Ind Vs Eng 2nd test | ബുംറയുടെ ആറാട്ട്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ 143 റൺസ് ലീഡ്
- Published by:Anuraj GR
- news18-malayalam
Last Updated:
മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസെന്ന നിലയിലാണ് ഇന്ത്യ. ഇതോടെ ഇന്ത്യയ്ക്ക് 171 റൺസിന്‍റെ ലീഡായി
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സിൽ 253 റൺസിന് പുറത്താക്കിയ ഇന്ത്യ 143 റൺസ് ലീഡ് നേടി. മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസെന്ന നിലയിലാണ് ഇന്ത്യ. ഇതോടെ ഇന്ത്യയ്ക്ക് 171 റൺസിന്‍റെ ലീഡായി. 15 റൺസോടെ യശസ്വി ജയ്സ്വാളും 13 റൺസോടെ നായകൻ രോഹിത് ശർമ്മയുമാണ് ക്രീസിൽ.
ജസ്പ്രിത് ബുംറയുടെ തകർപ്പൻ ബോളിങ്ങാണ് ഇന്ത്യയ്ക്ക് ആധിപത്യം നേടിക്കൊടുത്തത്. ബുംറയുടെ ആറ് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകർത്തത്. 45 റൺസ് വഴങ്ങിയാണ് ബുംറ ആറ് വിക്കറ്റുകൾ നേടിയത്. കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. അക്ഷർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.
ഇംഗ്ലണ്ട് നിരയിൽ ഓപ്പണർ സാക് ക്രാളി 76 റൺസെടുത്ത് ടോപ് സ്കോററായി. നായകൻ ബെൻ സ്റ്റോക്ക്സ് 47 റൺസ് നേടി. ജോൺ ബെയർസ്റ്റോ(25), ഒല്ലി പോപ്പ്(23), ബെൻ ഡക്കറ്റ്(21) എന്നിവർക്ക് വലിയ ഇന്നിംഗ്സ് കളിക്കാൻ സാധിച്ചില്ല. ഭേദപ്പെട്ട തുടക്കമായിരുന്നു ഇംഗ്ലണ്ടിന് ലഭിച്ചത്. ഒരവസരത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 59 എന്ന നിലയിലായിരുന്നു അവർ. ബെന്‍ ഡക്കറ്റിനെ (21) പുറത്താക്കി കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 76 റൺസെടുത്ത സാക് ക്രാളി കൂടി പുറത്തായതിന് ശേഷമാണ് ഇംഗ്ലണ്ടിനെ ജസ്പ്രിത് ബുംറ കശക്കിയെറിഞ്ഞത്.
advertisement
നേരത്തെ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ തകർപ്പൻ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ 396 റണ്‍സെടുത്തിരുന്നു. 290 പന്ത് നേരിട്ട ജയ്സ്വാൾ 209 റൺസെടുത്തു. 19 ഫോറും ഏഴ് സിക്സറും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്. ശുഭ്മാൻ ഗിൽ 34 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൺ, ഷൊയ്ബ് ബാഷിർ, റെഹാൻ അഹ്മദ് എന്നിവർ മൂന്നു വിക്കറ്റുകൾ വീതം നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Visakhapatnam,Visakhapatnam,Andhra Pradesh
First Published :
February 03, 2024 6:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Ind Vs Eng 2nd test | ബുംറയുടെ ആറാട്ട്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ 143 റൺസ് ലീഡ്