'ഫൈനലിൽ മെസിയെ തടയാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യും'; ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നാലു വര്‍ഷം മുമ്പ് റഷ്യയില്‍ നേരിട്ട അര്‍ജന്‍റീനയോ മെസിയോ അല്ല ഇപ്പോഴുള്ളതെന്ന് ഫ്രാൻസ് പരിശീലകൻ
ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ അർജന്റീന നായകൻ മെസിയെ തടയാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഫ്രാൻസ് പരിശീലകൻ ദിദിയർ ദേഷാംപ്സ്. ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന രണ്ട് ടീമുകൾ മുഖാമുഖം വരുമ്പോൾ ലോകകപ്പ് ഫൈനലിൽ ആര് കപ്പടിക്കുമെന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.
സെമി പോരാട്ടത്തിൽ മികച്ച പ്രകടനത്തോടെയാണ് അർജന്റീന ഫൈനലിലെത്തിയത്. നിലവിലെ ജേതാക്കളായ ഫ്രാൻസ് ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിലേക്ക് കുതിക്കുന്നത്. ഇത്തവണ ലോകകപ്പ് നേടുന്ന ടീം മൂന്നാം കിരീടനേട്ടത്തിലേക്കാണ് എത്തുക. അതിനാൽ തന്നെ കപ്പിനായി വീറും വാശിയും നിറഞ്ഞ പോരാട്ടമായിരിക്കും ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുക.
നാലു വര്‍ഷം മുമ്പ് റഷ്യയില്‍ നേരിട്ട അര്‍ജന്‍റീനയോ മെസിയോ അല്ല ഇപ്പോഴുള്ളതെന്ന് ഫ്രാൻസ് പരിശീലകൻ പറഞ്ഞു. താളം കണ്ടെത്തിക്കഴിഞ്ഞ മെസിയിപ്പോള്‍ മികച്ച ഫോമിലുമാണ്. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. അത് മെസി ലോകത്തിന് മുന്നില്‍ തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ മെസിയെന്ന ഭീഷണി മറികടക്കാനും അദ്ദേഹത്തെ തടയാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് ദെഷാംപ്സ് പറയുന്നു.
advertisement
ഫ്രാൻസ് വിശ്വവിജയികളായത് 2018ലും 1998ലുമാണ്. അർജന്‍റീനയെ വീഴ്ത്തി ലോകകിരീടം നേടിയാൽ ഫ്രാൻസിനെ കാത്തിരിക്കുന്ന മറ്റൊരു അതുല്യ നേട്ടം കൂടിയുണ്ട്. 60 വർഷത്തിനിടെ ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമെന്ന നേട്ടമാകും ഫ്രാൻസിനെ തേടിയെത്തുക.
ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഓരോ തോൽവി വഴങ്ങിയാണ് പ്രീ ക്വാർട്ടറിലെത്തിയത്. സൌദിയോട് തോറ്റപ്പോൾ എഴുതിത്തള്ളിയവരെ വിസ്മയിപ്പിച്ചുകൊണ്ടാണ് അർജന്‍റീന ഈ ലോകകപ്പിൽ മിന്നുന്ന പ്രകടനത്തോടെ ഫൈനലിലേക്ക് എത്തിയത്.
advertisement
അതേസമയം പ്രമുഖ താരങ്ങളുടെ പരിക്ക് വലച്ചിട്ടും, ഈ ലോകകപ്പിൽ മിന്നുന്ന പ്രകടനമാണ് ഫ്രാൻസ് പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ടുണീഷ്യയോട് തോറ്റെങ്കിലും പോളണ്ടിനെ പ്രീ-ക്വാർട്ടറിൽ വീഴ്ത്തി. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 8.30നാണ് കലാശപ്പോര്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2022 7:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഫൈനലിൽ മെസിയെ തടയാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യും'; ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ്