അഹ്മദാബാദ്: ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. രണ്ടു ദിവസം പോലും തികയ്ക്കാതിരുന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇംഗ്ലണ്ടിനെതിരെ വിജയലക്ഷ്യമായ 49 റൺസ് വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ മറികടക്കുകയായിരുന്നു. രോഹിത് ശർമ്മ 25 റൺസോടെയും ശുഭ്മാൻ ഗിൽ 15 റൺസോടെയും പുറത്താകാതെ നിന്നു. ഈ ജയത്തോടെ നാലു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. അടുത്ത മത്സരത്തിൽ തോൽക്കാതിരുന്നാൽ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്‍റെ ഫൈനലിലെത്താം.
ആദ്യ ഇന്നിംഗ്സിൽ തനിയാവർത്തനമായി അക്ഷർ പട്ടേലും ആർ അശ്വിനും ആഞ്ഞടിച്ചതോടെ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് 81 റൺസിന് അവസാനിച്ചു. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെതിരെ വലിയ ലീഡ് പ്രതീക്ഷിച്ച ഇന്ത്യയെ നായകൻ ജോ റൂട്ടും കൂട്ടരും ചേർന്ന് 145ൽ എറിഞ്ഞു ഒതുക്കി. ഇതോടെ മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകളാണ് അക്ഷർ പട്ടേലും അശ്വിനും ചേർന്നു എറിഞ്ഞു തകർത്തത്. അക്ഷർ പട്ടേൽ അഞ്ചു വിക്കറ്റെടുത്തപ്പോൾ അശ്വിൻ 4 വിക്കറ്റ് സ്വന്തമാക്കി. 25 റൺസെടുത്ത ബെൻ സ്റ്റോക്ക്സ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്.
Also Read-
മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര്; ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തുഇംഗ്ലണ്ടിനെ 112 റൺസിന് പുറത്താക്കിയ ഇന്ത്യ ഇന്ന് 145 റൺസിന് പുറത്തായതോടെ മൂന്നാം ടെസ്റ്റ് ആവേശകരമായി മാറുകയായിരുന്നു. അഞ്ചുവിക്കറ്റെടുത്ത ജോ റൂട്ടിന്‍റെയും നാലുവിക്കറ്റെടുത്ത ജാക്ലീഷിന്റെയും സ്പിൻ ബോളിങ്ങിന് മുന്നിലാണ് പുകൾപെറ്റ ഇന്ത്യൻ ബാറ്റിങ് നിരയും തകർന്നടിഞ്ഞത്. വമ്പൻ ലീഡ് നേടി മത്സരം കൈപ്പിടിയിലാക്കാമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയായപ്പോൾ ഇന്ത്യയ്ക്ക് ലഭിച്ചത് 33 റൺസിന്‍റെ മാത്രം ഒന്നാം ഇന്നിംഗ്സ് ലീഡ്.
മൂന്നിന് 99 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് ഏഴ് റണ്‍സെടുത്ത അജിന്‍ക്യ രഹാനെയെയാണ്. തൊട്ടുപിന്നാലെ തലേദിവസം അനായാസകരമായി ബാറ്റുവീശിയ രോഹിത് ശര്‍മ 66 റൺസെടുത്ത് പുറത്തായി. ഇരുവരെയും ജാക്ക് ലീഷ് വിക്കറ്റിന് മുമ്പില്‍ കുടുക്കുകയായിരുന്നു. പിച്ച് സ്പിന്നര്‍മാരെ തുണക്കുന്നതാണെന്ന് മനസ്സിലാക്കി പന്ത് കൈയ്യിലെടുത്ത ഇംഗ്ലീഷ് നായകന്‍ ജോറൂട്ട് ഇന്ത്യൻ ബാറ്റിങ് നിരയുടെ കഥ കഴിക്കുന്നതാണ് പിന്നീട് കണ്ടത്. ഉറച്ച പിന്തുണയുമായി ജാക്ക് ലീഷും ചേർന്നതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് 145ന് അവസാനിക്കുകയായിരുന്നു.
റിഷഭ് പന്ത് (ഒന്ന്), വാഷിങ്ടണ്‍ സുന്ദര്‍ (പൂജ്യം, അക്ഷർ പട്ടേല്‍ (0), ജസ്പ്രീത് ബുംറ (1) എന്നിവരെ റൂട്ട് പുറത്താക്കി. രണ്ടാം ടെസ്റ്റിൽ സെഞ്ച്വറിയുമായി ഇന്ത്യയുടെ വിജയശിൽപിയായി മാറിയ ആർ അശ്വിൻ ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ റൂട്ടിന് മുന്നിൽ വീണു. 17 റണ്‍സാണ് ആര്‍. അശ്വിൻ നേടിയത്.
അതേസമയം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടുന്നതായിരുന്നു പുതുക്കി പണിത മോട്ടരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ആദ്യ പിങ്ക്‌ബോള്‍ ടെസ്റ്റ്. ടെസ്റ്റിന്‍റെ ആദ്യം ദിനം 13 വിക്കറ്റുകളാണ് വീണത്. ഇത് നാലാം തവണയാണ് ഒരു ടെസ്റ്റില്‍ ആദ്യ ദിനത്തില്‍ തന്നെ 13 വിക്കറ്റുകള്‍ വീഴുന്നത്. എന്നാല്‍ ഏറ്റവും കുറവ് റണ്‍സ് സ്കോര്‍ ചെയ്യുകയും 13 വിക്കറ്റ് വീഴുകയും ചെയ്‌തതോടെയാണ് മോട്ടേര റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. മോട്ടേരയിലെ ആദ്യ ദിനത്തില്‍ 13 വിക്കറ്റുകള്‍ വീണപ്പോള്‍ 211 റണ്‍സാണ് രണ്ട് ടീമുകളും കൂടി നേടിയത്. 2018ല്‍ ഓക്‌ലന്‍ഡില്‍ നടന്ന ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് പിങ്ക് ബോള്‍ ടെസ്റ്റിലും ആദ്യ ദിനം 13 വിക്കറ്റുകള്‍ വീണിരുന്നു. 233 റണ്‍സാണ് അന്ന് ആദ്യ ദിനം സ്കോര്‍ ചെയ്‌തത്. മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയ അക്‌സര്‍ പട്ടേലാണ് ഇംഗ്ലണ്ടിനെ തകർത്തത്. 21.4 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു അക്‌സറിന്റെ 6 വിക്കറ്റ് നേട്ടം. അശ്വിന്‍ 3 വിക്കറ്റ് വീഴ്‌ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.