Euro cup യൂറോ കപ്പ് ഫിൻലന്റ് - ഡെൻമാർക്ക് മത്സരത്തിനിടെ ഡെൻമാർക്ക് താരത്തിന് അപകടം; കളി നിർത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
കുഴഞ്ഞു വീണ ഉടൻ എറിക്‌സണെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടു പോയി. ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
കോപ്പൻഹേഗൻ : ഡെൻമാർക്കിന്‍റെ സൂപ്പർതാരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞു വീണതിനെ തുടർന്ന് യൂറോ കപ്പിലെ ഡെൻമാർക്ക്-ഫിൻലൻഡ് മത്സരം റദ്ദാക്കി. ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക് - ഫിന്‍ലന്‍ഡ് മത്സരത്തിനിടെയാണ് ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞുവീണത്. അടിയന്തര മെഡിക്കല്‍ സാഹചര്യത്തെ തുടര്‍ന്ന് മത്സരം റദ്ദാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.29 കാരനായ താരത്തെ ആശുപത്രിയിലേക്ക് മാറ്റി.
The UEFA EURO 2020 match in Copenhagen has been suspended due to a medical emergency.
— UEFA EURO 2020 (@EURO2020) June 12, 2021
മത്സരത്തിന്റെ ആദ്യ പകുതിയുടെ 42 മിനിറ്റിലാണ് ആശങ്ക പരത്തിയ സംഭവം.കളിക്കിടെ ഫിൻലൻഡ് ബോക്സിനു സമീപം സഹതാരത്തിൽനിന്ന് ത്രോ സ്വീകരിച്ചതിനു തൊട്ടുപിന്നാലെയാണ് എറിക്സൻ തളർന്നുവീണത്.
ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് താരം കുഴഞ്ഞു വീണത് . സഹതാരങ്ങൾ ഉടൻതന്നെ മെഡിക്കൽ ടീമിന്റെ സഹായം തേടി.ഫിൻലൻഡിന്റെ സൈഡിലാണ് തളർന്നുവീണത്. എറിക്സൻ ചലനമില്ലാതെ കിടന്നതോടെ മൈതാനത്തുണ്ടായിരുന്ന താരങ്ങളെല്ലാം പരിഭ്രാന്തരായി. 15 മിനിറ്റിലേറെ മെഡിക്കല്‍ സംഘം താരത്തെ പരിശോധിച്ചു. കളത്തിൽവച്ച് അടിയന്തര ചികിത്സ നൽകിയ ശേഷമാണ് എറിക്സനെ സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുപോയത്. പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരം എന്നാണ് ആദ്യ റിപ്പോർട്ട് .
advertisement
ആദ്യ മത്സരത്തിൽ ഗ്രൂപ്പ് എയിൽ റോമിൽ നടന്ന മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകർത്താണ് ഇറ്റലി ടൂർണമെന്റിലെ ആദ്യചുവടുവയ്പ്പ് ഗംഭീരമാക്കിയത്. ടൂർണമെന്റിലെ കറുത്ത കുതിരകളായ തുർക്കിക്കെതിരെ തീർത്തും ആധികാരികമായിരുന്നു ഇറ്റലിയുടെ വിജയം. മൂന്ന് ഗോളുകൾ പിറന്ന മത്സരത്തിൽ ഇറ്റലിക്കായി സീറോ ഇമ്മൊബിലെ, ലോറെൻസോ ഇൻസിനി എന്നിവരാണ് ഗോളുകൾ നേടിയത്. കളിയിലെ മറ്റൊരു ഗോൾ തുർക്കി താരം മെറി ഡെമിറാലിന്റെ വക സെല്ഫ് ഗോൾ ആയിരുന്നു.
ഇറ്റലി പരിശീലകനായ റോബർട്ടോ മാൻചീനിക്ക് കീഴിൽ ഇറ്റലിയുടെ തുടർച്ചയായ എട്ടാം ജയമായിരുന്നു ഇത്. കഴിഞ്ഞ 28 മത്സരങ്ങളിൽ ഇറ്റലി തോൽവിയറിഞ്ഞിട്ടില്ല. പ്രതിരോധത്തിന്റെ ആശാന്മാരായ ഇറ്റലി ഇന്നലെ കാഴ്ചവച്ചത് മനോഹരമായ ആക്രമണ ഫുടബോൾ ആയിരുന്നു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇറ്റലി തുർക്കിയെ ഒരു ഘട്ടത്തിൽ പോലും കളിയുടെ നിയന്ത്രണം കയ്യിലെടുക്കാൻ സമ്മതിച്ചതുമില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു കളിയിലെ മൂന്ന് ഗോളുകളും പിറന്നത്.
