42 വർഷത്തിനു ശേഷം ഇന്ത്യ ജയിക്കുമോ? ഓസ്ട്രേലിയയുമായി മൂന്നാം ടെസ്റ്റ് സിഡ്നിയിൽ

Last Updated:

1978ലാണ് ഇതിന് മുൻപ് ഇന്ത്യ സിഡ്നിയിൽ ടെസ്റ്റ് മത്സരം ജയിച്ചിട്ടുള്ളത്.

സിഡ്നി: സിഡ്നിയിൽ 42 വര്‍ഷത്തിന് ശേഷം ഇന്ത്യ ജയിക്കുമോ?. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ആരാധകരുടെ ചോദ്യം ഇതാണ്. മെൽബണിലെ എട്ട് വിക്കറ്റ് വിജയത്തിന്റെയും രോഹിത് ശർമയുടെ മടങ്ങിവരവിന്റെയും ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. നാളെ പുലർച്ചെ 5 മുതൽ സോണി ചാനലുകളിൽ മത്സരം തത്സമയം കാണാം. ഓരോ മത്സരങ്ങളും ജയിച്ച ഇരുടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്.
സിഡ്നിയിലെ പ്രകടനം
സിഡ്നിയിൽ ഒരു ടെസ്റ്റിൽ മാത്രമാണ് ഇന്ത്യ ഇതുവരെ ജയിച്ചിട്ടുള്ളത്. 1978ൽ ഓസീസിനെ ഇന്ത്യ തോ‍ൽപിച്ചത് ഇന്നിങ്സിനും 2 റൺസിനുമാണ്. 42 വർഷത്തിനുശേഷം ജയം തേടിയാകും വ്യാഴാഴ്ച ഇറങ്ങുക. ആകെ 12 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതിൽ അഞ്ച് മത്സരങ്ങളിലും ഓസ്ട്രേലിയ വിജയിച്ചു. ആറ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
ഓസ്ട്രേലിയയിലെ മറ്റ് പിച്ചുകളെ അപേക്ഷിച്ച് സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് സിഡ്നിയിലേത്. സ്പിന്നർമാരെ സഹായിക്കാറുണ്ടെങ്കിലും അപ്രതീക്ഷിത ബൗൺസും ലോ ബൗൺസുമായി പേസ് ബോളർമാർക്ക് മേൽക്കൈ നേടാനും സിഡ്നി അവസരം നൽകാറുണ്ട്. കഴിഞ്ഞ പരമ്പരയില്‍ സിഡ്നിയിൽ 622 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.
advertisement
കഴിഞ്ഞ തവണ ഇന്ത്യ ചരിത്രവിജയം നേടിയ പരമ്പരയിൽ അവസാന മത്സരമായിരുന്നു സിഡ്നിയിലേത്. ബാറ്റുമായി ചേതേശ്വർ പൂജാരയും (193) ഋഷഭ് പന്തും (159) തിളങ്ങിയപ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 7ന് 622ൽ ഡിക്ലയർ ചെയ്തു. 5 വിക്കറ്റെടുത്ത സ്പിന്നർ കുൽദീപ് യാദവിന്റെ മികവി‍ൽ ഓസീസിനെ ഇന്ത്യ 300ൽ ഒതുക്കി ഫോളോഓൺ ചെയ്യിച്ചു. പക്ഷേ, മഴയുടെ ട്വിസ്റ്റിൽ കളി സമനിലയായി. ഇന്ത്യ പരമ്പരയും നേടി.
advertisement
രഹാനെയെ കാത്ത് ഒരുപിടി റെക്കോർഡുകൾ
സിഡ്‌നിയില്‍ ജയിക്കാനായാല്‍ നായകനായ ആദ്യ നാലുടെസ്റ്റിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടം രഹാനെയ്ക്ക് സ്വന്തമാക്കാം. 2008ല്‍ അനില്‍ കുംബ്ലെയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ശേഷം തുടര്‍ച്ചയായ നാലു ടെസ്റ്റുകളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച എം.എസ്. ധോണിയുടെ പേരിലാണ് നിലവില്‍ ഈ റെക്കോഡ്.
ഇന്ത്യന്‍ ക്യാപ്റ്റനായി 100 ശതമാനം വിജയമുള്ള നായകനാണ് രഹാനെ. 2017ല്‍ ഓസ്‌ട്രേലിയക്കെതിരെയും 2018ല്‍ അഫ്ഗാനിസ്ഥാനെതിരെയും 2020ല്‍ ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യയെ നയിച്ച ആദ്യ മൂന്നു മത്സരങ്ങളും വിജയിക്കാന്‍ രഹാനെയ്ക്കായിരുന്നു. ഇതോടൊപ്പം 203 റണ്‍സ് കൂടി നേടാനായാല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ 1000 റണ്‍സ് തികയ്ക്കാനും രഹാനെയ്ക്കാകും. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 797 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം.
advertisement
