യശസ്വി ജയ്സ്വാളിന് ഇരട്ട സെഞ്ചുറി; രണ്ടാം ടെസ്റ്റിൽ ഇന്ത്യ 396ന് പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ടാം ദിവസം ആദ്യ സെഷനിൽ 60 റൺസ് മാത്രമാണ് ഇന്ത്യ കൂട്ടിച്ചേർത്തത്. 277 പന്തുകളില്‍നിന്നാണ് യശസ്വി ഡബിൾ സെഞ്ചുറി തികച്ചത്
വിശാഖപട്ടണം ടെസ്റ്റിൽ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 396ന് ഓൾഔട്ടായി. തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യക്ക് മോശമല്ലാത്ത സ്കോർ സമ്മാനിച്ചത്. ആദ്യദിനമായ വെള്ളിയാഴ്ച മുഴുവന്‍ ക്രീസില്‍ നിന്ന് 179 റണ്‍സടിച്ചെടുത്ത ജയ്‌സ്വാള്‍ ഇന്ന് ഇരട്ടസെഞ്ചുറി (209) പൂര്‍ത്തിയാക്കി പുറത്തായി. ഷൊയ്ബ് ബഷീറിനെ തുടര്‍ച്ചയായ രണ്ട് പന്തില്‍ സിക്‌സും ഫോറും അടിച്ചാണ് ജയ്സ്വാൽ 200 പൂര്‍ത്തിയാക്കിയത്.
ആറിന് 336 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ചത്. രണ്ടാം ദിവസം ആദ്യ സെഷനിൽ 60 റൺസ് മാത്രമാണ് ഇന്ത്യ കൂട്ടിച്ചേർത്തത്. 277 പന്തുകളില്‍നിന്നാണ് യശസ്വി ഡബിൾ സെഞ്ചുറി തികച്ചത്. 290 പന്തുകളിൽനിന്ന് 209 റൺസെടുത്ത് താരം പുറത്തായി. 22 വയസ്സുകാരനായ താരം നേരത്തേ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി കപ്പ് എന്നിവയിലും ഡബിൾ സെഞ്ചുറി അടിച്ചിട്ടുണ്ട്.
രാവിലെ കളി തുടങ്ങി അധികം വൈകാതെ ആർ അശ്വിനെ ഇന്ത്യക്ക് നഷ്ടമായി. 37 പന്തുകളിൽ 20 റൺസെടുത്ത താരത്തെ ജെയിംസ് ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഡബിൾ സെഞ്ചുറി നേടിയതിനു പിന്നാലെ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ ജയ്സ്വാളും മടങ്ങി. ജെയിംസ് ആൻഡേഴ്സന്റെ പന്തിൽ ബൗണ്ടറിക്ക് ശ്രമിച്ച ജയ്സ്വാളിനെ ജോണി ബെയർസ്റ്റോ ക്യാച്ചെടുത്തു പുറത്താക്കി. ജസ്പ്രീത് ബുമ്ര (9 പന്തിൽ 6), മുകേഷ് കുമാർ (പൂജ്യം) എന്നിവർക്കും തിളങ്ങാനായില്ല. 42 പന്തിൽ എട്ടു റൺസുമായി കുൽദീപ് യാദവ് പുറത്താകാതെനിന്നു. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൻ, ഷൊയ്ബ് ബഷീർ, റെഹാൻ അഹമ്മദ് എന്നിവർ 3 വിക്കറ്റുകൾ വീതം വീഴ്ത്തി.
advertisement
രഞ്ജി ട്രോഫി മത്സരങ്ങൾക്കു സമാനമായ ഫ്ലാറ്റ് ട്രാക്ക് പിച്ചായിരുന്നു വിശാഖപട്ടണത്തിലേത്. ഒന്നാം ഇന്നിങ്സിൽ ശരാശരി 478 റൺസ് ചരിത്രമുള്ള പിച്ചിൽ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നിസ്സംശയം ബാറ്റിങ് തിരഞ്ഞെടുത്തു. പിച്ചിൽ കാര്യമായ സ്വിങ്ങോ ടേണോ ഇല്ലാതിരുന്നിട്ടും കരുതലോടെയാണ് ഇന്ത്യൻ ഓപ്പണർമാർ തുടങ്ങിയത്. സ്കോർ 40ൽ നിൽക്കെ, ഇംഗ്ലണ്ടിന്റെ അരങ്ങേറ്റ താരം ഷൊയ്ബ് ബഷീറിന്റെ ലെഗ് സ്റ്റംപിനു പുറത്തേക്കു തിരിഞ്ഞ പന്തിൽ ഗ്ലാൻസിനു ശ്രമിച്ച രോഹിത് ശര്‍മയാണ് (14) ആദ്യം വിക്കറ്റ് വലിച്ചെറിഞ്ഞത്.
advertisement
പിന്നാലെയെത്തിയ ശുഭ്മൻ ഗില്ലിനു നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. പേസർ ജയിംസ് ആൻഡേഴ്സന്റെ ഓഫ് സ്റ്റംപിനു പുറത്തുപോയ പന്തിലേക്ക് ബാറ്റു വച്ച ഗിൽ (34) വിക്കറ്റ് കീപ്പർ ബെൻ ഫോക്സിനു ക്യാച്ച് നൽകി മടങ്ങി. 7 ഇന്നിങ്സിനിടെ ഇത് അഞ്ചാം തവണയാണ് ഗില്ലിനെ ആൻഡേഴ്സൻ പുറത്താക്കുന്നത്. നാലാമനായെത്തിയ ശ്രേയസ് അയ്യരും (27) അരങ്ങേറ്റക്കാരൻ രജത് പാട്ടിദാറും (32) അക്ഷർ പട്ടേൽ (27) കെ എസ്ഭരത് (17) എന്നിവരും നന്നായി തുടങ്ങി അനാവശ്യ ഷോട്ടിലൂടെ പുറത്തായി.
advertisement
ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞ ഇന്ത്യ 3 മാറ്റങ്ങളുമായാണ് ഇറങ്ങിയത്. കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് പകരം രജത് പടിദാര്‍, കുല്‍ദ്വീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. ഒന്നാം ടെസ്റ്റില്‍ കളിച്ച കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റു പിന്മാറിയതുകൊണ്ടാണ് കാര്യമായ മാറ്റത്തിന് അരങ്ങൊരുങ്ങിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Visakhapatnam,Visakhapatnam,Andhra Pradesh
First Published :
February 03, 2024 12:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
യശസ്വി ജയ്സ്വാളിന് ഇരട്ട സെഞ്ചുറി; രണ്ടാം ടെസ്റ്റിൽ ഇന്ത്യ 396ന് പുറത്ത്