advertisement
തങ്ങളെ ഗോൾ നേടാൻ അനുവദിക്കാതെ പ്രതിരോധക്കോട്ട തീർത്ത് നിന്ന തുർക്കിയുടെ ദാനമായി കിട്ടിയ ഗോളിലാണ് ഇറ്റലി തങ്ങളുടെ അക്കൗണ്ട് തുറന്നത്. 53 ആം മിനിറ്റില്‍ ഡൊമെനിക്കോ ബെറാര്‍ഡിയുടെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. വലതു വിങ്ങുലൂടെ കുതിച്ചെത്തിയ ബെറാർഡിയുടെ ക്രോസ് തടയാൻ ശ്രമിക്കുന്നതിനിടയിൽ തുര്‍ക്കി താരം മെറി ഡെമിറാലിന്റെ ദേഹത്ത് തട്ടി പന്ത് വലയിൽ കയറുകയായിരുന്നു. ഇതോടെ ആക്രമണത്തിന് മൂർച്ച കൂട്ടിയ അസൂറികൾക്ക് ഗോൾ നിഷേധിച്ചത് തുർക്കി ഗോളി കാകിറിന്റെ തകർപ്പൻ രക്ഷപ്പെടുത്തലുകൾ ആയിരുന്നു. എന്നാൽ, ഇറ്റലിയുടെ മുന്നേറ്റം അധിക നേരം ചെറുക്കാൻ തുർക്കി ഗോളിക്ക് കഴിഞ്ഞില്ല. 66ആം മിനിറ്റിൽ ഇമ്മൊബിലെയിലൂടെ ഇറ്റലി തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തി. ഇറ്റലി താരം സ്പിനാസോള എടുത്ത ഷോട്ട് തുർക്കി ഗോളി കുത്തിയകറ്റി എങ്കിലും റീബൗണ്ട് ചെന്ന് വീണത് ഇമ്മൊബിലെയ്ക്ക് മുന്നിലായിരുന്നു. ഒട്ടും സമയം പാഴാക്കാതെ താരം എടുത്ത ഷോട്ട് തുർക്കി വല തുളച്ച് കയറുകയായിരുന്നു. 79ആം മിനിറ്റില്‍ ഗോള്‍കീപ്പര്‍ കാകിറിന്റെ പിഴവ് മുതലെടുത്തായിരുന്നു ഇറ്റലി തങ്ങളുടെ മൂന്നാം ഗോൾ നേടിയത്. ഇമ്മൊബിലെ നടത്തിയ മുന്നേറ്റത്തിൽ താരത്തിന്റെ പാസ് സ്വീകരിച്ച ലോറന്‍സോ ഇന്‍സിനി പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്ക് കൃത്യം പായിച്ച് ഇറ്റലിയുടെ വിജയം ഒന്നുകൂടി ആധികാരികമാക്കുകയായിരുന്നു.
advertisement
Also read- ലോകക്രിക്കറ്റില്‍ ആഷസിനെക്കാള്‍ മികച്ചത് ഇന്ത്യ- പാക് പരമ്പര: ഇന്‍സമാം ഉള്‍ ഹഖ്
മത്സരത്തിൽ ആക്രമിച്ചു കളിച്ച ഇറ്റലിക്ക് ആദ്യ അവസരം ലഭിച്ചത് 18ആം മിനിറ്റിലാണ് പക്ഷേ ലോറന്‍സോ ഇന്‍സിനി എടുത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്കാണ് പോയത്. പിന്നീട് 22ആം മിനിറ്റിൽ ഗോള്‍കീപ്പര്‍ കാകിര്‍ തുര്‍ക്കിയുടെ രക്ഷയ്‌ക്കെത്തി. കോര്‍ണറില്‍ നിന്ന് ജോര്‍ജിയോ കില്ലിനിയുടെ ഗോളെന്നുറച്ച ഹെഡര്‍ അദ്ദേഹം തട്ടി അകറ്റുകയായിരുന്നു. ഇതിനിടെ മറുവശത്ത് 35ആം മിനിറ്റില്‍ തുര്‍ക്കിക്കും അവസരം ലഭിച്ചു. പക്ഷെ തുർക്കി സ്‌ട്രൈക്കർ ബുറാക് യില്‍മാസിന്റെ മുന്നേറ്റം ഇറ്റലി ഗോളി ഡൊണ്ണരുമ്മ തടഞ്ഞിടുകയായിരുന്നു. ഇതിനിറെ ആദ്യ പകുതിയിൽ തുർക്കി താരങ്ങൾക്കെതിരെ ഹാൻഡ് ബോൾ അപ്പീലുകൾ ഉയർന്നെങ്കിലും റഫറി നിഷേധിക്കുകയായിരുന്നു. എന്നാൽ പിന്നീട് തുർക്കിക്ക് മത്സരത്തിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. മധ്യ നിരയിൽ നിന്നും മുന്നേറ്റത്തിലേക്ക് പന്ത് എത്താതെ വന്നതോടെ അവർക്ക് ഗോളുകൾ നേടാനും സാധിച്ചില്ല.
advertisement
നേരത്തെ, അരമണിക്കൂറോളം നീണ്ട വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങോടെയാണ് യൂറോയ്ക്കു അരങ്ങുണര്‍ന്നത്. കൊവിഡിനെ തുടര്‍ന്നു നിശ്ചിത ശതമാനം കാണികള്‍ക്കു മാത്രമേ സ്‌റ്റേഡിയത്തിലേക്കു പ്രവേശനമുണ്ടായിരുന്നുള്ളൂ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 12, 2021 11:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Euro cup യൂറോ കപ്പ് ഫിൻലന്റ് - ഡെൻമാർക്ക് മത്സരത്തിനിടെ ഡെൻമാർക്ക് താരത്തിന് അപകടം; കളി നിർത്തി