ന്യൂസിലൻഡിനെതിരെ വെടിക്കെട്ട് ബാറ്റിങ്ങുമായി ശുഭ്മാൻ ഗിൽ. ഒന്നാം ഏകദിനത്തില്‍ 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും ഗാലറിയിലെത്തിച്ച് ഗില്‍ 200 തികച്ചപ്പോള്‍ ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍. 149 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 208 റൺസെടുത്താണു പുറത്തായത്. 87 പന്തിൽ നിന്നാണ് താരം സെഞ്ചറിയിലെത്തിയത്. 52 പന്തിൽ അമ്പതു കടന്ന ഗിൽ 35 പന്തിൽ സെഞ്ചുറി സ്വന്തം അക്കൗണ്ടിലെത്തിച്ചു.
122 പന്തുകളിൽനിന്ന് 150 റൺസിലേക്കെത്തിയ ഗില്ലിന് 200 തികയ്ക്കാൻ വേണ്ടിവന്നത് വെറും 23 പന്തുകൾ മാത്രമാണ്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ 106 റണ്‍സ് പിന്നിട്ടതോടെയാണ് ഗില്‍ 1000 റണ്‍സ് ക്ലബ്ബിലെത്തിയത്. 24 ഇന്നിങ്സില്‍ 1000 റണ്‍സ് തികച്ച വിരാട് കോലിയുടെയും ശിഖര്‍ ധവാന്റെയും റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.
ഏകദിന കരിയറില്‍ താരത്തിന്റെ മൂന്നാമത്തെ സെഞ്ചുറിയാണിത്. ശ്രീലങ്കയ്‌ക്കെതിരേ തിരുവനന്തപുരത്ത് നടന്ന കഴിഞ്ഞ മത്സരത്തിലും ഗില്‍ സെഞ്ചുറി നേടിയിരുന്നു. മികച്ച തുടക്കമാണ് ഹൈദരാബാദില്‍ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 12.1 ഓവറില്‍ 60 റണ്‍സ് ചേര്‍ത്തു. മൂന്നാമനായെത്തിയ കോഹ്ലിക്ക് പത്ത് പന്തിൽ നിന്ന് എട്ടു റൺസ് മാത്രമാണെടുക്കാനായത്.
26 പന്തില്‍ 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ ഡാരില്‍ മിച്ചല്‍, സാന്‍റ്‌നറുടെ കൈകളിലെത്തിച്ചെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന ശുഭ്‌മാന്‍ ഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യയുടെ ടോട്ടൽ സ്കോർ ഉയർന്നു. 40 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 251-5 എന്ന നിലയിലായിരുന്നു ഇന്ത്യ. 46-ാം ഓവറില്‍ 300 കടന്നു. 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും സിക്‌സുകളുമായി ഗില്‍ തന്‍റെ കന്നി ഇരട്ട സെഞ്ചുറി തികച്ചു. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തെ ത്രസിപ്പിച്ച് ഗില്ലാടിയ മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 349 റണ്‍സ് നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IND vs NZ, Shubman Gill