ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ് അനധികൃത്യമായി ഗ്രൗണ്ടില്‍ പ്രവേശിച്ച് വൈറലായ വ്യക്തിയാണ് ഡാനിയല്‍ ജാര്‍വിസ് എന്ന ജാര്‍വോ. ലോര്‍ഡ്സില്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ്ങിനിടെയും ലീഡ്സില്‍ ബാറ്റിംഗിനിടെയും എത്തിയ ജാര്‍വോ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ബൗള്‍ ചെയ്യാനാണ് എത്തിയത്. 'ജാര്‍വോ 69' എന്നെഴുതിയ ജേഴ്സിയും അണിഞ്ഞുകൊണ്ടാണ് അദ്ദേഹം മൂന്ന് തവണയും ഗ്രൗണ്ടില്‍ ഇറങ്ങിയത്.
മത്സരത്തിനിടെ മൂന്നാം തവണയും സുരക്ഷാ വീഴ്ച ഉണ്ടായപ്പോള്‍ ഇതിനെതിരെ രസകരവും ശക്തവുമായ രീതിയില്‍ പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്. 'ഇതേ സംഭവം പഞ്ചാബിലോ ഡല്‍ഹിയിലോ നടന്നിരുന്നെങ്കില്‍, ഒരുപക്ഷേ ഈ വ്യക്തി വീണ്ടും ഫീല്‍ഡില്‍ പ്രവേശിക്കാന്‍ ശ്രമിക്കില്ലായിരുന്നു. ചില ആളുകള്‍ക്ക് ശക്തിയുടെ ഭാഷ മാത്രമേ മനസ്സിലാകൂ. പഞ്ചാബ് പോലീസ് അവരുടെ ലാത്തിയുടെ ശക്തി എന്തെന്ന് അവന് കാണിച്ചു കൊടുക്കും. പിന്നെ അവന് ഗ്രൗണ്ടിന്റെ പരിസരത്ത് പോലും വന്നേക്കില്ല.'- സേവാഗ് പറഞ്ഞു.
ഓവല്‍ ടെസ്റ്റില്‍ മത്സരം നടക്കുന്ന ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്ന ഇയാള്‍, പിച്ചിലേക്ക് പന്തെറിയാന്‍ ഓടിയടുക്കുകയായിരുന്നു. പന്തുമായി ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ഇയാള്‍ ബൗള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന് ജോണി ബെയര്‍സ്റ്റോയുമായി കൂട്ടിയിടിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്.
രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി ജാര്‍വോ ഗ്രൗണ്ടിലേക്ക് എത്തിയപ്പോള്‍ തന്നെ സുരക്ഷാ വീഴ്ചയെ കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു. ജാര്‍വോയെ പോലെയുള്ളവര്‍ താരങ്ങള്‍ക്ക് ഭീഷണിയാണെന്നും ഗ്രൗണ്ടില്‍ ഇറങ്ങുന്നതില്‍ നിന്ന് വിലക്കണമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്രന്‍ അശ്വിന് തന്റെ ട്വീറ്റില്‍ ജാര്‍വോയോട് ഗ്രൗണ്ടിലേക്കിറങ്ങുന്നത് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഓവലിലും ഗ്രൗണ്ടിലിറങ്ങി ജാര്‍വോ വീണ്ടും ആരാധകരെ ഞെട്ടിച്ചത്.
ഓവലിലും ഗ്രൗണ്ടിലേക്കിറങ്ങിയ ജാര്‍വോ ഇംഗ്ലണ്ട് സ്റ്റേഡിയങ്ങളിലെ സുരക്ഷാ വീഴ്ചയാണ് വെളിവാക്കുന്നത് എന്ന് പ്രശസ്ത ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്ലെ ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ട് സ്റ്റേഡിയങ്ങളില്‍ സുരക്ഷ നല്കാന് നില്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് തുറന്നടിച്ച അദ്ദേഹം ജാര്‍വോയുടെ പ്രവര്‍ത്തി ഇനി തമാശയായി കണക്കാക്കാന്‍ കഴിയില്ല എന്നും പറഞ്ഞു.
മുന്‍ ഇന്ത്യന്‍ സ്പിന്നറായ പ്രഗ്യാന്‍ ഓജയും ഈ സംഭവത്തിനെതിരെ പ്രതികരിച്ചിരുന്നു. ഒരേ ആള് തന്നെ പലകുറി ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് എങ്ങനെയാണ് സംഭവിക്കന്നത് എന്ന് ചോദിച്ച ഓജ, ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ആഗോള തലത്തില്‍ ഈ സംഭവം ടെസ്റ്റ് പരമ്പരയെക്കാള്‍ വലിയ വാര്‍ത്തയായേനെ എന്നും പറഞ്ഞു.
ഇന്ത്യയിലേത് പോലെ സുരക്ഷാവേലികള്‍ തീര്‍ത്ത സ്റ്റേഡിയങ്ങള്‍ അല്ല ഇംഗ്ലണ്ടില്‍ ഉള്ളത് എന്നതിനാല്‍ ആരാധകര്‍ക്ക് വളരെ എളുപ്പത്തില്‍ ഗ്രൗണ്ടിലേക്ക് കടക്കാന്‍ കഴിയും. ഇത് മുതലെടുത്താണ് ജാര്‍വോ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത്. ആദ്യം തമാശയായി കണ്ടിരുന്ന സംഭവം തുടര്‍ച്ചയായ മത്സരങ്ങളില്‍ അവര്‍ത്തിച്ചതോടെ സംഭവം ഗൗരവമായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.