസണിൽ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു ഗെയ്ൽ, അന്ന് പക്ഷെ താരത്തിന് തന്റെ ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ കഴിഞ്ഞിരുന്നില്ല. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന് മുന്നിൽ സെന്റ് കിറ്റ്സ് തോൽക്കുകയായിരുന്നു.
എന്തായാലും ഈ സീസണിൽ ഗെയ്‌ലിന്റെ വരവ് ടീമിന് ഉണർവ് നൽകിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ 21 റൺസിന്റെ ജയം നേടിയ അവരുടെ അടുത്ത മത്സരം ഗയാന ആമസോൺ വാരിയേഴ്‌സിനെതിരെയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 28, 2021 10:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്രിസ് ഗെയ്‌ലിന്റെ കൂറ്റൻ സിക്‌സിൽ തകർന്ന് സ്റ്റേഡിയത്തിലെ ജനൽ ചില്ല് - വീഡിയോ