India vs Australia 2nd ODI| റൺമല കയറാനാകാതെ രണ്ടാം മത്സരത്തിലും ഇന്ത്യ വീണു; ഓസ്ട്രേലിയക്ക് പരമ്പര
- Published by:Rajesh V
- news18-malayalam
Last Updated:
ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 87 പന്തുകളിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 89 റൺസെടുത്താണ് കോഹ്ലി പുറത്തായത്. കോഹ്ലിക്കു പുറമെ വിക്കറ്റ് കീപ്പർ കെ എൽ രാഹുലും ഇന്ത്യയ്ക്കായി അർധസെഞ്ചുറി നേടി.
സിഡ്നി: ഓസ്ട്രേലിയൻ പര്യടനത്തിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇതോടെ ഓസ്ട്രേലിയ സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ 51 റൺസിനാണ് ഓസ്ട്രേലിയയുടെ വിജയം. കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യ പൊരുതി നോക്കിയെങ്കിലും ഒടുവിൽ കീഴടങ്ങുകയായിരുന്നു. ഓസ്ട്രേലിയ ഉയർത്തിയ 390 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക്, നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 338 റൺസ് മാത്രം. ആദ്യ മത്സരത്തിലും കൂറ്റൻ സ്കോർ നേടിയ ഓസീസ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു.
ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 87 പന്തുകളിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 89 റൺസെടുത്താണ് കോഹ്ലി പുറത്തായത്. കോഹ്ലിക്കു പുറമെ വിക്കറ്റ് കീപ്പർ കെ എൽ രാഹുലും ഇന്ത്യയ്ക്കായി അർധസെഞ്ചുറി നേടി. 66 പന്തുകൾ നേരിട്ട രാഹുൽ, നാലു ഫോറും അഞ്ച് സിക്സും സഹിതം 76 റൺസെടുത്തു. മായങ്ക് അഗർവാൾ (26 പന്തിൽ 28), ശിഖർ ധവാൻ (23 പന്തിൽ 30), ശ്രേയസ് അയ്യർ (36 പന്തിൽ 38), ഹാർദിക് പാണ്ഡ്യ (31 പന്തിൽ 28), രവീന്ദ്ര ജഡേജ (11 പന്തിൽ 24), മുഹമ്മദ് ഷമി (ഒന്ന്), ജസ്പ്രീത് ബുമ്ര (0), നവ്ദീപ് സെയ്നി (പുറത്താകാതെ 10), യുസ്‌വേന്ദ്ര ചഹൽ (പുറത്താകാതെ നാല്) എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്കോർ.
advertisement
ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ് 10 ഓവറിൽ 67 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു. ജോഷ് ഹെയ്‌ൽവുഡ് ഒൻപത് ഓവറിൽ 59 റൺസ് വഴങ്ങിയും ആദം സാംപ 10 ഓവറിൽ 62 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മോയ്സസ് ഹെൻറിക്വസിനാണ് ഒരു വിക്കറ്റ്.
Also Read- India vs Australia | ഓസ്ട്രേലിയയ്ക്കു വീണ്ടും കൂറ്റൻ സ്കോർ; ഇന്ത്യയ്ക്ക് ജയിക്കാൻ 390 റൺസ്
നേരത്തെ, തുടർച്ചയായ രണ്ടാം ഏകദിനത്തിലും അതിവേഗ സെഞ്ചുറി കുറിച്ച മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഇന്ത്യയ്‌ക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്താൻ ഓസീസിനെ സഹായിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും 62 പന്തിൽനിന്ന് സ്മിത്ത് സെഞ്ചുറി തികച്ചു. ജസ്പ്രീത് ബുമ്ര 10 ഓവറിൽ 79 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും മുഹമ്മദ് ഷമി ഒൻപത് ഓവറിൽ 73 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സെയ്നി ഏഴ് ഓവറിൽ 70 റൺസും യുസ്‌വേന്ദ്ര ചെഹൽ ഒൻപത് ഓവറിൽ 71 റൺസും വഴങ്ങി. രവീന്ദ്ര ജഡേജ 10 ഓവറിൽ 60 റൺസ് വഴങ്ങിയപ്പോൾ, ഒരു ഓവർ ബോൾ ചെയ്ത മായങ്ക് അഗർവാൾ 10 റൺസ് വിട്ടുകൊടുത്തു.
advertisement
ഓസീസ് നിരയിൽ ബാറ്റിങ്ങിന് ഇറങ്ങിയ ആദ്യ അഞ്ച് പേരും അർധസെഞ്ചുറി പിന്നിട്ടു. ഇതിൽ സെഞ്ചുറി കടന്നത് സ്മിത്ത് മാത്രം. സ്മിത്ത് 64 പന്തിൽ 14 ഫോറും രണ്ടു സിക്സും സഹിതം 104 റൺസെടുത്തു. കഴിഞ്ഞ മത്സരത്തിലും സ്മിത്ത് 62 പന്തിൽനിന്നാണ് സെഞ്ചുറി നേടിയത്. സ്മിത്തിനു പുറമെ ഓപ്പണർമാരായ ഡേവിഡ് വാർണർ (83), ആരോൺ ഫിഞ്ച് (60), മാർനസ് ലബുഷെയ്ൻ (70) ഗ്ലെൻ മാക്സ്‍വെൽ (പുറത്താകാതെ 63) എന്നിവരുടെ അർധസെഞ്ചുറികളും ഓസീസ് ഇന്നിങ്സിന് കരുത്തായി. മോയ്സസ് ഹെൻറിക്വസ് രണ്ടു റൺസുമായി പുറത്താകാതെ നിന്നു.
advertisement
ഇതിനിടെ, സെഞ്ചുറി കൂട്ടുകെട്ടിൽ ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ച്- ഡേവിഡ് വാർണർ സഖ്യം ഇന്ത്യൻ ഓപ്പണർമാരായിരുന്ന വിരേന്ദർ സേവാഗ്- സച്ചിൻ ടെൻഡുൽക്കർ സഖ്യത്തിന്റെ റെക്കോഡിനൊപ്പമെത്തി. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച സഖ്യം 16 ഓവറിലാണ് 100 റൺസ് നേടിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 29, 2020 5:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs Australia 2nd ODI| റൺമല കയറാനാകാതെ രണ്ടാം മത്സരത്തിലും ഇന്ത്യ വീണു; ഓസ്ട്രേലിയക്ക് പരമ്പര