നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പുതുവര്‍ഷത്തിലെ ആദ്യ വാരം: കായികരംഗത്ത് പുത്തനുണര്‍വോടെ ഇന്ത്യ

  പുതുവര്‍ഷത്തിലെ ആദ്യ വാരം: കായികരംഗത്ത് പുത്തനുണര്‍വോടെ ഇന്ത്യ

  • Last Updated :
  • Share this:
   2018 ഇന്ത്യന്‍ കായികലോകം തുടങ്ങിയത് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കിയായിരുന്നു. എന്നാല്‍ 2019 ന്റെ ആദ്യവാരം തന്നെ ഇന്ത്യന്‍ ക്രിക്കറ്റും ഫുട്‌ബോളും ടെന്നീസും ചരിത്ര നേട്ടങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. 55 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ ഒരു മത്സരം ജയിച്ചത് ഇന്നലെയായിരുന്നു. അതിനു തൊട്ടുപിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പരയും ഉയര്‍ത്തി. ടാറ്റ ഓപ്പണ്‍ മഹാരാഷ്ട്ര എടിപി ടൂറില്‍ ബ്രിട്ടീഷ് സഖ്യത്തെ തകര്‍ത്ത് ഇന്ത്യന്‍ താരങ്ങള്‍ കിരീടം ചൂടിയതിനു തൊട്ടുപിന്നാലെയാണ് ഫുട്‌ബോളിലെയും ക്രിക്കറ്റിലെയും ജയങ്ങള്‍.

   രോഹന്‍ ഭോപ്പണ്ണ- ദിവിജ് ശരണ്‍ സഖ്യമാണ് മഹാരാഷ്ട്ര എടിപി ടൂറില്‍ ചാമ്പ്യന്മാരായി പുതുവര്‍ഷത്തിലെ ആദ്യസമ്മാനം ഇന്ത്യക്ക് നല്‍കിയത്. ശനിയാഴ്ചയായിരുന്നു ഇവരുടെ കിരീട ധാരണം. ബ്രിട്ടീഷ് താരങ്ങളായ ലൂക്ക് ബാംബ്രിഡ്ജ്, ജോണി ഒമാര സഖ്യത്തെ 6-3, 6-4 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ സഖ്യം തകര്‍ത്തത്. ഭോപ്പണ്ണയും ദിവിജും ആദ്യമായാണ് ഒരു എടിപി ടൂറില്‍ സഖ്യമായി കളിക്കുന്നതെന്നാണ് വിജയത്തിന്റെ മറ്റൊരു പ്രത്യേകത.

   Also Read: സിഡ്നി ടെസ്റ്റ് സമനിലയില്‍; ഓസീസ് മണ്ണില്‍ ചരിത്രമെഴുതി 'വീര' വിരാടും സംഘവും

   ഇന്ത്യന്‍ ടെന്നീസിനും 2018 ല്‍ കിരീടങ്ങള്‍ നേടാന്‍ കഴിയാതിരുന്ന ഇരുതാരങ്ങള്‍ക്കും പ്രതീക്ഷയേകുന്ന തുടക്കമാണ് മഹാരാഷ്ട്ര ഓപ്പണില്‍ ലഭിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഇരുവരും ഒരുമിച്ചാണ് ഇറങ്ങുന്നതെന്നത് രാജ്യത്തിന് പ്രതീക്ഷയേകുന്നതാണ്. ഭോപ്പണ്ണയുടെ 18 ാമത്തെയും ശരണിന്റെ നാലാമത്തെയും കിരീട നേട്ടമാണിത്. 2017 ഓക്്‌ടോബറിനു ശേഷമാണ് ബൊപ്പണ്ണ ഒരു കിരീടം ചൂടുന്നതെന്നതും ശ്രദ്ധേയമാണ്.

