സിഡ്‌നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338നെതിരേ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ രണ്ടിന് 96 റൺസെന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. 26 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി ജോഷ് ഹെയ്സൽവുഡാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേൽപിച്ചത്. അർധ സെഞ്ചുറി നേടിയ ഗിൽ 101 പന്തിൽ നിന്ന് എട്ടു ബൗണ്ടറിയടക്കം 50 റൺസെടുത്ത് പുറത്തായി. ചേതേശ്വർ പൂജാരയും ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.
Also Read-
42 വർഷത്തിനു ശേഷം ഇന്ത്യ ജയിക്കുമോ? ഓസ്ട്രേലിയയുമായി മൂന്നാം ടെസ്റ്റ് സിഡ്നിയിൽ
നേരത്തെ ഓസ്‌ട്രേലിയ 338 റണ്‍സിന് പുറത്തായിരുന്നു. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെയും അര്‍ധ സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്നിന്റെയും വില്‍ പുകോവ്സ്‌കിയുടെയും മികവിലാണ്
ഓസീസ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 27ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്ത് 226 പന്ത് നേരിട്ട് 16 ബൗണ്ടറികളടക്കം 131 റണ്‍സെടുത്തു. തകർത്തടിച്ച സ്മിത്തിനെ ജഡേജ റണ്ണൗട്ടാക്കുകയായിരുന്നു. രവീന്ദ്ര ജഡേജ നാലു വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും നവ്ദീപ് സെയ്നിയും രണ്ടു വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
Also Read-
'കരയിപ്പിച്ചു കളഞ്ഞല്ലോ സിറാജേ...'; സിഡ്‌നിയില്‍ ദേശീയഗാനത്തിനിടെ വിതുമ്പി ഇന്ത്യൻ യുവതാരം
രണ്ടാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്കായി മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ് സ്മിത്തും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ലബുഷെയ്ന്‍ - സ്മിത്ത് സഖ്യം ഓസീസ് സ്‌കോര്‍ 200 കടത്തി. 196 പന്തില്‍ നിന്ന് 11 ബൗണ്ടറികളടക്കം 91 റണ്‍സെടുത്ത ലബുഷെയ്‌നെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഈ സഖ്യം പൊളിച്ചത്. വൈകാതെ മാത്യു വെയ്ഡിനെയും (13) ജഡേജ പുറത്താക്കി. കാമറൂണ്‍ ഗ്രീനിനെ റണ്ണെടുക്കും മുമ്പ് ബുംറ മടക്കി അയച്ചതോടെ ആതിഥേയർ പ്രതിരോധത്തിലായി. പിന്നാലെ ക്യാപ്റ്റന്‍ ടിം പെയ്‌നിനെയും (1) ബുംറ മടക്കി. പാറ്റ് കമ്മിന്‍സ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (24), നഥാന്‍ ലയോണ്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
Also Read-
സിഡ്നിയിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ കരഞ്ഞത് എന്തിന്? തുറന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്
നേരത്തെ ഒന്നാം ദിനം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസിസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡ് ആറില്‍ നില്‍ക്കെ അഞ്ച് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ മടക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. പിന്നീട് ഒത്തുചേര്‍ന്ന പുകോവ്സ്‌കി ലബുഷെയ്ന്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. അരങ്ങേറ്റ മത്സരം കുറിച്ച പുകോവ്സ്‌കി അര്‍ധസെഞ്ചുറിയുമായി (62) തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.