ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് മൽസരങ്ങൾ അവസാന ഘട്ടത്തിലേത്ത് കടക്കുകയാണ്. അവസാന ഘട്ട ഗ്രൂപ്പ് മൽസരങ്ങൾ ഒരേ സമയം ആയിരിക്കും നടക്കുക. ഇങ്ങനെ ഫൈനൽ ഗ്രൂപ്പ് മൽസരങ്ങൾ ഒരേ സമയം നടക്കുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്. അതേക്കുറിച്ച് വിശദമായി മനസിലാക്കാം.
ഫൈനൽ ഗ്രൂപ്പ് മൽസരങ്ങൾ ഒരേ സമയത്ത് നടക്കുന്നതിന്റെ കാരണം അറിയണമെങ്കിൽ 1982ൽ സ്‌പെയിനിൽ നടന്ന ലോകകപ്പിലേക്ക് ഒന്നു തിരിഞ്ഞു നോക്കേണ്ടതുണ്ട്. 1982 ജൂൺ 25-ന് സ്പെയിനിലെ ജിജോണിലെ എൽ മോളിനോൺ സ്റ്റേഡിയത്തിൽ വെസ്റ്റ് ജർമനിയും ഓസ്ട്രിയയും തമ്മിൽ ആയിരുന്നു ഈ ഗ്രൂപ്പ് മത്സരം. ആ മൽസരം പിന്നീട് ‘ജിജോണിന്റെ അപമാനം’ എന്നു പോലും അറിയപ്പെട്ടു.
1982 ലെ ലോകകപ്പിൽ അൾജീരിയ മികച്ച തുടക്കമാണ് കുറിച്ചത്. ആദ്യ മൽസരത്തിൽ വെസ്റ്റ് ജർമനിയെ 2-1 നാണ് അവർ തോൽപിച്ചത്. ഈ ജയത്തോടെ ഫിഫ ലോകകപ്പിൽ ഒരു യൂറോപ്യൻ ടീമിനെ തോൽപിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമായും അൾജീരിയ മാറി. രണ്ടാമത്തെ മൽസരത്തിൽ ഓസ്ട്രിയയോട് 0-2 ന് തോറ്റെങ്കിലും അടുത്ത മൽസരത്തിൽ ചിലിക്കെതിരെ 3-2 ന് അൾജീരിയ ജയിച്ചു. ഈ ജയത്തോടെ, ഒരു ലോകകപ്പിലെ രണ്ടു മൽസരങ്ങളിൽ വിജയിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന റെക്കോർഡും അൾജീരിയ സ്വന്തമാക്കി.
വെസ്റ്റ് ജർമനിക്കും ഓസ്ട്രിയയ്ക്കും ഒരു ദിവസം മുൻപായിരുന്നു അൾജീരിയയുടെ അവസാന ഗ്രൂപ്പ് മത്സരം. ജർമനി- ഓസ്ട്രിയ മൽസരത്തിൽ ജയിക്കുന്ന ടീം നേടുന്ന ഗോളിന്റെ അടിസ്ഥാനത്തിലായിരുന്നു അൾജീരിയ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടേണ്ടിയിരുന്നത്. വെസ്റ്റ് ജർമനി നാലോ അതിലധികമോ ഗോളുകൾക്ക് ജയിച്ചാൽ അൾജീരിയക്ക് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാം എന്ന അവസ്ഥ. വെസ്റ്റ് ജർമനി മൂന്ന് ഗോളിന് ജയിച്ചാൽ അൾജീരിയയും ഓസ്ട്രിയയയും ടൈബ്രേക്കറിലേക്കും എത്തും. ഒന്നോ രണ്ടോ ഗോൾ നേടിയാൽ വെസ്റ്റ് ജർമനിയും ഓസ്ട്രിയയും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. ആകാംക്ഷ നിറഞ്ഞ ആ മൽസരത്തിൽ വെസ്റ്റ് ജർമനി ഒരു ഗോൾ മാത്രമാണ് നേടിയത്. മത്സരം പുരോഗമിക്കുന്തോറും കളി മോശമാകുന്നതും, ഇരു ടീമുകളും ഗോൾ നേടാനുള്ള ശ്രമങ്ങളൊന്നും നടത്താതിരിക്കുന്നതും വ്യക്തമായിരുന്നു. ആ മൽസരത്തിൽ വെസ്റ്റ് ജർമനി 1-0 ന് വിജയിച്ചു. ഇരു ടീമുകളും അടുത്ത ഘട്ടത്തിലേത്ത് യോഗ്യത നേടുകയും ചെയ്തു.
രണ്ടു യൂറോപ്യൻ രാജ്യങ്ങളും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിന് വെസ്റ്റ് ജർമനിയും ഓസ്ട്രിയയും ഒത്തു കളിച്ചതാണെന്നും എന്നാൽസാങ്കേതികപരമായി ഇരു ടീമുകളും കളിയിലെ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും മൽസര ശേഷം ഫിഫ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഇനി മുതൽ ഓരോ ഗ്രൂപ്പിലെയും അവസാന രണ്ട് മൽസരങ്ങൾ ഒരേസമയം നടത്താൻ ഫിഫ തീരുമാനിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.