   എട്ടുവര്‍ഷത്തിനുശേഷം ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനിറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെ 4-1 നാണ് തകര്‍ത്തത്. 1964 ല്‍ ടൂര്‍ണ്ണമെന്റ് റണ്ണര്‍ അപ്പായ ടീമിന് അതിന് ശേഷം പങ്കെടുത്ത രണ്ട് പതിപ്പിലും ഒരു മത്സരവും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. വെറുമൊരു മത്സരജയത്തേക്കാള്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ നേട്ടമാണ് ഇന്ത്യന്‍ ഫുട്‌ബോളിനെ പുതുവര്‍ഷത്തില്‍ ലോക ശ്രദ്ധയിലേക്ക് നയിക്കുന്നത്.

   Dont Miss: 'അഭിമാന നിമിഷം'; മെസിയെയും പിന്തള്ളി ഛേത്രി; ഇനി മുന്നില്‍ റോണോ മാത്രം

   തായ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ രണ്ടുഗോളുകള്‍ നേടിയതോടെ നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ഛേത്രി രണ്ടാമതെത്തിയിരിക്കുകയാണ്. അര്‍ജന്റീനന്‍ നായകനും സൂപ്പര്‍ താരവുമായ മെസിയെ പിന്തള്ളിയാണ് ഛേത്രി പട്ടികയില്‍ രണ്ടാമനായത്. ഇന്ത്യന്‍ നായകന്റെ ബൂട്ടില്‍ നിന്നും ദേശീയ ടീമിനായി 67 ഗോളുകളാണ് ഇതുവരെ പിറന്നിരിക്കുന്നത്. 104 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. മെസിയ്ക്ക് അന്താരാഷ്ട്ര കരിയറില്‍ 65 ഗോളുകളാണ് സ്വന്തമായിട്ടുള്ളത്. അതും 128 മത്സരങ്ങളില്‍ നിന്നും. ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 20 ാം സ്ഥാനത്തെത്താനും ഛേത്രിക്ക പുതുവര്‍ഷത്തിലെ ആദ്യമത്സരത്തില്‍ കഴിഞ്ഞു.

   Dont Miss: PHOTOS- ചരിത്രം പിറന്ന വഴി; ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ മുഹൂര്‍ത്തങ്ങള്‍

   ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയങ്ങളിലൊന്നാണ് വിരാട് കോഹ്‌ലിയും സംഘവും ഇന്ന് സിഡ്‌നിയില്‍ നേടിയത്. ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന ഖ്യാതിയും ഇന്ത്യ സ്വന്തമാക്കുകയുണ്ടായി. നാല് മത്സരങ്ങളുടെ പരമ്പര 2- 1നാണ് ഇന്ത്യ നേടിയത്. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തിലായിരുന്നു കങ്കാരുക്കളുടെ ജയം. സിഡ്‌നിയില്‍ നടന്ന നാലാമത്തെ മത്സരം സമനിലയില്‍ പിരിയുകയും ചെയ്തു. വെളിച്ചക്കുറവും മഴയും മൂലം മത്സരത്തിന്റെ ഭൂരിഭാഗം സമയവും നഷ്ടപ്പെട്ടതായിരുന്നു ഇന്ത്യയുടെ മൂന്നാം ജയത്തെ തടഞ്ഞ് നിര്‍ത്തിയത്.

   Also Read: ഇന്ത്യക്ക് ചരിത്ര ജയം; തായ്‌ലന്‍ഡിനെ തകര്‍ത്തത് 4- 1 ന്

   വിരാട് കോഹ്‌ലിയുടെ കീഴില്‍ മികച്ച പ്രകടനം തുടരുന്ന ഇന്ത്യക്ക് 2019 ന്റെ തുടക്കത്തിലെ പരമ്പര വിജയം നല്‍കുന്ന ഊര്‍ജ്ജം ചെറുതായിരിക്കില്ല. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് തയ്യാറെടുക്കുന്ന ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്താനും ഈ പരമ്പര നേട്ടം സഹായിക്കും.

   First published: