ദോഹ: ലോകകപ്പിൽ ബി ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ കടന്നു. വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലെത്തിയത്. അവസാനഘട്ടത്തില്‍ സമനില നേടിയാല്‍ പോലും പ്രീ ക്വാര്‍ട്ടറിലെത്താന്‍ കഴിയുമായിരുന്ന ഇറാനെ ഗോളടിക്കാതെ തടഞ്ഞുനിര്‍ത്തിയാണ് അമേരിക്ക അടുത്ത റൗണ്ടിലേക്ക് കടന്നത്. ഏകപക്ഷീയമായ ഒരുഗോളിനാണ് അമേരിക്കയുടെ വിജയം.
ആദ്യപകുതിയിലെ വെയ്ല്‍സിന്റെ പ്രതിരോധത്തെ രണ്ടാം പകുതിയിൽ മറികടന്നാണ് ഇംഗ്ലീഷുകാര്‍ വിജയം സ്വന്തമാക്കിയത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് രണ്ട് തവണയും ഫില്‍ ഫോഡന്‍ ഒരു തവണയും വല കുലുക്കിയപ്പോള്‍ സ്‌കോര്‍ 3-0. 50ാം മിനിറ്റിൽ റാഷ്ഫോർഡ് എടുത്ത ഗോളിക്ക് ഒരവസരവും നല്‍കാതെ പോസ്റ്റിന്റെ വലത് മൂലയിലേക്ക് പറന്നിറങ്ങി. ഗോളാഘോഷം അവസാനിക്കുന്നതിന് മുന്‍പ് 51ാം മിനിറ്റില്‍ ഫില്‍ ഫോഡന്റ് വക അനായാസ ഗോള്‍. രണ്ടാം ഗോളിന് വഴിയൊരുക്കിയത് നായകന്‍ ഹാരി കെയ്ന്‍.
ജയത്തോടെ ഗ്രൂപ്പ് ബി ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലെത്തുന്ന ഇംഗ്ലണ്ടിന് നേരിടാനുള്ളത് ആഫ്രിക്കന്‍ ചാംപ്യന്‍മാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമായ സെനഗലിന്റെ പോരാട്ട വീര്യത്തെയാണ്.
അമേരിക്ക vs ഇറാൻ
സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് അമേരിക്കയ്ക്കായി ഗോള്‍ നേടിയത്. ഇറാന്‍ പ്രതിരോധം മത്സരത്തിലുടനീളം അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് അമേരിക്ക പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സമനിലയിലാണ് കലാശിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അമേരിക്ക ആക്രമിച്ചാണ് കളിച്ചത്. ആദ്യ 20 മിനിറ്റിനുള്ളില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇറാന്‍ പ്രതിരോധത്തെ മറികടക്കാനായില്ല. അമേരിക്കന്‍ മുന്നേറ്റനിര പലകുറി ഇറാന്‍ ബോക്സില്‍ അപകടം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. വിങ്ങുകളില്‍ നിന്നുള്ള ക്രോസ്സുകള്‍ പ്രതിരോധിക്കാന്‍ ഇറാന്‍ ബുദ്ധിമുട്ടി.
Also Read- പി ടി ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റാകും; ഈ പദവിയിലെത്തുന്ന ആദ്യത്തെ വനിത
എന്നാല്‍ 38-ാം മിനിറ്റില്‍ ഇറാന്‍ കോട്ട പൊളിച്ചു. മധ്യനിരയില്‍ നിന്ന് പ്രതിരോധക്കോട്ട മറികടന്ന് നല്‍കിയ പന്ത് വലത് വിങ്ങിലുള്ള സെര്‍ജിയോ ഡെസ്റ്റ് മികച്ചൊരു ഹെഡ്ഡറിലൂടെ പുലിസിച്ചിന് നല്‍കി. അനായാസം ക്രിസ്റ്റ്യന്‍ പുലിസിച്ച് പന്ത് വലയിലെത്തിച്ചു. ലീഡെടുത്ത ശേഷവും അമേരിക്ക ആക്രമണങ്ങള്‍ തുടര്‍ന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അമേരിക്ക വീണ്ടും വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി. ആദ്യ പകുതി ഒരു ഗോളിന് അമേരിക്ക മുന്നിട്ട് നിന്നു.
രണ്ടാം പകുതിയില്‍ അമേരിക്ക, ക്രിസ്റ്റ്യന്‍ പുലിസിച്ചിന് പകരം ബ്രണ്ടന്‍ ആരോണ്‍സണ്‍ കളത്തിലിറങ്ങി. അതേസമയം സമാന്‍ ഗൊഡ്ഡോസിനെയിറക്കി ഇറാന്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. സമനിലഗോളിനായി നിരവധി മുന്നേറ്റങ്ങളും നടത്തി.
64-ാം മിനിറ്റില്‍ സമനിലനേടാന്‍ ഇറാന് മികച്ച അവസരവും കിട്ടി. പക്ഷേ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്ന് സമാന്‍ ഗൊഡ്ഡോസ് അടിച്ച ഷോട്ട് പുറത്തേക്ക് പോയി. പിന്നാലെ ഇറാന്‍ മധ്യനിരതാരം സയീദ് എസറ്റൊലാഹി അടിച്ച ഷോട്ടും ലക്ഷ്യം കാണാതെ പോയി.
അവസാന മിനിറ്റുകളില്‍ ഇറാന്‍ നിരന്തരം ആക്രമിച്ചുകളിച്ചു. പക്ഷേ അമേരിക്കന്‍ പ്രതിരോധം ഉറച്ചുനിന്നതോടെ അവര്‍ നിരാശയോടെ മടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.