ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അമ്പയർമാരോടും മാധ്യമങ്ങളോടും കാണിക്കുന്ന പ്രതികരണങ്ങളെ വിമർശിച്ചുകൊണ്ട് ക്രിക്കറ്റ് ലോകത്തെ പ്രമുഖർ രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യൻ ക്യാപ്റ്റന്റെ അമ്പയർമാർക്കെതിരെയുള്ള പെരുമാറ്റത്തിനെ ശക്തമായ രീതിയിൽ തുറന്നടിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. ലോയ്‌ഡിനെ കൂടാതെ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറും ഈയിടെ കോഹ്ലിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഏകദിന പരമ്പരയ്ക്ക് മുന്‍പായി നടന്ന ടി20 മത്സരത്തിനിടയിൽ ഡി ആര്‍ എസിലെ അമ്പയര്‍സ് കോളിനെതിരെയും സോഫ്റ്റ് സിഗ്നല്‍ നിയമത്തിനെതിരെയും കോഹ്ലി രംഗത്തെത്തിയിരുന്നു. കൂടാതെ സോഫ്റ്റ് സിഗ്നലായി വിക്കറ്റ് നല്‍കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ അമ്പയര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും മത്സരത്തിന് ശേഷം കോഹ്ലി അഭിപ്രായപെട്ടിരുന്നു. ഐസിസി നിയമത്തിനെതിരെയും കോഹ്ലി രംഗത്തെത്തിയിരുന്നു. ഇതിനുപുറകെയാണ് ഇന്ത്യന്‍ ക്യാപ്റ്റനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡേവിഡ് ലോയ്ഡ് രംഗത്തെത്തിയത്.
"ഇംഗ്ലണ്ട് താരങ്ങള്‍ നിതിന്‍ മോനോനെ സമ്മര്‍ദ്ദത്തിലാക്കിയോയെന്ന് എനിക്കറിയില്ല. എന്നാല്‍ ഒരു കാര്യം എനിക്കറിയാം ഈ പര്യടനത്തിലുടനീളം അമ്പയര്‍മാരെ കോഹ്ലി അവഹേളിക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും അവരുടെ അധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമ്പയര്‍മാരുടെ അധികാരം കുറഞ്ഞുകൊണ്ടിരിക്കുന്നു. കൂടാതെ തങ്ങളാണ് മത്സരം നിയന്ത്രിക്കുന്നതെന്നാണ് കോഹ്ലിയെ പോലെയുള്ള താരങ്ങള്‍ കരുതുന്നത് " ഡേവിഡ് ലോയ്ഡ് പറഞ്ഞു.
Also Read നീണ്ട ഒന്നര വർഷത്തിനു ശേഷം ഇന്ത്യ ഇന്ന് കളിക്കളത്തിൽ, മഷൂറിന്റെ അരങ്ങേറ്റത്തിന് സാധ്യത
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാകട്ടെ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിനിടെ പുറത്ത് നിന്നുള്ള ഒരു പ്രതികരണങ്ങളെയും ചെവിക്കൊള്ളാറില്ലെന്നും അതെല്ലാം അസംബന്ധമാണെന്നും കോഹ്ലി പറഞ്ഞിരുന്നു. കോഹ്ലിയുടെ പ്രതികരണത്തെ രൂക്ഷമായ ഭാഷയില്‍ മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ സഞ്ജയ് മഞ്ജരേക്കര്‍ വിമർശിച്ചിരുന്നു.
Also Read എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനം: അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടി വിജിലൻസ്
"പൊതുവായി നടക്കുന്ന മത്സരങ്ങളില്‍ പൊതുസമൂഹത്തിന്റെ പ്രതികരണങ്ങള്‍ ഉണ്ടാവും. അത് എപ്പോഴും ഒരുപോലെയാവില്ല. മോശമായാല്‍ വിമര്‍ശിക്കുകയും ചെയ്യും. ഇതിന്റെ സത്യാവസ്ഥകള്‍ വിരാട് മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യണം. ധോണി ചെയ്ത പോലെ ശാന്തമായി പക്വതയോടെ ഇതിനെ നേരിടണം" എന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്.
ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ കോഹ്ലിക്ക് പ്രതീക്ഷയ്‌ക്കൊത്ത് തിളങ്ങാനായിരുന്നില്ല. അതിനാല്‍ത്തന്നെ വലിയ വിമര്‍ശനം കോഹ്ലിക്കെതിരേ ഉയര്‍ന്നിരുന്നു. എന്നാല്‍ ടി20യിലെ തകര്‍പ്പന്‍ പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിക്കാനും കോഹ്ലിക്ക് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരക്ക് ശേഷം നടന്ന ടി20 പരമ്പര 3-2ന് വിജയിച്ചെങ്കിലും ടീമില്‍ നിരന്തരം മാറ്റം വരുത്തിയതിനും കോഹ്ലിക്ക് വിമര്‍ശനം നേരിടേണ്ടി വന്നു. ഇതിനോട് പ്രതികരിക്കവെയാണ് കോഹ്ലി പുറത്തുനിന്ന് അഭിപ്രായം പറയുന്നവരെ വിമര്‍ശിച്ചത്.
News summary: Former cricketers criticized indian skipper Virat Kohli for hisindecent behaviour towards umpires and media.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Virat kohli