20 മത്സരങ്ങളില്‍ നിന്ന് 1809 റണ്‍സുമായി സച്ചിന്‍ ടെൻഡുല്‍ക്കറാണ് ഈ പട്ടികയില്‍ ഒന്നാമത്. 13 മത്സരങ്ങളില്‍ നിന്ന് 1352 റണ്‍സുമായി വിരാട് കോഹ്ലി, 15 മത്സരങ്ങളില്‍ നിന്ന് 1236 റണ്‍സുമായി വി.വി.എസ് ലക്ഷ്മണ്‍, 14 മത്സരങ്ങളില്‍ നിന്ന് 1143 റണ്‍സുമായി രാഹുല്‍ ദ്രാവിഡ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. വിദേശത്ത് 3000 ടെസ്റ്റ് റണ്‍സെന്ന നേട്ടവും രഹാനെയ്ക്ക് മുന്നിലുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് 40 മത്സരങ്ങളില്‍ നിന്ന് 45.88 ശരാശരിയില്‍ 2891 റണ്‍സ് രഹാനെ സ്വന്തമാക്കിയിട്ടുണ്ട്.
advertisement
ലയണോ അശ്വിനോ?
പിച്ച് സ്പിന്നിനെ തുണച്ചാൽ ശ്രദ്ധിക്കപ്പെടുക ഇന്ത്യൻ നിരയിലെ ആർ. അശ്വിന്റെയും ഓസീസ് നിരയിലെ നതാൻ ലയണിന്റെയും പ്രകടനമാകും. ആദ്യ 2 ടെസ്റ്റുകളിലും ഓസീസ് ബാറ്റ്സ്മാൻമാർക്കെതിരെ ആധിപത്യം നേടാൻ അശ്വിനായി. പരമ്പരയിൽ ഇതുവരെ 10 വിക്കറ്റ് നേടിക്കഴിഞ്ഞു അശ്വിൻ. 2 തവണ സ്റ്റീവ് സ്മിത്തിനെ വീഴ്ത്തിയതും അശ്വിൻതന്നെ. മറുവശത്ത് ലയൺ ഇതുവരെ ഫോമിലേക്കുയർന്നിട്ടില്ല. എന്നാൽ, ഇരുവരും കളിച്ചിട്ടുള്ള 16 ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് ലയണിന്റെ പേരിലാണ്- 81.
advertisement
പരിക്ക് തിരിച്ചടിയാകുമോ?
കൈക്കുഴയ്ക്കു പരുക്കേറ്റ കെ എൽ രാഹുലിനെ ഒഴിവാക്കേണ്ടി വന്നത് ടെസ്റ്റിനു മുൻപ് ഇന്ത്യയ്ക്കു തിരിച്ചടിയായി. ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവർക്കു പിന്നാലെ പരുക്കേറ്റു പുറത്താകുന്ന നാലാമത്തെ ഇന്ത്യൻ താരമാണു രാഹുൽ. ഉമേഷ് യാദവിനു പകരക്കാരനായി ഷാർദൂൽ ഠാക്കൂർ, നവ്ദീപ് സെയ്നി, ടി.നടരാജൻ എന്നിവരിലൊരാൾ ഇറങ്ങും.
കാണികൾക്ക് നിയന്ത്രണം
സിഡ്നിയിൽ കോവിഡ് ഭീഷണിയുള്ളതിനാ‍ൽ 10,000 കാണികൾക്ക് മാത്രമാണു സ്റ്റേഡിയത്തിലേക്കു പ്രവേശനം. സാമൂഹിക അകലം പാലിച്ചു മാത്രമേ കാണികൾക്ക് ഇരിക്കാൻ കഴിയൂ. ഇരുപത്തയ്യായിരത്തോളം കാണികളെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തേയെടുത്ത തീരുമാനം. ആദ്യ 2 ടെസ്റ്റുകൾക്കു വേദിയായ അഡ്‌ലെയ്ഡിലും മെൽബണിലും സ്റ്റേഡിയങ്ങളിലെ പകുതി ഇരിപ്പിടങ്ങളിലേക്കു കാണികളെ പ്രവേശിപ്പിച്ചിരുന്നു.
advertisement
രോഹിത് അടിച്ചുതകർക്കുമോ?
വൈസ് ക്യാപ്റ്റൻ രോഹിത് ശർമ തിരിച്ചെത്തുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുമെന്നുറപ്പ്. ഓപ്പണർ മായങ്ക് അഗർവാളിനോ ഹനുമ വിഹാരിക്കോ ഇടം നഷ്ടമാകും. ഓസീസാകട്ടെ ഡേവിഡ് വാർണറുടെ തിരിച്ചുവരവിലാണ് പ്രതീക്ഷ. ജോ ബേൺസിനു പകരം വാർണർ ഇന്നിങ്സ് ഓപ്പൺ ചെയ്യും. രോഹിത് ശർമയുടെ ബാറ്റിങ് ശൈലി ഓസീസ് വിക്കറ്റുകൾക്കു യോജിച്ചതാണ്. പുതിയ പന്തിനെ അതിജീവിക്കാൻ കഴിഞ്ഞാൽ രോഹിത്തിനു സെഞ്ചുറിയിലേക്കെത്താമെന്നാണ് വിവിഎസ് ലക്ഷ്മൺ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
42 വർഷത്തിനു ശേഷം ഇന്ത്യ ജയിക്കുമോ? ഓസ്ട്രേലിയയുമായി മൂന്നാം ടെസ്റ്റ് സിഡ്നിയിൽ
Next Article
advertisement
കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു
കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു
  • കായിക മത്സരത്തിനിടെ കുഴഞ്ഞുവീണ നാലാം ക്ലാസ് വിദ്യാർത്ഥി ഹസൻ റാസ (11) മരണപ്പെട്ടു.

  • ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ കായിക മത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

  • ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഹസൻ റാസയെ രക്ഷിക്കാനായില്ല, മരണപ്പെടുകയായിരുന്നു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement